sections
MORE

വാർണറിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കി; ഹൈദരാബാദിനെ ഇനി വില്യംസൻ നയിക്കും

williamson-warner
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെ കെയ്ൻ വില്യംസനും ഡേവിഡ് വാർണറും (ട്വിറ്റർ ചിത്രം)
SHARE

ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസൺ പുരോഗമിക്കുന്നതിനിടെ, ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പുറത്താക്കി സൺറൈസേഴ്സ് ഹൈദരാബാദ്. പകരം ന്യൂസീലൻഡ് ക്യാപ്റ്റൻ കൂടിയായ കെയ്ൻ വില്യംസന് ടീമിന്റെ ചുമതല കൈമാറി. ടീമിനെ വർഷങ്ങളായി നയിച്ചുകൊണ്ടിരിക്കുന്ന, ഒരു തവണ കിരീടവിജയത്തിലേക്കും നയിച്ച വാർണറിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയ തീരുമാനം അത്ര എളുപ്പമായിരുന്നില്ലെന്ന് ടീം പ്രസ്താവനയിൽ അറിയിച്ചു. ഈ സീസണിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് വാർണറിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയത്.

ഈ സീസണിൽ ഇതിനകം ആറു മത്സരങ്ങൾ പൂർത്തിയാക്കി സൺറൈസേഴ്സ് ഹൈദരാബാദ്, ഒരേയൊരു ജയവും അഞ്ച് തോൽവിയും സഹിതം രണ്ടു പോയിന്റുമായി അവസാന സ്ഥാനത്താണ്. ഈ സാഹചര്യത്തിലാണ് വാർണറിനു പകരം വില്യംസനെ ക്യാപ്റ്റനായി പരീക്ഷിക്കാൻ ഹൈദരാബാദ് ടീം തീരുമാനിച്ചത്. ടീമിലെ വിദേശ താരങ്ങളുടെ കോംബിനേഷനിൽ മാറ്റമുണ്ടാകുമെന്നും ഹൈദരാബാദ് ടീം അറിയിച്ചു.

‘കഴിഞ്ഞ വർഷങ്ങളായി ഈ ടീമിൽ ഡേവിഡ് വാർണർ ചെലുത്തിയ സ്വാധീനം പരിഗണിക്കുമ്പോൾ ഇങ്ങനെയൊരു തീരുമാനം അത്ര അനായാസമായിരുന്നില്ല. വിജയവഴിയിലെത്താനുള്ള ഹൈദരാബാദിന്റെ ശ്രമങ്ങൾക്ക് കളത്തിനകത്തും പുറത്തും കരുത്തു പകരാൻ വാർണർ തുടർന്നുമുണ്ടാകുമെന്ന് ഞങ്ങൾക്ക് ഉറച്ച പ്രതീക്ഷയുണ്ട്’ – ക്ലബ് പ്രസ്താവനയിൽ അറിയിച്ചു. ഞായറാഴ്ച നടക്കുന്ന രാജസ്ഥാനെതിരായ മത്സരം മുതലാണ് വില്യംസൻ ടീമിന്റെ ചുമതലയേറ്റെടുക്കുക.

കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലെ തോൽവിയോടെയാണ് വാർണറിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചത്. ഈ മത്സരത്തിൽ വാർണറിന്റെ മന്ദഗതിയിലുള്ള ബാറ്റിങ് കടുത്ത വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. ടീമിന്റെ തോൽവിയുടെ ഉത്തരവാദിത്തം വാർണർ ഏറ്റെടുക്കുകയും ചെയ്തു. അതിനു മുന്‍പുള്ള മത്സരത്തിൽ മനീഷ് പാണ്ഡെയെ കളിപ്പിക്കാതിരുന്ന തീരുമാനം സിലക്ടർമാരുടെ പിഴവാണെന്നും വാർണർ തുറന്നടിച്ചിരുന്നു.

2018, 2019 സീസണുകളിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നയിച്ചിട്ടുള്ള താരമാണ് വില്യംസൻ. 2018ൽ പന്തു ചുരണ്ടൽ വിവാദത്തെ തുടർന്ന് വാർണറിനെ ക്രിക്കറ്റിൽനിന്ന് വിലക്കിയതോടെയാണ് വില്യംസന് ക്യാപ്റ്റൻ സ്ഥാനം ലഭിച്ചത്. ആ സീസണിൽ ടീമിനെ ഫൈനലിലെത്തിച്ച വില്യംസൻ, 735 റൺസുമായി ടോപ് സ്കോററുമായി. 2019 സീസണിലും ടീമിനെ നയിച്ച വില്യംസൻ ടീമിനെ നാലാം സ്ഥാനത്തെത്തിച്ചു. പിന്നീട് എലിമിനേറ്ററിൽ തോറ്റാണ് സൺറൈസേഴ്സ് പുറത്തായത്. 2020 സീസണിനു മുന്നോടിയായി ഡേവിഡ് വാർണർ തിരിച്ചെത്തിയതോടെ ഹൈദരാബാദിന്റെ ക്യാപ്റ്റൻ ചുമതല വാർണറിനു ലഭിച്ചു.

English Summary: Kane Williamson handed SRH captaincy for remainder of IPL 2021

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA