sections
MORE

ഫോംഔട്ടെങ്കിൽ പരിശീലനത്തിന് പോലും മടി; പൃഥ്വി ഷായ്‌ക്ക് സംഭവിച്ച മാറ്റങ്ങളുടെ കഥ

Prithvi-Shaw-century
പൃഥ്വി ഷാ
SHARE

ഒരു പൊടിക്ക് ലാറ, ഒരു പൊടിക്ക് സച്ചിൻ, ഒരു പൊടിക്ക് സേവാഗ്- പൃഥ്വി ഷാ എന്ന ക്രിക്കറ്ററെ ആറ്റിക്കുറുക്കിയ ഈ സമവാക്യം കണ്ടുപിടിച്ചത് ഇന്ത്യൻ ടീം പരിശീലകനായ രവി ശാസ്ത്രിയാണ്. അളവറ്റ ഈ പ്രശംസയ്ക്ക് ശാസ്ത്രി കേട്ട പരിഹാസത്തിനു കയ്യും കണക്കുമില്ല. ഏറ്റവും ഒടുവിൽ ഓസ്ട്രേലിയൻ പരമ്പരയിൽ ഷാ ദയനീയമായി പരാജയപ്പെട്ടെങ്കിലും ശാസ്ത്രി വാക്കു മാറ്റിയില്ല. കാരണം ഏറ്റവും മോശമായി കളിച്ച കാലത്തും ക്രിക്കറ്റ് നിരീക്ഷകർ പറഞ്ഞ ഒന്നുണ്ട്-  ഈ അഞ്ചടി നാലിഞ്ചുകാരന്റെ ബാറ്റിൽ നിന്നു പായുന്ന ഷോട്ടുകളിൽ പ്രതിഭയുടെ കയ്യൊപ്പുണ്ട്.

ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഷായുടെ മിന്നൽ ബാറ്റിങ്ങിനു ശേഷം (41 പന്തിൽ 82) സംശയദൃക്കുകൾ പോലും സമ്മതിച്ചു തരുന്ന കാര്യം. പവർപ്ലേ ഓവറുകളെ ഷായെപ്പോലെ മുതലെടുത്ത മറ്റൊരു താരവും ഈ ഐപിഎലിലില്ല. ഇന്ത്യൻ താരം മുഹമ്മദ് ഷമി മുതൽ അണ്ടർ-19 ഇന്ത്യൻ ടീമിൽ സഹതാരമായിരുന്ന ശിവം മാവി വരെ ആദ്യ 6 ഓവറുകളിൽ ഷായുടെ അടി കൊണ്ടു. 

ഇരുപത്തൊന്നുകാരൻ ഷായുടെ രണ്ടാം വരവാണ് ഈ ഐപിഎൽ. കഴിഞ്ഞ ഐപിഎലിൽ, ഫോംഔട്ടാണെങ്കിൽ നെറ്റ്സിൽ പരിശീലിക്കാൻ പോലും ഷാ തയാറാകുന്നില്ല എന്ന് വെളിപ്പെടുത്തിയത് ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിങ്ങാണ്. കുറച്ചു കാലം ഷായെ വെറുതെ വിട്ട പോണ്ടിങ് ഒടുവിൽ പറ‍ഞ്ഞു- ‘മതി, നിന്റെ തിയറി ഫലിക്കുന്നില്ല. ഇനി എന്റെ തിയറി നോക്കാം. നെറ്റ്സിലേക്കു വാ..!’ 

തെറ്റിത്തെറിച്ചു നടന്നപ്പോഴും ഇങ്ങനെ കൂടെക്കൂട്ടിയ ചിലരാണ് കഴിഞ്ഞ ഓസീസ് പരമ്പരയ്ക്കു ശേഷവും ഷായെ വീണ്ടെടുത്തത്.ബൗൺസുള്ള പിച്ചുകളിൽ മുതൽക്കൂട്ടാകും എന്ന കണക്കുകൂട്ടലിലാണ് ടീം ഇന്ത്യ ഷായെ ഓസ്ട്രേലിയൻ പര്യടനത്തിനു കൂടെക്കൂട്ടിയത്. എന്നാൽ അഡ്‌ലെയ്‌ഡിലെ ആദ്യ ടെസ്റ്റോടെ തന്നെ ആ പ്രതീക്ഷ തീർന്നു. ആദ്യ ഇന്നിങ്സിൽ ഡക്ക്, രണ്ടാം ഇന്നിങ്സിൽ വെറും 4 റൺസ്. രണ്ടു വട്ടവും ബാറ്റിനും പാഡിനുമിടയിലൂടെ പോയ പന്ത് സ്റ്റംപെടുത്തു. ഇന്ത്യ ഐതിഹാസിക ജയം നേടിയ പരമ്പരയിലെ പിന്നീടുള്ള  മത്സരങ്ങളിലൊന്നും ഷായ്ക്ക് അവസരം കിട്ടിയതുമില്ല.  

 ഇംഗ്ലണ്ടിനെതിരെ ഇന്ത്യയിൽ നടന്ന പരമ്പരയിൽ ടീമിലിടം കിട്ടാതെ വന്നതോടെ ഷാ പോയത് ഡൽഹി ക്യാപിറ്റൽസ് സഹപരിശീലകൻ പ്രവീൺ ആമ്രെയുടെ അടുത്തേക്കാണ്. ആഭ്യന്തര ഏകദിന ടൂർണമെന്റായ വിജയ് ഹസാരെ ചാംപ്യൻഷിപ്പിനു മുൻപ് അവർക്ക് ഒറ്റയ്ക്കു കിട്ടിയത് 5 ദിവസം മാത്രമാണ്.  ആദ്യദിനം ഷായുടെ ബാറ്റിങ്ങ് പല ആംഗിളുകളിൽ നിന്നു പകർത്തിയ ആമ്രെ പിന്നീടുള്ള ദിവസങ്ങളിൽ അതിന്റെ പരിഹാരക്രിയകൾ നിർദ്ദേശിച്ചു.

 അതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ഷാ വിജയ് ഹസാരെയിലെ  8 ഇന്നിങ്സുകളിലായി നേടിയത് 827 റൺസ്! 

അതേ പ്രകടനം ഐപിഎലിലേക്കും കൊണ്ടു വന്ന ഷാ ചെന്നൈയ്ക്കെതിരെ ആദ്യ മത്സരത്തിൽ നേടിയത് 38 പന്തിൽ 72 റൺസ്, പഞ്ചാബിനെതിരെ 17 പന്തിൽ 32, ഹൈദരാബാദിനെതിരെ 39 പന്തിൽ 53, കൊൽക്കത്തയ്ക്കെതിരെ സീസണിലെ അതിവേഗ അർധ സെഞ്ചുറിയും!

 മുംബൈയും ഡൽഹിയും കടന്ന ഷായെ ആരാധകർ ഇനി പ്രതീക്ഷിക്കുന്നത് ഈ വർഷം ഇന്ത്യ ആതിഥ്യമരുളുന്ന ട്വന്റി20 ലോകകപ്പിലാണ്. അവിടെ പവർപ്ലേ ഓവറുകളിൽ അടിച്ചു തകർക്കാൻ ഒരറ്റത്ത് ഷാ ഉണ്ടാവണം; വീരേന്ദർ സേവാഗിനെപ്പോലെ!

Prithvi-Shaw-and-Shivam-Mavi

എന്നോട് ഇങ്ങനെ ചെയ്യാമോ..?!

ഡൽഹി – കൊൽക്കത്ത മത്സരത്തിനു ശേഷം പൃഥ്വി ഷായുടെ കൈ പിടിച്ചു തിരിക്കുന്ന കൊൽക്കത്ത ബോളർ ശിവം മാവി. മാവിയുടെ ആദ്യ ഓവറിലെ 6 പന്തുകളും ഷാ ബൗണ്ടറി കടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരുടെയും സംഭാഷണം. അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗങ്ങളായിരുന്ന പൃഥ്വി ഷായും ശിവം മാവിയും അടുത്ത സുഹൃത്തുക്കളുമാണ്.

English Summary: Prithvi Shaw's shock and awe at the IPL

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA