ADVERTISEMENT

കറാച്ചി∙ യുവതാരങ്ങൾക്ക് മതിയായ അവസരം ഉറപ്പാക്കി അവരെ വളർത്തിയെടുക്കുന്നതിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) കാണിക്കുന്ന അലംഭാവത്തിനെതിരെ രൂക്ഷ വിമർശനമുയർത്തി മുൻ താരം മുഹമ്മദ് ആമിർ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ യുവതാരങ്ങളെ വളർത്തിയെടുക്കുന്ന സംവിധാനം കാര്യക്ഷമമാണെന്നു ചൂണ്ടിക്കാട്ടിയാണ് പാക്കിസ്ഥാൻ ബോർഡിന് ആമിറിന്റെ വിമർശനം. രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുമ്പോഴേയ്ക്കും ഇന്ത്യൻ താരങ്ങളായ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ക്രുണാൽ പാണ്ഡ്യ തുടങ്ങിയവർ ആർജിച്ചെടുത്ത മത്സരപരിചയം ആമിർ ഉദാഹരണമായി ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനിൽ മാത്രം ദേശീയ ടീമിലെത്തിയശേഷം കളി പഠിക്കേണ്ട അവസ്ഥയാണെന്ന് ആമിർ ആരോപിച്ചു.

‘ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങൾ യുവതാരങ്ങളെ വളർത്തിയെടുത്ത് രാജ്യാന്തര ക്രിക്കറ്റിലേക്കു കൊണ്ടുവരുന്നതു നോക്കൂ. ജൂനിയർ ‌വിഭാഗത്തിലും ആഭ്യന്തര ക്രിക്കറ്റിലുമായി കളി പഠിച്ച് രാജ്യാന്തര ക്രിക്കറ്റിൽ ശോഭിക്കാൻ തയാറെടുത്താണ് അവിടങ്ങളിൽ യുവതാരങ്ങൾ ദേശീയ ടീമിലെത്തുന്നത്. ദേശീയ ജഴ്സിയിൽ കളത്തിലിറങ്ങുമ്പോൾ തന്നെ അവർക്ക് തിളങ്ങാനാകുന്നത് ആഭ്യന്തര തലത്തിൽത്തന്നെ നല്ല രീതിയിൽ കളി പഠിച്ചതുകൊണ്ടാണ്’ – ആമിർ ചൂണ്ടിക്കാട്ടി.

‘ഇനി പാക്കിസ്ഥാനിലെ അവസ്ഥ നോക്കൂ. ദേശീയ ടീമിലെത്തിയശേഷം അവിടുത്തെ പരിശീലകരിൽനിന്ന് പഠിക്കേണ്ട അവസ്ഥയിലാണ് നമ്മുടെ യുവതാരങ്ങൾ. ആഭ്യന്തര തലത്തിലും ജൂനിയർ ക്രിക്കറ്റിലും പഠിക്കേണ്ട കാര്യങ്ങൾ പോലും അവർ മനസ്സിലാക്കിയെടുക്കുന്നത് ദേശീയ ടീമിലെത്തിയ ശേഷമാണ്’ – ആമിർ ചൂണ്ടിക്കാട്ടി.

‘ഇന്ത്യൻ താരങ്ങളായ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ക്രുണാൽ പാണ്ഡ്യ തുടങ്ങിയവരെ നോക്കൂ. അവർ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറുമ്പോൾത്തന്നെ രാജ്യാന്തര തലത്തിൽ കളിക്കാൻ പാകമായവരായിരുന്നു. ഇന്ത്യൻ ടീമിലെത്തിയശേഷം പരിശീലകരിൽനിന്ന് കൂടുതലായി എന്തെങ്കിലും പഠിക്കേണ്ട ആവശ്യം അവർക്കുണ്ടായിരുന്നില്ല. അവർ വർഷങ്ങളോളം ആഭ്യന്തര തലത്തിലും ഇന്ത്യൻ പ്രീമിയർ ലീഗിലും കളിച്ച് രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള വരവ് ഏറ്റവും അനായാസമാക്കി’ – ആമിർ ചൂണ്ടിക്കാട്ടി.

‘കളി പഠിക്കേണ്ട സ്കൂൾ ക്രിക്കറ്റല്ല രാജ്യാന്തര വേദികൾ. കളിയെക്കുറിച്ച് വിശദമായി അറിയാവുന്ന, ആവശ്യമായ ആയുധങ്ങളെല്ലാം സ്വായത്തമാക്കി എന്തിനും തയാറായിരിക്കുന്ന താരങ്ങളാണ് അവിടെ പയറ്റുന്നത്. നിങ്ങൾക്ക് കളിയെക്കുറിച്ച് പഠിക്കണമെങ്കിൽ വല്ല അക്കാദമികളിലോ ആഭ്യന്തര തലത്തിലോ വച്ച് പഠിക്കണം. അല്ലാതെ ഇതൊന്നുമറിയാതെ രാജ്യാന്തര തലത്തിൽ കളിക്കാനിറങ്ങിയിട്ടു കാര്യമില്ല’ – ആമിർ പറഞ്ഞു.

‘പാക്കിസ്ഥാൻ ക്രിക്കറ്റിൽ സാങ്കേതികത്തികവില്ലാത്ത താരങ്ങൾ രാജ്യാന്തര വേദിയിൽ കളിക്കാനെത്തുന്നത് പതിവു കാഴ്ചയായി മാറിയിട്ടുണ്ട്. രാജ്യാന്തര തലത്തിൽ കളിക്കുമ്പോൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് അവരുടെ വരവ്. ആ പ്രതീക്ഷ തെറ്റാണെന്ന് അധികം വൈകാതെ ബോധ്യമാവുകയും ചെയ്യും’ – ആമിർ പറഞ്ഞു.

17–ാം വയസ്സിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ മുഹമ്മദ് ആമിർ പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ ഭാവി സൂപ്പർതാരമായാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ, കരിയറിന്റെ ആരംഭത്തിൽത്തന്നെ വാതുവയ്പ്പ് വിവാദത്തിൽ കുരുങ്ങി താരം അഞ്ച് വർഷത്തോളം വിലക്കിൽ കുരുങ്ങി. ഇതിനിടെ ജയിലിലും കിടന്നു. പിന്നീട് കളത്തിലേക്ക് തിരിച്ചെത്തിയെങ്കിലും 2019ൽ, 28–ാം വയസ്സിൽ ടെസ്റ്റ് കരിയറിന് വിരാമമിട്ടു.

English Summary: Pakistan players are expected to learn from coaches while playing international cricket: Mohammad Amir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com