ADVERTISEMENT

മുംബൈ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി യാത്ര തിരിക്കും മുൻപ്, മുംബൈയിൽവച്ച് നടത്തുന്ന കോവിഡ് പരിശോധനാ ഫലം പോസിറ്റീവാകുന്നവരെ ടീമിൽനിന്ന് ഒഴിവാക്കുമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനായി ഇംഗ്ലണ്ടിലേക്കു പോകാൻ ദിവസങ്ങളുണ്ടെങ്കിലും അതിനു മുൻപും ബയോ സെക്യുർ ബബ്ളിലേതിനു സമാനമായ മുൻകരുതൽ ആവശ്യമാണെന്നാണ് ബിസിസിഐ താരങ്ങളെ ഓർമിപ്പിക്കുന്നത്. ജൂൺ രണ്ടിന് ഇംഗ്ലണ്ടിലേക്കു പോകുന്നതിന് മുംബൈയിലെത്തി ലഘു ബയോ സെക്യുർ ബബ്ളിൽ പ്രവേശിക്കാനും ബിസിസിഐ താരങ്ങൾക്ക് നിർദ്ദേശം നൽകി.

ഇന്ത്യയും ന്യൂസീലൻഡും കൊമ്പുകോർക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ജൂൺ 18 മുതൽ സതാംപ്ടണിലാണ് ആരംഭിക്കുന്നത്. ഇതിനായി ജൂൺ രണ്ടിന് ഇന്ത്യൻ താരങ്ങൾ ഇംഗ്ലണ്ടിലേക്കു പോകും. അവിടെ ക്വാറന്റീൻ ഉൾപ്പെടെ പൂർത്തിയാക്കേണ്ടതുള്ളതുകൊണ്ടാണ് യാത്ര നേരത്തേയാക്കിയത്. ഫൈനൽ പോരാട്ടത്തിനുശേഷം അവിടെ തുടരുന്ന ഇന്ത്യ, അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയും ഇംഗ്ലണ്ടിനെതിരെ കളിക്കും.

ഇന്ത്യൻ ടീം ഇംഗ്ലണ്ട് പര്യടനത്തിനായി തിരിക്കുന്നത് ജൂൺ രണ്ടിനാണെങ്കിലും, കോവിഡ് പരിശോധനയുൾപ്പെടെ പൂർത്തിയാക്കേണ്ടതിനാൽ മേയ് 25ന് തന്നെ മുംബൈയിൽ എത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മുംബൈയിടെ എട്ടു ദിവസം നീളുന്ന ബയോ സെക്യുർ ബബ്ളിലാകും ടീമംഗങ്ങളുടെ ജീവിതം.

‘പരിശോധനയിൽ കോവിഡ് കണ്ടെത്തിയാൽ ഇംഗ്ലണ്ട് പര്യടനവും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലും മറന്നേക്കാനാണ് ബോർഡ് താരങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇംഗ്ലണ്ടിലേക്കു പോകുന്നതിനു മുൻപായി നടത്തുന്ന പരിശോധനയിൽ ഏതെങ്കിലും താരതത്തിന് കോവിഡ് സ്ഥിരീകരിച്ചാൽ അവർക്കായി ബിസിസിഐ പിന്നീട് ചാർട്ടേർഡ് വിമാനമൊന്നും എർപ്പെടുത്തില്ല’ – ബിസിസിഐ അധികൃതരെ ഉദ്ധരിച്ച് ‘ദ് ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു.

ടീമംഗങ്ങളിൽ ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ ലോക ചാംപ്യൻഷിപ്പ് ഫൈനലിനുള്ള ഒരുക്കത്തെ ഉള്‍പ്പെടെ അതു ബാധിക്കുമെന്ന ആശങ്ക ബിസിസിഐയ്ക്കുണ്ട്. മാത്രമല്ല, മുംബൈയിലെത്തുമ്പോള്‍ത്തന്നെ കോവിഡ് സ്ഥിരീകരിച്ചാൽ നിർബന്ധിത ക്വാറന്റീൻ പൂർത്തിയാക്കി കോവിഡ് പരിശോധനാ ഫലം നെഗറ്റീവുമായതിനുശേഷം ആ താരത്തിന് ഇംഗ്ലണ്ടിലേക്കു പോകാൻ സമയവും ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് കോവിഡ് ബാധിക്കാതെ സൂക്ഷിക്കാൻ താരങ്ങൾക്ക് ബിസിസിഐ മുന്നറിയിപ്പു നൽകിയത്.

‘താരങ്ങളും സപ്പോർട്ട് സ്റ്റാഫും കുടുംബാംഗങ്ങളും പരിശോധനയ്ക്ക് വിധേയരാകണം. രണ്ടു തവണ നെഗറ്റീവ് ഫലം ലഭിച്ചാൽ മാത്രമേ മുംബൈയിലേക്കു വരേണ്ടതുള്ളൂ. ടീമംഗങ്ങൾ ഒത്തുചേർന്ന് ബയോ സെക്യുർ ബബ്ളിലേക്കു പ്രവേശിക്കുമ്പോൾ ആർക്കും വൈറസ് ബാധയില്ലെന്ന് ഉറപ്പാക്കാനാണ് ഇത്തരമൊരു നടപടി. വിമാന മാർഗമോ കാറിലോ മുംബൈയിലെത്താൻ താരങ്ങൾക്ക് അനുമതിയുണ്ട്’ – ബിസിസിഐ അധികൃതർ വ്യക്തമാക്കി.

അതേസമയം, ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി ഇന്ത്യൻ ടീമംഗങ്ങളിൽ ഒട്ടേറെപ്പേർ വാക്സീൻ സ്വീകരിച്ചു. ക്യാപ്റ്റൻ വിരാട് കോലി, വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ തുടങ്ങിയവാണ് വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. ഇംഗ്ലണ്ടിൽവച്ച് രണ്ടാം ഡോസ് സ്വീകരിക്കുന്നതിന്, അവിടെ ഉപയോഗിക്കുന്ന കോവിഷീൽഡ് തന്നെ ഇന്ത്യയിൽവച്ചും സ്വീകരിക്കാൻ ബിസിസിഐ താരങ്ങൾക്ക് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്.

English Summary: Consider England tour over if found positive on arrival in Mumbai, BCCI tells Team India players

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com