ADVERTISEMENT

കൊൽക്കത്ത∙ ഇന്ത്യൻ ടെസ്റ്റ് ടീം ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന സമയത്ത് ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമുകൾ ശ്രീലങ്കയിൽ ലിമിറ്റഡ് ഓവർ പരമ്പര കളിക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്(ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി. ക്യാപ്റ്റൻ വിരാട് കോലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും ഉൾപ്പെടെയുള്ള പ്രധാന താരങ്ങളെല്ലാം ഇതേ സമയത്ത് ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര കളിക്കുന്നതിനാൽ, ടെസ്റ്റ് ടീമിൽ ഇടംലഭിക്കാതെ പോയവർക്കും പുതുമുഖങ്ങൾക്ക് അവസരം നൽകിയായിരിക്കും ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ തിരഞ്ഞെടുക്കുകയെന്നും ഗാംഗുലി വ്യക്തമാക്കി. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളും ഉൾപ്പെടുന്ന പരമ്പരയാകും ഇന്ത്യ ശ്രീലങ്കയിൽ കളിക്കുക.

‘സീനിയർ ടീമിനായി ജൂലൈ മാസത്തിൽ ഒരു ശ്രീലങ്കൻ പര്യടനം നമ്മൾ പദ്ധതിയിടുന്നുണ്ട്. ഏകദിന, ട്വന്റി20 മത്സരങ്ങളാകും അവർ കളിക്കുക’ – ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വാർത്താ ഏജൻസിയായ പിടിഐയോടു വെളിപ്പെടുത്തി. ഇന്ത്യൻ സീനിയർ ടീമിനെ രണ്ടായി വിഭജിക്കാനാണോ പദ്ധതി എന്ന ചോദ്യത്തിന്, ‘ഇതേ സമയത്ത് ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ടെസ്റ്റ് ടീമിലെ താരങ്ങളെ ഒഴിവാക്കിയാകും ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ തിരഞ്ഞെടുക്കുക’ എന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം.

ന്യൂസീലൻഡിനെതിരെ അടുത്ത മാസം നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനും തുടർന്നുള്ള അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന ഇംഗ്ലണ്ട് പര്യടനത്തിനുമായി 20 അംഗ ടീമിനെയും നാലു റിസർവ് താരങ്ങളെയും ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഉൾപ്പെടാതെ പോയ ശിഖർ ധവാൻ, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, നവ്ദീപ് സെയ്നി, ദീപക് ചാഹർ തുടങ്ങിയവർ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ ഇടംപിടിക്കാനാണ് സാധ്യത. മലയാളി താരം സഞ്ജു സാംസണിനും സാധ്യതയുണ്ട്.

‘നമ്മുടെ പ്രധാന താരങ്ങളെല്ലാം മുഴുവൻ സമയവും മത്സര സന്നദ്ധരായിരിക്കണമെന്നാണ് ബിസിസിഐ പ്രസിഡന്റിന്റെ നിർദ്ദേശം. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ ലിമിറ്റഡ് ഓവർ മത്സരങ്ങളില്ലാത്തതിനാൽ ഒഴിവു വരുന്ന ജൂലൈ മാസം ഏറ്റവും നന്നായി വിനിയോഗിക്കാനാണ് ശ്രമം’ – ഇംഗ്ലണ്ട് പര്യടനത്തിനിടെ ഇന്ത്യ ശ്രീലങ്കൻ പര്യടനത്തിനും പദ്ധതിയിടുന്നതിന്റെ കാരണം ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.

‘സാങ്കേതികമായി പറഞ്ഞാൽ ഇന്ത്യൻ സീനിയർ ടീമിന് ജൂലൈ മാസത്തിൽ മത്സരങ്ങളൊന്നുമില്ല. ഇംഗ്ലണ്ടിലുള്ള ഇന്ത്യൻ ടെസ്റ്റ് ടീം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലൻഡിനെതിരെ കളത്തിലിറങ്ങുന്നത് ജൂൺ 18 മുതലാണ്. അതിനുശേഷം ജൂലൈ മാസത്തിൽ ഇന്ത്യയ്ക്ക് മത്സരങ്ങളില്ല. ഇംഗ്ലണ്ടിൽത്തന്നെ തുടരുമെങ്കിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് നോട്ടിങ്ങാമിൽ ഓഗസ്റ്റ് നാലിനാണ് ആരംഭിക്കുക. ഈ ഇടവേള മറികടക്കുക എന്ന ലക്ഷ്യവും ശ്രീലങ്കൻ പര്യടനത്തിനുണ്ട്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ തിളങ്ങിയ താരങ്ങൾക്ക് രാജ്യാന്തര വേദിയിൽ കരുത്തു തെളിയിക്കാനുള്ള അവസരമാകും ഈ ശ്രീലങ്കൻ പര്യടനം. രാഹുൽ ചാഹർ, രാഹുൽ തെവാത്തിയ, ദേവ്ദത്ത് പടിക്കൽ, സൂര്യകുമാർ യാദവ്, പൃഥ്വി ഷാ, ഇഷാൻ കിഷൻ തുടങ്ങിയവർക്കെല്ലാം അവസരം ലഭിച്ചേക്കും. പ്രത്യേകിച്ചും ട്വന്റി20 ലോകകപ്പ് ഈ വർഷം നടക്കാനിരിക്കെ. ഇടംകയ്യൻ പേസ് ബോളർ ചേതൻ സാകരിയ ഉൾപ്പെടെയുള്ള പുതുമുഖങ്ങൾക്കും സാധ്യതയുണ്ട്.

English Summary: India will tour Sri Lanka in July for limited overs series: Sourav Ganguly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com