ADVERTISEMENT

ന്യൂഡൽഹി∙ ഇംഗ്ലിഷ് താരം ജോസ് ബട്‍ലർ കന്നി ഐപിഎൽ സെഞ്ചുറിയുമായി മിന്നിത്തിളങ്ങിയ മത്സരത്തിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. റണ്ണൊഴുക്കുകൊണ്ട് ശ്രദ്ധേയമായ മത്സരത്തിൽ 55 റൺസിനാണ് രാജസ്ഥാൻ സൺറൈസേഴ്സിനെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 220 റൺസ്. ഹൈദരാബാദിന്റെ മറുപടി നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 165 റൺസിൽ അവസാനിച്ചു. സെഞ്ചുറിയുമായി തിളങ്ങിയ ബട്‍ലറാണ് കളിയിലെ ‌കേമൻ.

സീസണിലെ മൂന്നാം വിജയം കുറിച്ച സഞ്ജുവും സംഘവും ആകെ മൂന്നു വിജയങ്ങൾ സഹിതം ആറു പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി. ക്യാപ്റ്റനെ മാറ്റിയിട്ടും രക്ഷയില്ലാത്ത സൺറൈസേഴ്സ് ഹൈദരാബാദ് ഏഴു കളികളിൽനിന്ന് ആറു തോൽവിയുമായി അവസാന സ്ഥാനത്തു തുടരുന്നു. കഴിഞ്ഞ മത്സരം വരെ ടീമിനെ നയിച്ച ഡേവിഡ് വാർണറെ പുറത്തിരുത്തി, ന്യൂസീലൻഡ് താരം കെയ്ൻ വില്യംസന്റെ നേതൃത്വത്തിലാണ് സൺറൈസേഴ്സ് കളത്തിലിറങ്ങിയത്.

രാജസ്ഥാൻ റോയൽസ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഹൈദരാബാദിന് ഓപ്പണർമാരായ മനീഷ് പാണ്ഡെയും ജോണി ബെയർസ്റ്റോയും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 37 പന്തു നീണ്ട ഇവരുടെ കൂട്ടുകെട്ട് 57 റൺസാണ് ഹൈദരാബാദ് സ്കോർ ബോർഡിലെത്തിച്ചത്. എന്നാൽ, 20 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 31 റൺസെടുത്ത പാണ്ഡെ പുറത്തായശേഷം മികച്ച കൂട്ടുകെട്ടുകൾ തീർക്കാനാകാതെ പോയതാണ് ഹൈദരാബാദിന് തിരിച്ചടിയായത്. ബെയർസ്റ്റോ 21 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 30 റൺസെടുത്തു.

കെയ്ൻ വില്യംസൻ (21 പന്തിൽ 20), വിജയ് ശങ്കർ (എട്ടു പന്തിൽ എട്ട്), കേദാർ ജാദവ് (19 പന്തിൽ 19), മുഹമ്മദ് നബി (അഞ്ച് പന്തിൽ 17), അബ്ദുൽ സമദ് (എട്ടു പന്തിൽ 10), റാഷിദ് ഖാൻ (0) എന്നിങ്ങനെയാണ് പുറത്തായ മറ്റു താരങ്ങളുടെ പ്രകടനം. ഭുവനേശ്വർ കുമാർ ഒൻപതു പന്തിൽ 13 റൺസോടെയും സന്ദീപ് ശർമ ഏഴു പന്തിൽ എട്ടു റൺസോടെയും പുറത്താകാതെ നിന്നു.

രാജസ്ഥാൻ നിരയിൽ നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ മുസ്താഫിസുർ റഹ്മാൻ, നാല് ഓവറിൽ 29 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ക്രിസ് മോറിസിന്റെയും പ്രകടനം ശ്രദ്ധേയമായി. കാർത്തിക് ത്യാഗി നാല് ഓവറിൽ 32 റൺസ് വഴങ്ങിയും രാഹുൽ തെവാത്തിയ നാല് ഓവറിൽ 45 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

∙ ബട്‌ലറിന് കന്നി സെഞ്ചുറി

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 220 റൺസെടുത്തത്. ഓപ്പണറായെത്തിയ ബട്‍ലർ 64 പന്തിൽ 11 ഫോറും എട്ടു സിക്സും സഹിതം 124 റൺസെടുത്തു. ഐപിഎലിൽ ആദ്യം ബാറ്റു ചെയ്യുമ്പോൾ രാജസ്ഥാൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. 56 പന്തിൽ 10 ഫോറും അഞ്ച് സിക്സും സഹിതമാണ് ബട്‍ലർ സെഞ്ചുറി പൂർത്തിയാക്കിയത്. ഐപിഎലിൽ സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം ഇംഗ്ലണ്ട് താരമാണ് ബട്‍ലർ. കെവിൻ പീറ്റേഴ്സൻ, ബെൻ സ്റ്റോക്സ്, ജോണി ബെയർസ്റ്റോ എന്നിവരാണ് മുൻഗാമികൾ. ഇതിൽ സ്റ്റോക്സ് രണ്ടു തവണ സെഞ്ചുറി നേടിയിട്ടുണ്ട്.

സ്കോർ ബോർഡിൽ 17 റൺസ് മാത്രമുള്ളപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമാക്കിയ രാജസ്ഥാന്, രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ സഞ്ജു സാംസണുമൊത്ത് ബട്‍ലർ പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് കൂറ്റൻ സ്കോറിന് അടിത്തറയിട്ടത്. 82 പന്തുകൾ നീണ്ട കൂട്ടുകെട്ടിൽ ഇരുവരും രാജസ്ഥാൻ റോയൽസ് സ്കോർ ബോർഡിലെത്തിച്ചത് 150 റൺസ്. സഞ്ജു 33 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 48 റൺസെടുത്തു. ഐപിഎലിൽ രാജസ്ഥാന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടാണ് ഇത്. കഴിഞ്ഞ വർഷം അബുദാബിയിൽ ബെൻ സ്റ്റോക്സിനൊപ്പം മൂന്നാം വിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെതിരെ സഞ്ജു കൂട്ടിച്ചേർത്ത 152 റൺസാണ് ഉയർന്ന കൂട്ടുകെട്ട്. ജയ്സ്വാൾ 13 പന്തിൽ രണ്ടു ഫോറുകളോടെ 12 റൺസെടുത്തു. റിയാൻ പരാഗ് എട്ടു പന്തിൽ ഒരു സിക്സർ സഹിതം 15 റൺസോടെയും ഡേവിഡ് മില്ലർ അവസാന പന്തിലെ സിക്സർ സഹിതം മൂന്നു പന്തിൽ ഏഴു റൺസോടെയും പുറത്താകാതെ നിന്നു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 13 പന്തിൽ രണ്ടു ഫോറുകൾ സഹിതം 12 റൺസെടുത്ത ഓപ്പണർ യശ്വസ്വി ജയ്സ്വാൾ മൂന്നാം ഓവറിൽത്തന്നെ പുറത്തായി. അപ്പോൾ രാജസ്ഥാൻ സ്കോർ 17 റൺസ് മാത്രം.

എന്നാൽ, നാലാം ഓവറിലെ ആദ്യ പന്തിൽ ക്രീസിൽ ഒരുമിച്ച സഞ്ജു സാംസൺ – ജോസ് ബട്‍ലർ സഖ്യം മത്സരത്തിൽ രാജസ്ഥാന്റെ തലവര മാറ്റിക്കളഞ്ഞു. തകർത്തടിച്ചു മുന്നേറിയ ഇരുവരും രാജസ്ഥാനെ കരുത്തോടെ മുന്നോട്ടു നയിച്ചു. ഏഴാം ഓവറിൽ രാജസ്ഥാൻ 50 കടന്നു. വെറും 29 പന്തിൽനിന്ന് സഞ്ജു – ബട്‍ലർ സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ടും കടന്നു. അവിടെനിന്ന് സെഞ്ചുറി കൂട്ടുകെട്ടു പൂർത്തിയാക്കാൻ വേണ്ടിവന്നത് 34 പന്തുകൾ. 16–ാം ഓവറിൽ രാജസ്ഥാനെ ഇരുവരും ചേർന്ന് 150 കടത്തി. ആകെ 82 പന്തുകൾ ക്രീസിൽനിന്ന സഞ്ജുവും ബട്‍ലറും രാജസ്ഥാൻ സ്കോർ ബോർഡിലെത്തിച്ചത് 150 റൺസ്!

സ്കോർ 167ൽ നിൽക്കെ സഞ്ജു സാംസണിനെ പുറത്താക്കി വിജയ് ശങ്കറാണ് കൂട്ടുകെട്ട് പൊളിച്ചത്. വിജയ് ശങ്കറിനെതിരെ സിക്സറിനുള്ള സഞ്ജുവിന്റെ ശ്രമം ബൗണ്ടറിക്കരികെ അബ്ദുൽ സമദിന്റെ തകർപ്പൻ ക്യാച്ചിൽ അവസാനിച്ചു. 33 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 48 റൺസെടുത്താണ് സഞ്ജു മടങ്ങിയത്. തുടർന്ന് ക്രീസിലെത്തിയ യുവതാരം റിയാൻ പരാഗിനെ സാക്ഷിയാക്കി ജോസ് ബട്‍ലർ സെഞ്ചുറി പൂർത്തിയാക്കി. 56 പന്തിൽ 10 ഫോറും അഞ്ച് സിക്സും സഹിതമാണ് ബട്‍ലർ സെഞ്ചുറി പൂർത്തിയാക്കിയത്.

സൺറൈസേഴ്സിനായി റാഷിദ് ഖാൻ നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. വിജയ് ശങ്കർ മൂന്ന് ഓവറിൽ 42 റൺസ് വഴങ്ങിയും സന്ദീപ് ശർമ നാല് ഓവറിൽ 50 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

∙ വാർണർ പുറത്ത്

നേരത്തെ, മുൻ ക്യാപ്റ്റൻ ഡേവിഡ് വാർണറിനെ പുറത്തിരുത്തിയാണ് രാജസ്ഥാൻ റോയൽസിനെതിരായ ടീമിനെ സൺറൈസേഴ്സ് പ്രഖ്യാപിച്ചത്. മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്സ് എതിരാളികളെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. വാർണർ ഉൾപ്പെടെ കഴിഞ്ഞ മത്സരത്തിൽ കളിച്ച മൂന്നു പേരെയാണ് ഈ മത്സരത്തിൽ സൺറൈസേഴ്സ് പുറത്തിരുത്തിയത്. സ്പിന്നർ സുചിത്, സിദ്ധാർഥ് കൗൾ എന്നിവരാണ് ഇന്ന് പുറത്തിരിക്കുന്നത്. പകരം അഫ്ഗാൻ താരം മുഹമ്മദ് നബി, ഭുവനേശ്വർ കുമാർ, അബ്ദുൽ സമദ് എന്നിവർ കളിക്കുന്നു. രാജസ്ഥാൻ നിരയിലും രണ്ടു മാറ്റങ്ങളുണ്ട്. ജയ്‌ദേവ് ഉനദ്കട്ടിനു പകരം കാർത്തിക് ത്യാഗി കളിക്കുമ്പോൾ, ശിവം ദുബെയ്ക്കു പകരം അനൂജ് റാവത്ത് അരങ്ങേറ്റം കുറിച്ചു.

English Summary: Rajasthan Royals vs Sunrisers Hyderabad, 28th Match - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com