ADVERTISEMENT

കറാച്ചി∙ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് ഉടനെയൊന്നും സമ്പൂർണമായി വിരമിക്കാനുദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്റെ വെറ്ററൻ താരം ശുഐബ് മാലിക്ക്. ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുടെ ഭർത്താവ് കൂടിയായ മാലിക്ക്, ഉടൻ വിരമിക്കുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് വൃത്തങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി താരം രംഗത്തെത്തിയത്. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽനിന്ന് മുൻപേ വിരമിച്ച മുപ്പത്തൊൻപതുകാരനായ മാലിക്ക്, ട്വന്റിയിൽ മാത്രമാണ് ഇപ്പോഴും സജീവമായി നിൽക്കുന്നത്.

രാജ്യാന്തര വേദിയിൽ ഇതുവരെ 116 ട്വന്റി20 മത്സരങ്ങൾ കളിച്ച മാലിക്ക് 2335 റൺസും 28 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ട്വന്റി20 ഫോർമാറ്റിൽ കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരമെന്ന റെക്കോർഡും മാലിക്കിനു സ്വന്തം. ട്വന്റി20യിലാകെ 37.06 ശരാശരിയിൽ 10,488 റൺസാണ് മാലിക്കിന്റെ സമ്പാദ്യം. ക്രിസ് ഗെയ്ൽ (13,885), കയ്റൺ പൊള്ളാർഡ് (10,710) എന്നിവർ മാത്രമാണ് മാലിക്കിനു മുന്നിലുള്ളത്.

അതേസമയം, ഇപ്പോഴും ട്വന്റി20യിൽ സജീവമാണെങ്കിലും കഴിഞ്ഞ സെപ്റ്റംബർ മുതൽ താരത്തെ പാക്കിസ്ഥാന്റെ ദേശീയ ടീമിൽ ‍ഉൾപ്പെടുത്തിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് താരത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിച്ചതെന്നു കരുതുന്നു.

‘വിരമിക്കലിനേക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ലു പോലുമില്ല എന്നതാണ് വാസ്തവം. ഇപ്പോൾ വിരമിക്കാൻ എനിക്കു പദ്ധതിയുമില്ല. ഇപ്പോഴും ഞാൻ പൂർണമായും ഫിറ്റാണ്. എനിക്ക് ബോൾ ചെയ്യാനും ബാറ്റു ചെയ്യാനും യാതൊരു കുഴപ്പവുമില്ല’ – മാലിക്ക് പറഞ്ഞു.

‘ഞാൻ ചില ട്വന്റി20 ലീഗുകളിൽ രണ്ടു വർഷത്തെ കരാർ ഒപ്പിട്ടത് അടുത്തിടെയാണ്. ലോകകപ്പ് കഴിഞ്ഞിട്ടാണെങ്കിൽക്കൂടി ഞാൻ വിരമിക്കുമെന്ന ഇപ്പോഴത്തെ അഭ്യൂഹങ്ങൾക്ക് എന്ത് അടിസ്ഥാനമാണുള്ളത്?’ – മാലിക്ക് ചോദിച്ചു.

‘പ്രധാന ഏരിയകളിൽ ഫീൽഡ് ചെയ്യാൻ എനിക്കിപ്പോഴും കഴിയും. എനിക്ക് ഡബിൾ ഓടാനും എതിരാളികളുടെ ഡബിൾ ശ്രമം തടയാനും കഴിയും. ഉദ്ദേശിക്കുന്ന സ്ഥലത്തുതന്നെ ബോൾ ചെയ്യാൻ യാതൊരു പ്രശ്നവുമില്ല. ബാറ്റിങ്ങിലും പ്രശ്നമില്ല. കായികക്ഷമതയിൽ ഇപ്പോഴും ഞാൻ മുൻപന്തിയിലാണ്’ – മാലിക്ക് പറഞ്ഞു.

English Summary: I have no plans to retire now because I am fit, can bat and bowl: Shoaib Malik

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com