ADVERTISEMENT

മാലെ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസൺ പാതിവഴിയിൽ നിർത്തിവച്ചതോടെ നാട്ടിലേക്കു മടങ്ങുന്നതിനായി മാലദ്വീപിലേക്കു പോയ ഓസ്ട്രേലിയൻ സംഘത്തിലെ ഡേവിഡ് വാർണറും മൈക്കൽ സ്ലേറ്ററും തമ്മിലടിച്ചതായി റിപ്പോർട്ട്. ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാനയാത്ര ഓസ്ട്രേലിയൻ സർക്കാർ നിരോധിച്ചതോടെ ഐപിഎലിന് ഉണ്ടായിരുന്ന ഓസ്ട്രേലിയക്കാരായ താരങ്ങളും പരിശീലകരും കമന്റേറ്റർമാരും ഉൾപ്പെടുന്ന സംഘം മാലദ്വീപ് വഴിയാണ് നാട്ടിലേക്ക് മടങ്ങുന്നത്. മാലദ്വീപിൽ നിശ്ചിത കാലയളവ് ക്വാറന്റീൻ പൂർത്തിയാക്കിയശേഷം മാത്രമേ ഇവർക്ക് ഓസ്ട്രേലിയയിലേക്ക് കടക്കാനാകൂ. ഇതിനിടെയാണ് മാലദ്വീപിലെ ബാറിൽവച്ച് വാർണറും മുൻ ഓസീസ് താരവും കമന്റേറ്ററുമായ സ്ലേറ്ററും തമ്മിലടിച്ചതായി റിപ്പോർട്ടുകൾ പ്രചരിച്ചത്.

അതേസമയം, ബാറിൽവച്ച് തല്ലുണ്ടാക്കിയെന്ന റിപ്പോർട്ടുകൾ വാർണറും സ്ലേറ്ററും നിഷേധിച്ചിട്ടുണ്ട്. ഇത്തരം വാർത്തകൾ എവിടെനിന്നാണ് പ്രചരിക്കുന്നതെന്ന് അറിയില്ലെന്ന് ഐപിഎലിൽ സൺറൈസേഴ്സ് താരമായിരുന്ന വാർണർ വ്യക്തമാക്കി.

താരങ്ങൾ മാലദ്വീപിലെ ബാറിൽവച്ച് തമ്മിലടിച്ച വിവരം ‘ദ സൺഡേ ടെലഗ്രാഫാ’ണ് പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം രാത്രി ബാറിലെത്തി മദ്യപിച്ച ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. വാക്പോര് രൂക്ഷമായതോടെ ഇരുവരും കയ്യാങ്കളിയിലേക്കു കടന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, സംഭവം വിവാദമായതോടെ ഇത് പുറത്തുവിട്ട മാധ്യമത്തിലെ മുതിർന്ന മാധ്യമപ്രവർത്തകർക്ക് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് വാർണറും സ്ലേറ്ററും സന്ദേശമയച്ചു.

‘പ്രചരിക്കുന്ന അഭ്യൂഹങ്ങൾ പോലെ ഒന്നും സംഭവിച്ചിട്ടില്ല. ഞാനും ഡേവിയും (ഡേവിഡ് വാർണർ) അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങൾക്കിടയിൽ അത്തരമൊരു വഴക്കിനും സാധ്യതയില്ല’ – സ്ലേറ്റർ അയച്ച സന്ദേശത്തിൽ പറയുന്നു.

സ്ലേറ്ററുമായി കയ്യാങ്കളിയുണ്ടായെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഡേവിഡ് വാർണറും തള്ളിക്കളഞ്ഞു.

‘നിങ്ങൾക്ക് ഇത്തരം വാർത്തകൾ എവിടെനിന്ന് കിട്ടുന്നുവെന്ന് മനസ്സിലാകുന്നില്ല. ഒന്നുകിൽ സംഭവം നടന്ന സ്ഥലത്ത് നിങ്ങൾ ഉണ്ടാകണം. അല്ലെങ്കിൽ വ്യക്തമായ തെളിവു വേണം. ഇതൊന്നുമില്ലാതെ ഇത്തരം വാർത്തകൾ നൽകുന്നത് എങ്ങനെയാണ്? അത്തരത്തിലൊന്നും സംഭവിച്ചിട്ടില്ല’ – വാർണർ വ്യക്തമാക്കി.

∙ ഇരുവരും വാർത്തയിലെ ‘താരങ്ങൾ’

അതേസമയം, ഇന്ത്യൻ പ്രീമിയർ ലീഗിനിടെയും പലതവണ വാർത്തകളിൽ ഇടംപിടിച്ചവരാണ് വാർണറും സ്ലേറ്ററുമെന്നതും ശ്രദ്ധേയം. സൺറൈസേഴ്സ് ഹൈദരാബാദിന്റെ നായകനായിരുന്ന വാർണറെ ടൂർണമെന്റിനിടെ തൽസ്ഥാനത്തുനിന്ന് നീക്കിയിരുന്നു. പകരം ന്യൂസീലൻഡ് താരം കെയ്ൻ വില്യംസനെ ക്യാപ്റ്റനായി അവരോധിക്കുകയും ചെയ്തു. പിന്നാലെ വാർണറെ ടീമിൽനിന്നും മാറ്റിനിർത്തിയതും വാർത്തയായി.

മറുവശത്ത്, ഐപിഎലുമായി സഹകരിക്കുന്ന താരങ്ങളുടെയും മറ്റുള്ളവരുടെയും നാട്ടിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി നടത്തിയ വാക്പോരിലൂടെയാണ് സ്ലേറ്റർ വാർത്തകളിൽ ഇടംപിടിച്ചത്. ഇന്ത്യയിൽനിന്നുള്ളവർ രാജ്യത്തേക്കു പ്രവേശിച്ചാൽ ജയിൽ ശിക്ഷയും പിഴയും നേരിടേണ്ടി വരുമെന്നു സ്കോട് മോറിസൻ പ്രഖ്യാപിച്ചതാണ് സ്ലേറ്ററെ ചൊടിപ്പിച്ചത്. ഇന്ത്യയിൽനിന്നുള്ളവരെ വിലക്കിയ മോറിസന്റെ നടപടി കാടത്തമാണെന്നും രാജ്യത്തിന് അപമാനമാണെന്നുമായിരുന്നു വിമർശനം.

‘മനുഷ്യരാശി ബുദ്ധിമുട്ടു നേരിടുമ്പോൾ പ്രധാനമന്ത്രിയുടെ നിലപാട് കൊള്ളാം. നിങ്ങളുടെ സ്വകാര്യ വിമാനമെടുത്ത് നിങ്ങൾ ഇന്ത്യ സന്ദർശിക്കണം. തെരുവുകളിൽ മൃതശരീരങ്ങൾ വീണുകിടക്കുന്നതു നിങ്ങൾ കാണണം. ഇന്ത്യയിലെ സ്ഥിതി നിങ്ങൾ മനസ്സിലാക്കണം’ – പ്രധാനമന്ത്രിയോടു ട്വിറ്ററിലൂടെ സ്ലേറ്റർ ആവശ്യപ്പെട്ടു.

English Summary: David Warner, Michael Slater refute rumours they traded blows in Maldives bar: Nothing happened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com