ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ജൂലൈ മാസത്തിൽ നടത്താൻ പദ്ധതിയിടുന്ന ശ്രീലങ്കൻ പര്യടനത്തിൽ മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡ് എത്തിയേക്കും. ഇന്ത്യൻ ടെസ്റ്റ് ടീം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനായും തുടർന്നുള്ള അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയ്ക്കായും ഇംഗ്ലണ്ടിലേക്കു പോകുന്നതിനാൽ വ്യത്യസ്തമായ ടീമിനെയാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് അയയ്ക്കുന്നത്. രവി ശാസ്ത്രി ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനൊപ്പം ദ്രാവിഡിനെ അയയ്ക്കുന്ന കാര്യം പരിഗണിക്കുന്നത്.

ഇപ്പോൾ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ തലവനാണെങ്കിലും മുൻപ് ഇന്ത്യയുടെ ജൂനിയർ ടീമുകളെയും എ ടീമിനെയും പരിശീലിപ്പിച്ച അനുഭവ സമ്പത്ത് ദ്രാവിഡിനുണ്ട്. ലിമിറ്റഡ് ഓവർ ഫോർമാറ്റുകളിൽ ഇന്ത്യയുടെ പ്രധാന താരങ്ങളിൽ പലരും ദ്രാവിഡിന്റെ കണ്ടെത്തലുമാണ്.

ഇന്ത്യൻ ക്രിക്കറ്റിലെ സ്ഥിരം മുഖങ്ങളായ ക്യാപ്റ്റൻ വിരാട് കോലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, ജസ്പ്രീത് ബുമ്ര, ഋഷഭ് പന്ത് തുടങ്ങിയവരെല്ലാം ഇംഗ്ലണ്ട് പര്യടനത്തിനായി പോകുന്ന സമയത്താണ് മറ്റു താരങ്ങളെ വച്ച് ശ്രീലങ്കൻ പര്യടനം ബിസിസിഐ പ്ലാൻ ചെയ്യുന്നത്.  ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽനിന്ന് തഴയപ്പെട്ടവരും ഐപിഎൽ 14–ാം സീസണിൽ ശോഭിച്ചവരുമായ താരങ്ങളെ ഉൾപ്പെടുത്തിയാകും ലങ്കൻ പര്യടനത്തിനുള്ള ടീമിനെ തിരഞ്ഞെടുക്കുക. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വ ന്റി20 മത്സരങ്ങളുമാണ് ഇന്ത്യ ശ്രീലങ്കയിൽ കളിക്കുക. 

ഇന്ത്യയുടെ മുഖ്യ പരിശീലകൻ രവി ശാസ്തി, ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡ്, ബോളിങ് പരിശീലകൻ ഭരത് അരുൺ തുടങ്ങിയവരെല്ലാം ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലേക്കു പോകും. ഈ സാഹചര്യത്തിലാണ് ശ്രീലങ്കൻ പര്യടനത്തിൽ രാഹുൽ ദ്രാവിഡിനെ മുഖ്യ പരിശീലകനാക്കാൻ നീക്കം നടക്കുന്നത്. ദ്രാവിഡിനൊപ്പം സഹായത്തിന് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മറ്റു പരിശീലകരുടെയും സേവനം ഉറപ്പാക്കും.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി 20 അംഗ ടീമിനെയും നാല് റിസർവ് താരങ്ങളെയുമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ജൂൺ 18 മുതൽ സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ. അതിനുശേഷവും ഇംഗ്ലണ്ടിൽ തുടരുന്ന ഇന്ത്യൻ ടീം ഓഗസ്റ്റ് ആദ്യവാരം മുതൽ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയും ഇംഗ്ലണ്ടിനെതിരെ കളിക്കും. ഇതിനിടെ ഇടവേള വരുന്ന ജൂലൈ മാസത്തിലാണ് രണ്ടാം നിര ടീമിനെവച്ച് ശ്രീലങ്കൻ പര്യടനത്തിന് ശ്രമം നടക്കുന്നത്.

ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം ലഭിക്കാതെ പോയ ശിഖർ ധവാൻ, പൃഥ്വി ഷാ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, നവ്ദീപ് സെയ്നി, ഖലീൽ അഹമ്മദ്, യുസ്‌വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, ദീപക് ചാഹർ, രാഹുൽ ചാഹർ തുടങ്ങിയവരെല്ലാം ശ്രീലങ്കൻ പര്യടത്തിന് ലഭ്യമാണ്. ഇവർക്കു പുറമെ ഇന്ത്യൻ ടീമിൽ ഇടം പ്രതീക്ഷിക്കുന്ന ദേവ്ദത്ത് പടിക്കൽ ഉൾപ്പെടെയുള്ള പുതുമുഖങ്ങളുമുണ്ട്.

English Summary: Rahul Dravid may don coach's hat on India tour of Sri Lanka, could be accompanied by NCA staff: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com