ADVERTISEMENT

ലണ്ടൻ ∙ പേര് പാഴ്മുളയെന്നാണെങ്കിലും വേണുനാദം മുതൽ മുളയരിക്കഞ്ഞിവരെ കയ്യിലുള്ള ‘ബാംബൂ ഫാമിലി’ ക്രിക്കറ്റ് കളിയിൽ ഒരുകൈ നോക്കാൻ ഒരുങ്ങുന്നു. ബോളർമാർക്ക് എറിഞ്ഞു തകർക്കാനുള്ള സ്റ്റംപുകളുടെ രൂപത്തിലല്ല, സിക്സറുകളിലൂടെ മാത്രം സംസാരിക്കാൻ ഇഷ്ടപ്പെടുന്ന ബാറ്റുകളുടെ രൂപത്തിൽ! ഇംഗ്ലിഷ് വില്ലോയും കശ്മീർ വില്ലോയും കുത്തകയാക്കി വച്ചിരുന്ന ക്രിക്കറ്റ് ബാറ്റ് നിർമാണ മേഖലയിലേക്കാണു മുള ബാറ്റുകൾ രംഗപ്രവേശനത്തിനു തയാറെടുക്കുന്നത്. ക്രിക്കറ്റ് നിയമസംരക്ഷകരായ മറിൽബോൺ ക്രിക്കറ്റ് ക്ലബ് (എംസിസി) കനിഞ്ഞാൽ മുള ബാറ്റുകൾക്കു തലങ്ങും വിലങ്ങും സിക്സറടിക്കാം! 

സംഭവമിങ്ങനെ: കേംബ്രിജ് സർവകലാശാലയിലെ ശാസ്ത്രജ്ഞരായ ദർഷിൽ ഷാ, ബെൻ ടിങ്ക്ലർ ഡേവിസ് എന്നിവർ നടത്തിയ പരീക്ഷണത്തിലാണു വില്ലോ മരത്തിന്റെ തടി ഉപയോഗിച്ചു നിർമിക്കുന്ന ബാറ്റിനെക്കാൾ മികച്ചത് മുളകൊണ്ടുള്ള ബാറ്റുകളാണെന്നു കണ്ടെത്തിയത്. വെട്ടിയൊതുക്കി ലാമിനേറ്റ് ചെയ്തെടുത്ത മുളകൾ ഉപയോഗിച്ച് ഇവർ ക്രിക്കറ്റ് ബാറ്റിന്റെ ആദ്യരൂപം (പ്രോട്ടോടൈപ്) വികസിപ്പിച്ചെടുത്തു.

സാധാരണ ബാറ്റുകളെക്കാൾ 40 ശതമാനത്തിലധികം ഭാരമുള്ളവയാണു പ്രോട്ടോടൈപ്.  15 വർഷം കൊണ്ടാണു വില്ലോയുടെ തടി,  ബാറ്റ് നിർമിക്കാൻ പാകമാകുന്നത്.  ദൗർലഭ്യവും പ്രശ്നമാണ്. എന്നാൽ, ഏഷ്യയിലും ദക്ഷിണ അമേരിക്കയിലും ഏറെയുള്ള മുള 6 വർഷം കൊണ്ടു മൂപ്പെത്തും.  

ബാറ്റിന്റെ സ്വീറ്റ് സ്പോട്ട് (ബാറ്റിന്റെ മധ്യഭാഗം – ഇവിടെയാണു ഏറ്റവും കൂടുതൽ ഉറപ്പുള്ളത്) കൂട്ടാൻ മുള ബാറ്റിനു സാധിക്കുമത്രേ. സ്വീറ്റ് സ്പോട്ടിന്റെ വലുപ്പം കൂടുന്തോറും ബാറ്റ്സ്മാനു കൂടുതൽ ബൗണ്ടറികൾ നേടാൻ സാധിക്കുമെന്നതാണു പ്ലസ് പോയിന്റ്. 

എന്നാൽ മുള ബാറ്റിന് എംസിസി സമ്മതം മൂളിയിട്ടില്ല.  നിയമപ്രകാരം പ്രത്യേക തരം മരങ്ങളുടെ തടി ഉപയോഗിച്ചു മാത്രമേ ക്രിക്കറ്റ് ബാറ്റ് നിർമിക്കാവൂ. മുള പുല്ലുവർഗത്തിൽ പെടുന്നതിനാൽ തടിയായി കണക്കാക്കാനാവില്ല.

English Summary: Bamboo Bats to Replace Wooden Willows? MCC to Discuss Topic in Next Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com