ADVERTISEMENT

മുംബൈ∙ ഗോവയിൽ അവധിയാഘോഷിക്കാൻ പോകുകയായിരുന്ന ഇന്ത്യൻ യുവതാരം പൃഥ്വി ഷായെ പൊലീസ് തടഞ്ഞതായി റിപ്പോർട്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസൺ കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച സാഹചര്യത്തിലാണ് ഡൽഹി ക്യാപിറ്റൽസ് താരമായിരുന്ന പൃഥ്വി ഷാ സുഹൃത്തുക്കളോടൊപ്പം ഗോവയിൽ അവധിയാഘോഷിക്കാൻ പോകാൻ തീരുമാനിച്ചത്. എന്നാൽ, കോവിഡ് വ്യാപനത്തിനിടെ മതിയായ യാത്രാ രേഖകളില്ലാത്തതിനെ തുടർന്ന് താരത്തെയും സുഹൃത്തുക്കളെയും പൊലീസ് തടഞ്ഞു.

കോലാപ്പൂർ വഴി ഗോവയിലേക്കു പോകാനുള്ള ശ്രമത്തിനിടെയാണ് അംബോളിയിൽവച്ച് പൊലീസ് യാത്ര തടഞ്ഞത്. തുടർന്ന് കോവിഡ് കാലത്തെ യാത്രയ്ക്കുള്ള ഇ–പാസ് ആവശ്യപ്പെട്ടെങ്കിലും താരത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല. യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് താരം പൊലീസിനോട് അപേക്ഷിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മൊബൈൽ ഫോണിലൂടെ പാസിന് അപേക്ഷിച്ച് അതു കിട്ടിയശേഷമാണ് യാത്ര തുടരാനായത്.

ഐപിഎൽ നിർത്തിവച്ചതിനു പിന്നാലെ ന്യൂസീലൻഡിനെതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനും ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന ടെസ്റ്റ് പരമ്പരയ്ക്കുമായി ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തെങ്കിലും, പ‍ൃഥ്വി ഷായ്ക്ക് ടീമിൽ ഇടം ലഭിച്ചിരുന്നില്ല. ഓസ്ട്രേലിയൻ പര്യടനത്തിനു പിന്നാലെ ടീമിനു പുറത്തായ ഷായോട്, ടീമിൽ തിരികെയെത്തണമെങ്കിൽ ശരീരഭാരം കുറയ്ക്കാൻ സിലക്ടർമാർ നിർദ്ദേശിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. അതേസമയം, ഇതേ സമയത്ത് ബിസിസിഐ പ്ലാൻ ചെയ്യുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ ഷായ്ക്ക് ഇടം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

English Summary: Prithvi Shaw Stopped By Police on Way to Goa for Vacations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com