sections
MORE

മോഗയിലെ രാജകുമാരൻ...; പഞ്ചാബ് കിങ്സ് താരം ഹർപ്രീത് ബ്രാറിന്റെ വിശേഷങ്ങൾ

PTI04_30_2021_000259B
ഹർപ്രീത്
SHARE

പഞ്ചാബ് പൊലീസിൽ ജോലി ചെയ്യുന്ന പിതാവിനെപ്പോലെ കാക്കിക്കുപ്പായമണിഞ്ഞ് സല്യൂട്ടടിക്കാനായിരുന്നു ഹർപ്രീത് ബ്രാർ എന്ന കുട്ടിയുടെ മോഹം. പക്ഷേ, മുതിർന്നപ്പോൾ ലാത്തിക്കും തോക്കിനും പകരം ഹർപ്രീതിന്റെ കയ്യിൽ കിട്ടിയതു ക്രിക്കറ്റ് ബാറ്റും ബോളുമായിരുന്നു.ഐപിഎലിൽ കഴിഞ്ഞ ദിവസം വിരാട് കോലി, ഗ്ലെൻ മാക്സ്‌വെൽ, എബി ഡിവില്ലിയേഴ്സ് എന്നിവരെ പുറത്താക്കി വിക്കറ്റ് അക്കൗണ്ട് തുറന്നപ്പോൾ പഞ്ചാബ് കിങ്സ് ആരാധകർ എഴുന്നേറ്റു നിന്ന് ആർപ്പുവിളിച്ചു; സല്യൂട്ട് ഹർപ്രീത്!

സ്വപ്നതുല്യമെന്നു വിശേഷിപ്പിക്കാവുന്ന തിരിച്ചുവരവാണ് ഇരുപത്തഞ്ചാം വയസ്സിൽ ഈ ബോളിങ് ഓൾറൗണ്ടർ നടത്തിയത്. 2019ൽ അടിസ്ഥാനവിലയായ 20 ലക്ഷം രൂപയ്ക്കാണു പഞ്ചാബി പയ്യനെ കിങ്സ് ഇലവൻ ടീമിലെത്തിച്ചത്. ആ സീസണിൽ 2 മത്സരങ്ങൾ മാത്രം. രണ്ടിലും ഇടംകയ്യൻ സ്പിന്നറെ ബാറ്റ്സ്മാൻമാർ അടിച്ചുപറത്തി. കഴിഞ്ഞ സീസണിൽ ഒരൊറ്റ മത്സരത്തിൽ അടി കിട്ടിയതോടെ ബെഞ്ചിൽ വിശ്രമം.

ഇത്തവണ തുടരെ തോൽവികളേറ്റു വാങ്ങിയപ്പോഴാണു പഞ്ചാബ് പരീക്ഷണമെന്നോണം ലൈനപ്പിലേക്കു ഗുർപ്രീതിനെ കൊണ്ടുവന്നത്. തീരുമാനം പിഴച്ചില്ല. ഇന്നിങ്സിലെ അവസാന പന്തിൽ സിക്സർ പറത്തിയതുൾപ്പെടെ 17 പന്തുകളിൽ 25 റൺസ് നേടി ക്യാപ്റ്റൻ കെ.എൽ.രാഹുലിനു മികച്ച പിന്തുണ നൽകി. നിർണായക സമയത്തു 11–ാം ഓവറിൽ ക്യാപ്റ്റൻ പന്തു കൊടുത്തപ്പോൾ ആദ്യ പന്തിൽ കോലിയുടെ വിക്കറ്റ് തെറിപ്പിച്ചു. 2–ാം പന്തിൽ മാക്സ്‍വെൽ ക്ലീൻ ബോൾഡ്. തന്റെ അടുത്ത ഓവറിലെ ആദ്യ പന്തിൽ ഡിവില്ലിയേഴ്സിനെ എക്സ്ട്രാ കവറിൽ രാഹുലിന്റെ കയ്യിലെത്തിച്ചു. 7 പന്തുകൾക്കിടെ ഒരൊറ്റ റൺ പോലും വഴങ്ങാതെ 3 വിക്കറ്റ്.

ആഭ്യന്തര ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ തിളങ്ങുമ്പോഴും പുതിയ ബാറ്റ് വാങ്ങാൻ പോലും പണം കയ്യിലില്ലാത്തതിന്റെ സങ്കടം ഹർപ്രീത് സുഹൃത്തുക്കളോടു പങ്കുവയ്ക്കുമായിരുന്നു. പഞ്ചാബ് ടീമിലെ സഹതാരം ഗുർകീരത് സിങ് മൻ സമ്മാനിച്ച ബാറ്റിലാണു പല ടൂർണമെന്റുകളിലും ഹർപ്രീത് എതിരാളികളെ പ്രഹരിച്ചത്. ബോളിങ്ങും ഒട്ടും മോശമാക്കിയില്ല. 2018ലെ സി.കെ.നായിഡു ട്രോഫിയിൽ 58 വിക്കറ്റുകളോടെ തിളങ്ങിയപ്പോഴാണ് ഐപിഎലിലേക്കു വിളിയെത്തുന്നത്. കഴിഞ്ഞ 2 സീസണുകളിലായി മുഷ്താഖ് അലി ട്രോഫിയിൽ 21 വിക്കറ്റുകൾ. കഴിഞ്ഞ തവണ പഞ്ചാബിനെ സെമിയിലെത്തിക്കുന്നതിൽ നിർണായക പങ്കും വഹിച്ചു.

കോവിഡ് കാലത്ത് ഒട്ടേറെപ്പേർക്ക് ആശ്വാസമെത്തിച്ച ബോളിവുഡ് നടൻ സോനു സൂദിന്റെ ജൻമദേശമായ പഞ്ചാബിലെ മോഗ ജില്ലയാണു ഹർപ്രീതിന്റെയും നാട്. വനിതാ ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്സ്‌വുമണും ഇന്ത്യൻ ട്വന്റി20 ടീം ക്യാപ്റ്റനുമായ ഹർമൻപ്രീത് കൗറിന്റെ നാടും മോഗ തന്നെ. ഇരുവരുടെയും ആരാധകനായ ഹർപ്രീതും സ്വപ്നങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് യാത്രയിലാണ്; ലക്ഷ്യത്തിലേക്ക് ഏറെദൂരമുണ്ടെങ്കിലും...

English Summary: Life Story of Harpreet Brar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA