ADVERTISEMENT

കറാച്ചി∙ പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും കൂറ്റൻ തോൽവി വഴങ്ങിയ സിംബാബ്‌വെ ഇനി കുറച്ചുകാലത്തേക്ക് ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കണമെന്ന് പാക്കിസ്ഥാന്റെ മുൻ താരവും കമന്റേറ്ററുമായ റമീസ് രാജ. മത്സരങ്ങൾ 2–3 ദിവസത്തിനുള്ളിൽ അവസാനിക്കുകയും മത്സരഫലങ്ങൾ തീർത്തും ഏകപക്ഷീയമാകുന്ന സാഹചര്യത്തിലാണ് റമീസ് രാജ ഇത്തരമൊരു ആവശ്യം ഉയർത്തിയത്. ടെസ്റ്റ് ക്രിക്കറ്റിനു പകരം ലിമിറ്റഡ് ഓവർ മത്സരങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് സിംബാബ്‌വെയ്ക്ക് നല്ലതെന്നും റമീസ് രാജ അഭിപ്രായപ്പെട്ടു. സിംബാബ്‌വെ ഉൾപ്പെടുന്ന ടെസ്റ്റ് മത്സരങ്ങൾ കാണാനാളില്ലെന്നും മത്സരങ്ങൾ അപ്രസക്തമാകുന്നുവെന്നും രാജ ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാനെതിരായ രണ്ടു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽനിന്ന് സിംബാബ്‌വെ ഒന്നും പഠിച്ചില്ലെന്ന് റമീസ് രാജ ചൂണ്ടിക്കാട്ടി. ഇത്തരം ‘യോജിക്കാത്ത’ ടീമുകൾ തമ്മിലുള്ള ടെസ്റ്റ് പരമ്പരകൾ ഇപ്പോൾത്തന്നെ കാണാൻ ആളില്ലാത്ത ടെസ്റ്റ് മത്സരങ്ങളുടെ ഭാവി കൂടുതൽ അപകടത്തിലാക്കുമെന്ന് റമീസ് രാജ മുന്നറിയിപ്പു നൽകി. ക്രിക്കറ്റിനെ സ്നേഹിക്കുന്നവർ മറ്റു കായിക മത്സരങ്ങളിലേക്ക് തിരിഞ്ഞേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹരാരിയിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്നിങ്സ് ജയം നേടിയ പാക്കിസ്ഥാൻ പരമ്പര തൂത്തുവാരിയിരുന്നു. ഇന്നിങ്സിനും 147 റൺസിനുമാണ് പാക്കിസ്ഥാന്റെ ജയം. പരമ്പരയിലെ രണ്ടു ടെസ്റ്റും മൂന്നാം ദിനം അവസാനിച്ചു. രണ്ടാം ടെസ്റ്റ് നാലാം ദിനത്തിലേക്ക് നീണ്ടെങ്കിലും ഒരു മണിക്കൂർ പോലും മത്സരം നീണ്ടില്ല. അതേസമയം, ട്വന്റി20 പരമ്പരയിലെ ഒരു മത്സരം ജയിച്ച സിംബാബ്‌വെ 2–1നാണ് പരമ്പര നഷ്ടമാക്കിയത്.

‘ഇത്തരം ചേരാത്ത ടീമുകൾ തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങൾ നടക്കാൻ പാടില്ല. ടെസ്റ്റ് മത്സരങ്ങൾ കാണാൻ അല്ലെങ്കിൽത്തന്നെ ആളില്ല. അവർക്കു മുന്നിൽ ഇത്തരം ഏകപക്ഷീയമായ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചാൽ അവർ ഫുട്ബോളോ മറ്റു കായിക മത്സരങ്ങളോ കാണാൻ പോകും. മൂന്നു ദിവസം കൊണ്ട് അവസാനിക്കുന്ന ടെസ്റ്റ് മത്സരങ്ങൾ എന്തൊരു തമാശയാണ്’ – റമീസ് രാജ ചൂണ്ടിക്കാട്ടി.

‘ദുർബലരായ ടീമുകൾ കരുത്തരോട് ഏറ്റുമുട്ടുമ്പോൾ അതിൽനിന്ന് ചെറിയ ടീമുകൾ പഠിക്കുന്ന പാഠങ്ങളും ആർജിക്കുന്ന അനുഭവവുമാണ് പ്രധാനമെന്ന് ചിലർ പറയും. കരുത്തരായ ടീമുകൾ കളിക്കുന്ന രീതിയിൽനിന്ന് ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുമുണ്ട്. പക്ഷേ, പാക്കിസ്ഥാനെതിരായ പരമ്പരയിൽനിന്ന് സിംബാബ്‍വെ താരങ്ങൾ എന്തെങ്കിലും പഠിച്ചോയെന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്’ – റമീസ് രാജ പറഞ്ഞു.

‘ഒന്നാം ടെസ്റ്റിലെ തോൽവിയിൽനിന്ന് അവർ എന്തെങ്കിലും പഠിച്ചതായി രണ്ടാം ടെസ്റ്റിൽ തോന്നിയതേയില്ല. സിംബാബ്‌വെ ടീമിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. മുൻപ് ഇതായിരുന്നില്ല സ്ഥിതി. 1992ലെ ലോകകപ്പിൽ കളിച്ച സിംബാബ്‍വെ ടീമിൽ നാലോ അഞ്ചോ ലോകോത്തര താരങ്ങളുണ്ടായിരുന്നു. നല്ല രീതിയിൽ കളിച്ചില്ലെങ്കിൽ കരുത്തരായ ടീമുകളെ തോൽപ്പിക്കാനുള്ള ശേഷിയും അവർക്കുണ്ടായിരുന്നു’ – റമീസ് രാജ പറഞ്ഞു.

പാക്കിസ്ഥാനെതിരെ ഹരാരെയിൽ നടന്ന രണ്ടു ടെസ്റ്റും തോറ്റ് സിംബാബ്‌വെ സമ്പൂർണ തോൽവിയാണ് വഴങ്ങിയത്. രണ്ടു ടെസ്റ്റുകളിലും പാക്കിസ്ഥാൻ ഇന്നിങ്സ് ജയം നേടിയിരുന്നു. മൂന്നാം ദിവസം അവസാനിച്ച ഒന്നാം ടെസ്റ്റിൽ ഇന്നിങ്സിലും 116 റൺസിനുമാണ് പാക്കിസ്ഥാൻ ജയിച്ചത്. പാക്കിസ്ഥാൻ ഒന്നാം ഇന്നിങ്സിൽ 426 റൺസ് നേടിയപ്പോൾ, സിംബാബ്‌വെ ഒന്നാം ഇന്നിങ്സിൽ 176 റൺസിനും രണ്ടാം ഇന്നിങ്സിൽ 134 റൺസിനും പുറത്തായി.

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിങ്സിനും 147 റൺസിനുമായിരുന്നു പാക്കിസ്ഥാന്റെ വിജയം. മത്സരം നാലാം ദിവസത്തിലേക്കു നീണ്ടെങ്കിലും, അന്ന് ഒരു മണിക്കൂർ പോലും കളി നടന്നില്ല. ഒന്നാം ഇന്നിങ്സിൽ പാക്കിസ്ഥാൻ എട്ടു വിക്കറ്റ് നഷ്ടത്തിൽ 510 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. സിംബാബ്‌വെ ഒന്നാം ഇന്നിങ്സിൽ 132 റൺസെടുത്തു. ഫോളോ ഓൺ ചെയ്ത ഓവർ രണ്ടാം ഇന്നിങ്സിൽ 231 റൺസിനും പുറത്തായി. രണ്ടു ടെസ്റ്റുകളിലും ഒന്നു പൊരുതാൻ പോലുമാകാതെ സിംബാബ്‌വെ തോൽവി വഴങ്ങിയ സാഹചര്യത്തിലാണ് ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കാൻ റമീസ് രാജ ആവശ്യപ്പെട്ടത്.

English Summary: Zimbabwe should not play Test cricket now: Former Pakistan cricketer Ramiz Raja laments one-sided contests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com