ADVERTISEMENT

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) പഞ്ചാബ് കിങ്സിന്റെ നായകനായ കെ.എൽ. രാഹുലിനെ അപ്പെൻഡിസൈറ്റിസിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദനയാണെന്ന് പരാതിപ്പെട്ടതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് താരത്തിന് അപ്പെൻഡിസൈറ്റിസ് സ്ഥിരീകരിച്ചത്. രാഹുലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് ടീം മാനേജ്മെന്റ് പ്രസ്താവനയിൽ അറിയിച്ചു.

‘വയറുവേദനയുള്ള കാര്യം കഴിഞ്ഞ ദിവസം രാത്രിയാണ് കെ.എൽ. രാഹുൽ മെഡിക്കൽ സംഘത്തെ അറിയിച്ചത്. തുടർന്ന് മരുന്നുകളോടു പ്രതികരിക്കാത്തതിനെ തുടർന്ന് രാഹുലിനെ വിശദമായ പരിശോധനകൾക്ക് വിധേയനാക്കി. തുടർന്ന് അപ്പെൻഡിസൈറ്റിസ് സ്ഥിരീകരിക്കുകയായിരുന്നു. പ്രശ്നം ശസ്ത്രക്രിയയിലൂടെ പരിഹരിക്കുന്നതിന് താരത്തെ ആശുപത്രിയിലേക്ക് മാറ്റി’ – പഞ്ചാബ് കിങ്സ് പ്രസ്താവനയിൽ അറിയിച്ചു.

ഈ സീസണിൽ നിലവിൽ റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമനാണ് രാഹുൽ. ഏഴു മത്സരങ്ങളിൽനിന്ന് 66.20 ശരാശരിയിലും 136.21 സ്ട്രൈക്ക് റേറ്റിലും 331 റൺസാണ് സമ്പാദ്യം. ഇതിൽ നാല് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ രാഹുൽ 91 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചിരുന്നു. സീസണിലെ മൂന്നാം വിജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.

അപ്പെൻഡിസൈറ്റിസ് സ്ഥിരീകരിച്ചതോടെ താരത്തിന് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടപ്പെടാനാണ് സാധ്യത. ശസ്ത്രക്രിയയ്ക്കു ശേഷം കളത്തിലേക്കു തിരിച്ചെത്തിയാലും താരം ക്വാറന്റീൻ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടിവരും. രാഹുൽ ആശുപത്രിയിലായതോടെ മയാങ്ക് അഗർവാളാണ് ഡൽഹിക്കെതിരായ മത്സരത്തിൽ പഞ്ചാബിനെ നയിക്കുന്നത്.

English Summary: KL Rahul to undergo surgery after being diagnosed with acute appendicitis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com