ADVERTISEMENT

ന്യൂഡൽഹി∙ ആവേശം വാനോളമുയർന്ന ഐപിഎൽ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. റണ്ണൊഴുക്കു കൊണ്ട് ശ്രദ്ധേയമായ മത്സരത്തിൽ കയ്റൺ പൊള്ളാർഡിന്റെ ഐതിഹാസിക പോരാട്ടമാണ് മുംബൈയ്ക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 218 റൺസ്. മറുപടി ബാറ്റിങ്ങിൽ അവസാന പന്തിലെ ഡബിളിൽ, നാലു വിക്കറ്റ് ബാക്കിനിർത്തി മുംബൈ വിജയത്തിലെത്തി. 34 പന്തിൽ ആറു ഫോറും എട്ടു പടുകൂറ്റൻ സിക്സറുകളും സഹിതം 87 റൺസുമായി പുറത്താകാതെ നിന്ന പൊള്ളാർഡിന്റെ ഇന്നിങ്സാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. ലുങ്കി എൻഗിഡി എറിഞ്ഞ അവസാന ഓവറിൽ വിജയത്തിലേക്ക് 16 റൺസ് വേണ്ടിയിരുന്നെങ്കിലും ധവാൽ കുൽക്കർണിയെ കാഴ്ചക്കാരനാക്കി ഒരു സിക്സും രണ്ടു ഫോറും അവസാന പന്തിലെ ഡബിളും സഹിതം പൊള്ളാർഡ് മുംബൈയെ ലക്ഷ്യത്തിലെത്തിച്ചു. 17–ാം ഓവറിൽ പൊള്ളാർഡ് നൽകിയ അനായാസ ക്യാച്ച് ഫാഫ് ഡുപ്ലേസി കൈവിട്ടതും മത്സരഫലത്തിൽ നിർണായകമായി.

മത്സരത്തിലെ അവസാന 10 ഓവറിൽ മുംബൈ അടിച്ചെടുത്ത 138 റൺസ്, ഐപിഎൽ ചരിത്രത്തിൽ വിജയകരമായ റൺചേസിങ്ങിൽ ഒരു ടീം നേടുന്ന ഉയർന്ന സ്കോറാണ്. 2019ൽ മുംബൈയിൽ പഞ്ചാബിനെതിരെ മുംബൈ തന്നെ അടിച്ചെടുത്ത 133 റൺസിന്റെ റെക്കോർഡാണ് വഴിമാറിയത്. അന്നും പൊള്ളാർഡ് 31 പന്തിൽ 83 റൺസെടുത്തു. ഓപ്പണർമാരായ ക്വിന്റൻ ഡികോക്ക് (28 പന്തിൽ 38), രോഹിത് ശർമ (24 പന്തിൽ 35), ക്രുണാൽ പാണ്ഡ്യ (23 പന്തിൽ 32), ഹാർദിക് പാണ്ഡ്യ (ഏഴു പന്തിൽ 16) എന്നിവരുടെ പ്രകടനങ്ങളും മുംബൈ വിജയത്തിൽ നിർണായകമായി. നാലാം വിക്കറ്റിൽ ക്രുണാൽ പാണ്ഡ്യയ്‌ക്കൊപ്പം 41 പന്തിൽ 89, അഞ്ചാം വിക്കറ്റിൽ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം 13 പന്തിൽ 32, പിരിയാത്ത ഏഴാം വിക്കറ്റിൽ ധവാൽ കുൽക്കർണിക്കൊപ്പം ആറു പന്തിൽ 16 റൺസ് എന്നിങ്ങനെ കൂട്ടിച്ചേർത്താണ് പൊള്ളാർഡ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. ചെന്നൈ ബോളർമാരിൽ തിളങ്ങിയത് നാല് ഓവറിൽ 34 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത സാം കറൻ. മൊയീൻ അലി ഒരു ഓവറിൽ ഒരു റൺ വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

ചെന്നൈ ഉയർത്തിയ 219 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത മുംബൈയ്ക്ക് ഓപ്പണർമാരായ രോഹിത് ശർമയും ക്വിന്റൻ ഡികോക്കും ചേർന്ന് സമ്മാനിച്ചത് തകർപ്പൻ തുടക്കം. ആദ്യ പന്തു മുതൽ ആക്രമണം തുടങ്ങിയ ഇരുവരും 7.4 ഓവറിൽ കൂട്ടിച്ചേർത്തത് 71 റൺസ്. അതായത് 46 പന്തിൽ 71 റൺസ്. രോഹിത് ശർമയെ ഋതുരാജ് ഗെയ്ക്‌വാദിന്റെ കൈകളിലെത്തിച്ച് ഷാർദുൽ ഠാക്കൂറാണ് കൂട്ടുകെട്ട് പൊളിച്ചത്. 24 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 35 റൺസെടുത്താണ് രോഹിത് മടങ്ങിയത്.

പിന്നാലെ തുടർച്ചയായി രണ്ടു വിക്കറ്റുകൾ കൂടി നിലംപൊത്തിയതോടെ മുംബൈ സമ്മർദ്ദത്തിലായി. രോഹിത് ശർമയുടേത് ഉൾപ്പെടെ 11 റൺസിന്റെ ഇടവേളയിൽ വീണത് മൂന്നു വിക്കറ്റുകൾ. മൂന്നു പന്തിൽ മൂന്നു റൺസെടുത്ത സൂര്യകുമാർ യാദവിനെ രവീന്ദ്ര ജഡേജ ധോണിയുടെ കൈകളിലെത്തിക്കുമ്പോൾ മുംബൈ സ്കോർ 77. പിന്നാലെ 28 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 38 റൺസുമായി ഡികോക്കും പുറത്തായി. സ്വന്തം ബോളിങ്ങിൽ ക്യാച്ചെടുത്ത് മൊയീൻ അലിയാണ് ഡികോക്കിനെ പുറത്താക്കിയത്.

എന്നാൽ, നാലാം വിക്കറ്റിൽ ക്രീസിൽ ഒരുമിച്ച ക്രുണാൽ പാണ്ഡ്യയും പൊള്ളാർഡും ചേർന്ന് വീണ്ടും മുംബൈയ്ക്ക് ജീവൻ പകർന്നു. പൊള്ളാർഡ് തുടക്കം മുതലേ തകർത്തടിച്ചപ്പോൾ, സപ്പോർട്ടിങ് റോളായിരുന്നു പാണ്ഡ്യയ്ക്ക്. വെറും 17 പന്തിലാണ് പൊള്ളാർഡ് അർധസെഞ്ചുറി പിന്നിട്ടത്. പതുക്കെ ക്രുണാൽ പാണ്ഡ്യയും ആക്രമണത്തിന് തുനിഞ്ഞതോടെ റൺനിരക്ക് ഉയർന്നു. സാം കറന്റെ പന്തിൽ എൽബിയിൽ കുരുങ്ങി പാണ്ഡ്യ പുറത്തായെങ്കിലും അപ്പോഴേക്കും സ്കോർ 170ൽ എത്തിയിരുന്നു. നാലാം വിക്കറ്റിൽ 41 പന്തിൽ ഇരുവരും അടിച്ചുകൂട്ടിയത് 89 റൺസ്!

ക്രുണാലിനു പിന്നാലെയെത്തിയ ഹാർദിക് പാണ്ഡ്യയും തകർത്തടിച്ചതോടെ മുംബൈ 200 കടന്നു. ഏഴു പന്തിൽ രണ്ടു സിക്സറുകൾ സഹിതം 16 റൺസെടുത്ത അനിയൻ പാണ്ഡ്യയെയും സാം കറൻ തന്നെ മടക്കി. പിന്നാലെ ജിമ്മി നീഷമിനെ സം‘പൂജ്യ’നാക്കി സാം കറൻ അടുത്ത പ്രഹരവുമേൽപ്പിച്ചു. എന്നാൽ പൊള്ളാർഡിന്റെ കടന്നാക്രമണം മുംബൈയെ വിജയതീരത്തെത്തിച്ചു.

∙ അമ്പാട്ടി ‘ഷോ’

നേരത്തെ, ജസ്പ്രീത് ബുമ്ര ഐപിഎൽ കരിയറിലെ ഏറ്റവും മോശം ബോളിങ് പ്രകടനവുമായി നിരാശപ്പെടുത്തിയ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനു മുന്നിൽ ചെന്നൈ ഉയർത്തിയത് 219 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം. ബുമ്ര നാല് ഓവറിൽ വഴങ്ങിയത് 56 റൺസ്. വീഴ്ത്തിയത് ഒരേയൊരു വിക്കറ്റും. 27 പന്തിൽ നാലു ഫോറും ഏഴു പടുകൂറ്റൻ സിക്സറുകളും സഹിതം 72 റൺസുമായി പുറത്താകാതെ നിന്ന അമ്പാട്ടി റായുഡുവിന്റെ ഐതിഹാസിക പ്രകടനമാണ് ചെന്നൈയ്ക്ക് കരുത്തായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 218 റൺസ് നേടിയത്.

ചെന്നൈയ്ക്കായി റായുഡുവിനു പുറമെ ഓപ്പണർ ഫാഫ് ഡുപ്ലേസി, മൊയീൻ അലി എന്നിവരും അർധസെഞ്ചുറി നേടി. ഫാഫ് ഡുപ്ലേസി 28 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതം 50 റൺസെടുത്തു. മൊയീൻ അലി 36 പന്തിൽ അഞ്ച് വീതം സിക്സും ഫോറും സഹിതം 58 റൺസുമെടുത്തു. രണ്ടാം വിക്കറ്റിൽ വെറും 61 പന്തിൽനിന്ന് 108 റൺസടിച്ചുകൂട്ടിയ അലി – ഡുപ്ലേസി സഖ്യത്തിന്റെയും പിരിയാത്ത അഞ്ചാം വിക്കറ്റിൽ വെറും 49 പന്തിൽനിന്ന് 102 റൺസടിച്ചുകൂട്ടിയ ‌രവീന്ദ്ര ജഡേജ – അമ്പാട്ടി റായുഡു സഖ്യത്തിന്റെ സെഞ്ചുറി കൂട്ടുകെട്ടുമാണ് ചെന്നൈയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

ഇടയ്ക്ക് നാലു റൺസിന്റെ ഇടവേളയിൽ മൂന്നു വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായെങ്കിലും, അവസാന ഓവറുകളിൽ തകർത്തടിച്ച അമ്പാട്ടി റായുഡു അവരെ കാത്തു. രവീന്ദ്ര ജഡേജ 22 പന്തിൽ രണ്ടു ഫോറുകളോടെ 22 റൺസുമായി പുറത്താകാതെ നിന്നു. ചെന്നൈ നിരയിൽ നിരാശപ്പെടുത്തിയത് നാലു പന്തിൽ ഒരേയൊരു ഫോർ സഹിതം നാലു റൺസെടുത്ത ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ്, നാലു പന്തിൽ രണ്ടു റൺസെടുത്ത സുരേഷ് റെയ്ന എന്നിവർ മാത്രം.

സ്കോർ ബോർഡിൽ നാലു റൺസ് മാത്രമുള്ളപ്പോൾ ഇൻ ഫോം ബാറ്റ്സ്മാൻ ഋതുരാജ് ഗെയ്ക്‌വാദിനെ നഷ്ടമായ ചെന്നൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഇന്നിങ്സിലെ നാലാം പന്തിലാണ് ഗെയ്ക്‌വാദ് മടങ്ങിയത്. പിന്നീട് രണ്ടാം വിക്കറ്റിൽ തകർത്തടിച്ച ഫാഫ് ഡുപ്ലേസി – മൊയീൻ അലി സഖ്യമാണ് ചെന്നൈ ഇന്നിങ്സിന് അടിത്തറയിട്ടത്. ഇരുവരും തകർത്തടിച്ച് ചെന്നൈയ്ക്കായി സെഞ്ചുറി കൂട്ടുകെട്ടു തീർത്തു. വെറും 61 പന്തിൽനിന്ന് ഡുപ്ലേസി – മൊയീൻ അലി സഖ്യം അടിച്ചുകൂട്ടിയത് 108 റൺസാണ്!

സ്കോർ 112ൽ നിൽക്കെ മൊയീൻ അലിയെ പുറത്താക്കി ജസ്പ്രീത് ബുമ്രയാണ് കൂട്ടുകെട്ട് പൊളിച്ചത്. ക്വിന്റൻ ഡികോക്ക് ക്യാച്ചെടുത്തു. തൊട്ടടുത്ത ഓവറിൽ കയ്റൺ പൊള്ളാർഡ് ആദ്യം ഡുപ്ലേസിയെയും പിന്നാലെ സുരേഷ് റെയ്നയെയും പുറത്താക്കിയതോടെ ചെന്നൈയ്ക്ക് നഷ്ടമായത് നാലു റൺസിനിടെ മൂന്നു വിക്കറ്റ്. ഇതോടെ ചെന്നൈ തകർച്ചയിലേക്കാണെന്ന തോന്നലുയർന്നു.

എന്നാൽ, അഞ്ചാമനായെത്തിയ അമ്പാട്ടി റായുഡു തന്റെ പഴയ ടീമിനെതിരെ യാതൊരു ദയയും കാട്ടിയില്ല. സ്പിൻ, പേസ് വ്യത്യാസമില്ലാതെ മുംബൈ ബോളർമാരെ കടന്നാക്രമിച്ച റായുഡു, വെറും 20 പന്തിൽനിന്ന് അർധസെഞ്ചുറി തികച്ചു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ രവീന്ദ്ര ജഡേജയ്ക്കൊപ്പം റായുഡു കൂട്ടിച്ചേർത്തത് വെറും 49 പന്തിൽ 102 റൺസ്. റായുഡു 27 പന്തിൽ നാലു ഫോറും ഏഴു സിക്സും സഹിതം 72 റൺസോടെയും പുറത്താകാതെ നിന്നു. ജഡേജ 22 പന്തിൽ രണ്ടു ഫോറുകൾ സഹിതം 22 റൺസുമായി പുറത്താകാതെ നിന്നു.

∙ ഐപിഎലിൽ ബുമ്രയുടെ ഏറ്റവും മോശം പ്രകടനങ്ങൾ

56 – ചെന്നൈയ്ക്കെതിരെ ഡൽഹിയിൽ, 2021 *
55 – ഡൽഹി ക്യാപിറ്റൽസിനെതിരെ ഡൽഹിയിൽ, 2015
52 – ബാംഗ്ലൂരിനെതിരെ മുംബൈയിൽ, 2015
45 – ഗുജറാത്ത് ലയൺസിനെതിരെ മുംബൈയിൽ 2017

English Summary: Mumbai Indians vs Chennai Super Kings, 27th Match - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com