ADVERTISEMENT

ന്യൂഡൽഹി∙ ഐപിഎൽ പകുതിയിൽവച്ച് നിന്നതോടെ ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിനെക്കുറിച്ചാണ് ഇപ്പോൾ‌ ക്രിക്കറ്റ് ലോകത്തെ ചർച്ചകൾ. ഇംഗ്ലണ്ടിലെ സതാംപ്ടണിൽ ജൂൺ 18നാണ് ഇന്ത്യ– ഇംഗ്ലണ്ട് മത്സരം ആരംഭിക്കുക. ഇന്ത്യയും ഇംഗ്ലണ്ടും അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും കളിക്കുന്നുണ്ട്. മത്സരങ്ങൾക്കായി 20 അംഗ ടീം അടുത്ത ആഴ്ച യുകെയിലേക്കു പോകും.

ടെസ്റ്റ് ടീം പ്രഖ്യാപിച്ചപ്പോള്‍ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കിയത് ഏറെ ചർച്ചയായിരുന്നു. ഇതോടെ ടീമിൽ ഫാസ്റ്റ് ബോളറായുള്ള ഓൾ റൗണ്ടര്‍ ഇല്ലാതെയായി. ടെസ്റ്റിൽ നിർണായക സാന്നിധ്യമാകുമെന്നു കരുതിയ പാണ്ഡ്യയ്ക്കു പരുക്കിനെ തുടർന്ന് ബോളിങ്ങിലുള്ള പ്രശ്നങ്ങളാണു തിരിച്ചടിയായത്. എന്നാൽ ഹാർദിക്കിന്റെ അസാന്നിധ്യത്തിനു പകരം വയ്ക്കാവുന്ന ഒരു താരം ഇന്ത്യൻ ടീമിലുണ്ടെന്നാണു ബോളിങ് പരിശീലകനായ ഭരത് അരുണിന്റെ വാദം.

യുവതാരം ഷാർദൂല്‍ താക്കൂറിനെയാണ് പരിശീലകൻ ഉയർത്തിക്കാട്ടുന്നത്. ഒരു ഓൾറൗണ്ടറാകാൻ സാധിക്കുമെന്ന കാര്യം ഷാര്‍ദൂൽ താക്കൂർ തെളിയിച്ചതാണ്.ഓസ്ട്രേലിയയിൽ അദ്ദേഹത്തിന്റെ പ്രകടനം ഗംഭീരമായിരുന്നു– ഒരു സ്വകാര്യപരിപാടിയിൽ ഭരത് അരുൺ വ്യക്തമാക്കി. ഹാർദിക്കിനെപ്പോലെ നിശ്ചയദാർഢ്യമുള്ള ഒരു താരത്തെ കണ്ടെത്തുക ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ടെസ്റ്റിൽ അദ്ദേഹം ഓൾറൗണ്ടറെന്ന നിലയിൽ കളിക്കാൻ തയാറാകുന്നതേയുള്ളു.

അതുപോലുള്ള ബോളർമാരെ നമ്മൾ വളർത്തിക്കൊണ്ടുവരികയാണു വേണ്ടത്. ഹാർദിക് ശസ്ത്രക്രിയ കഴിഞ്ഞ് വീണ്ടും കളിക്കാനിറങ്ങിയതുകൊണ്ടുതന്നെ തിരിച്ചുവരവ് എളുപ്പമല്ല. ഇംഗ്ലണ്ടിനെതിരെ ഹാർദിക് വളരെ മികച്ച രീതിയിൽ‌തന്നെ പന്തെറിഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ കരുത്ത് നിലനിർത്തുകയാണു വേണ്ടത്– ഭരത് അരുൺ പറഞ്ഞു. 2018 ഓഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിൽ ഹാർദിക് പാണ്ഡ്യ കളിച്ചിരുന്നു.

അതേസമയം ജൂലൈയിൽ ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന ഏകദിന, ട്വന്റി20 പരമ്പരകളിൽ ഹാർദിക് കളിക്കാനിറങ്ങുമെന്നാണു വിവരം. മൂന്നു വീതം ഏകദിന, ട്വന്റി20 മത്സരങ്ങളാണു പരമ്പരയിലുള്ളത്. ജൂലൈ 13 ന് മത്സരങ്ങൾ ആരംഭിക്കും. ഓസ്ട്രേലിയയ്ക്കെതിരായ ഗബ്ബ ടെസ്റ്റിലെ ഓൾറൗണ്ട് പ്രകടനത്തിലൂടെയാണ് ഷാർദൂൽ താക്കൂർ വാർത്തകളിൽ നിറയുന്നത്. അന്ന് രണ്ട് വർഷത്തിനു ശേഷം ടെസ്റ്റ് കളിക്കാനിറങ്ങിയ ഷാർദൂൽ ആദ്യ ഇന്നിങ്സിൽ 67 റൺസാണ് അടിച്ചെടുത്തത്. ഏഴു വിക്കറ്റുകളും വീഴ്ത്തി.

English Summary: Bharat Arun backs Shardul Thakur to play as fast bowling all-rounder in Hardik Pandya’s absence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com