ADVERTISEMENT

അഹമ്മദാബാദ്∙ പുതിയ ക്യാപ്റ്റൻമാർക്ക് ഈ ഞായറാഴ്ച അത്ര നല്ല ദിവസമല്ലായിരിക്കണം. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഇന്നു നടന്ന രണ്ടാം മത്സരത്തിലും പുതിയ ക്യാപ്റ്റനു കീഴിലിറങ്ങിയ ടീമിനു തോൽവി. അപ്പെൻഡിസൈറ്റിസ് മൂലം ടീമിൽനിന്ന് ഒഴിവായ കെ.എൽ.രാഹുലിനു പകരം മയാങ്ക് അഗർവാൾ നയിച്ച പഞ്ചാബ് കിങ്സാണ് രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോടു തോറ്റത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 166 റൺസ്. 58 പന്തിൽ എട്ടു ഫോറും നാലു സിക്സും സഹിതം പുറത്താകാതെ 99 റൺസെടുത്ത അഗർവാളിന്റെ ഇന്നിങ്സാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ കളത്തിലിറങ്ങിയവരെല്ലാം തിളങ്ങിയതോടെ ഡൽഹി 14 പന്തും ഏഴു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി. സീസണിലെ ആറാം ജയത്തോടെ ഡൽഹി പോയിന്റ് പട്ടികയിലും ഒന്നാമതെത്തി. ഞായറാഴ്ചത്തെ ആദ്യ മത്സരത്തിൽ പുതിയ ക്യാപ്റ്റൻ കെയ്ൻ വില്യംസനു കീഴിലിറങ്ങിയ ഹൈദരാബാദ് രാജസ്ഥാനോടും തോറ്റിരുന്നു.

സീസണിലെ മൂന്നാം അർധസെഞ്ചുറിയുമായി ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാമനായ ഓപ്പണർ ശിഖർ ധവാനാണ് ഡൽഹിയുടെ ടോപ് സ്കോറർ. 47 പന്തുകൾ നേരിട്ട ധവാൻ ആറു ഫോറും രണ്ടു സിക്സും സഹിതം 69 റൺസുമായി പുറത്താകാതെനിന്നു. പൃഥ്വി ഷാ (22 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 39), സ്റ്റീവ് സ്മിത്ത് (22 പന്തിൽ ഒരു ഫോർ സഹിതം 24), ഋഷഭ് പന്ത് (11 പന്തിൽ ഓരോ ഫോറും സിക്സും സഹിതം 14), ഷിംറോൺ ഹെറ്റ്മെയർ (നാലു പന്തിൽ ഒരു ഫോറും നാലു സിക്സും സഹിതം പുറത്താകാതെ 16) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

ഓപ്പണിങ് വിക്കറ്റിൽ വെറും 37 പന്തിൽനിന്ന് ഡൽഹി സ്കോർ ബോർഡിൽ 63 റൺസെത്തിച്ച ശിഖർ ധവാൻ – പൃഥ്വി ഷാ കൂട്ടുകെട്ട് മികച്ച തുടക്കമാണ് ഡൽഹിക്ക് സമ്മാനിച്ചത്. രണ്ടാം വിക്കറ്റിൽ സ്റ്റീവ് സ്മിത്തിനൊപ്പം 41 പന്തിൽ 48 റൺസ്, മൂന്നാം വിക്കറ്റിൽ ഋഷഭ് പന്തിനൊപ്പം 21 പന്തിൽ 36 റൺസ്, പിരിയാത്ത നാലാം വിക്കറ്റിൽ ഷിംറോൺ ഹെറ്റ്മെയറിനൊപ്പം ഏഴു പന്തിൽ 20 റൺസ് എന്നിങ്ങനെ കൂട്ടിച്ചേർത്താണ് ധവാൻ ടീമിനെ വിജയത്തിലെത്തിച്ചത്.

പഞ്ചാബിനായി ഹർപ്രീത് ബ്രാർ മൂന്ന് ഓവറിൽ 19 റൺസ് വഴങ്ങിയും ക്രിസ് ജോർദാൻ രണ്ട് ഓവറിൽ 21 റൺസ് വഴങ്ങിയും റൈലി മെറിഡത്ത് 3.4 ഓവറിൽ 35 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

∙ ‘ക്യാപ്റ്റൻ അഗർവാൾ’

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 166 റൺസെടുത്തത്. അപ്പെൻഡിസൈറ്റിസ് മൂലം ടീമിൽനിന്ന് ഒഴിവായ കെ.എൽ.രാഹുലിനു പകരം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത മയാങ്ക് അഗർവാളാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. ഓപ്പണറായി ഇറങ്ങിയ അഗർവൾ 58 പന്തിൽ എട്ടു ഫോറും നാലു സിക്സും സഹിതം 99 റൺസുമായി പുറത്താകാതെ നിന്നു.

പഞ്ചാബ് ജഴ്സിയിൽ അരങ്ങേറ്റം കുറിച്ച ഇംഗ്ലിഷ് താരം ഡേവിഡ് മലൻ 26 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 26 റൺസെടുത്തു. പവർപ്ലേയിൽ 35 റണ്‍സിനിടെ രണ്ടു വിക്കറ്റ് നഷ്ടമാക്കിയ പഞ്ചാബിന്, മൂന്നാം വിക്കറ്റിൽ അഗർവാൾ – മലൻ സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. 47 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 52 റൺസ്. പിന്നീട് അഞ്ചാം വിക്കറ്റിൽ 23 പന്തിൽ 41 റൺസടിച്ച അഗർവാൾ – ഷാരൂഖ് ഖാൻ സഖ്യവും പഞ്ചാബിന് കരുത്തായി. ഇതിൽ 37 റൺസും അഗർവാളിന്റെ വകയാണ്. പിരിയാത്ത ഏഴാം വിക്കറ്റിൽ വെറും ആറു പന്തിൽനിന്ന് അഗർവാൾ – ഹർപ്രീത് ബ്രാർ സഖ്യം 23 റൺസെടുത്തതിൽ 17 റൺസും പിറന്നത് അഗർവാളിന്റെ ബാറ്റിൽനിന്നു തന്നെ! ആവേശ് ഖാൻ എറിഞ്ഞ 20–ാം ഓവറിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം അഗർവാളും ഹർപ്രീതും ചേർന്ന് അടിച്ചെടുത്തത് 23 റൺസാണ്.

പ്രഭ്സിമ്രാൻ സിങ് (16 പന്തിൽ 12), ക്രിസ് ഗെയ്ൽ (ഒൻപത് പന്തിൽ 13), ദീപക് ഹൂഡ (ഒരു പന്തിൽ ഒന്ന്), ഷാരൂഖ് ഖാൻ (അഞ്ച് പന്തിൽ നാല്), ക്രിസ് ജോർദാൻ (മൂന്നു പന്തിൽ രണ്ട്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഹർപ്രീത് ബ്രാർ രണ്ടു പന്തിൽ നാലു റൺസുമായി പുറത്താകാതെ നിന്നു.

ഡൽഹിക്കായി നാല് ഓവറിൽ 36 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ കഗീസോ റബാദയുടെ പ്രകടനം ശ്രദ്ധേയമായി. അക്ഷർ പട്ടേൽ നാല് ഓവറിൽ 21 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ആവേശ് ഖാൻ നാല് ഓവറിൽ 39 റൺസ് വഴങ്ങിയും ഒരു വിക്കറ്റ് സ്വന്തമാക്കി. ഇഷാന്ത് ശർമ നാല് ഓവറിൽ ഒരു മെയ്ഡൻ സഹിതം 37 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

English Summary: Rajasthan Royals vs Sunrisers Hyderabad, 28th Match - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com