sections
MORE

പന്തിൽ കൃത്രിമം കാട്ടുന്ന വിവരം ബോളർമാരും അറിഞ്ഞിരുന്നു: സൂചന നൽകി ബാൻക്രോഫ്റ്റ്

umpires-bancroft-smith
കാമറൺ ബാൻക്രോഫ്റ്റും സ്റ്റീവ് സ്മിത്തും അംപയർമാർക്കൊപ്പം (ഫയൽ ചിത്രം)
SHARE

സിഡ്നി∙ ഓസ്ട്രേലിയയ്ക്കാകെ നാണക്കേടായി മാറിയ പന്തു ചുരണ്ടൽ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി സംഭവത്തിൽ അച്ചടക്ക നടപടിക്കു വിധേയനായ ഓസീസ് താരം കാമറൺ ബാൻക്രോഫ്റ്റ്. പന്തിൽ കൃത്രിമം കാട്ടുന്ന വിവരം അന്ന് ഓസീസ് ടീമിൽ അംഗങ്ങളായിരുന്ന ബോളർമാർക്കും അറിയാമായിരുന്നുവെന്നാണ് ബാൻക്രോഫ്റ്റിന്റെ വെളിപ്പെടുത്തൽ. പന്തു ചുരണ്ടൽ വിവാദത്തിൽ ശിക്ഷിക്കപ്പെട്ടത് ബാൻക്രോഫ്റ്റിനു പുറമെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ എന്നിവർ മാത്രമാണ്. ഇതിനിടെയാണ് കൂടുതൽ ഓസീസ് താരങ്ങൾക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് ബാൻക്രോഫ്റ്റ് സൂചന നൽകിയത്.

2018ൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെയാണ് പന്തിൽ കൃത്രിമം കാട്ടി ഓസീസ് താരങ്ങൾ മത്സരം വരുതിയിലാക്കാൻ ശ്രമിച്ചത്. സംഭവം കയ്യോടെ പിടിക്കപ്പെട്ടത് ഓസ്ട്രേലിയൻ ക്രിക്കറ്റിന് വൻ നാണക്കേടായി മാറിയിരുന്നു. തുടർന്ന് മൂവർക്കും ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. വിലക്കു കാലാവധി പിന്നിട്ട് മൂവരും പിന്നീട് ടീമിലേക്ക് തിരിച്ചെത്തി. പന്തിൽ കൃത്രിമം കാട്ടിയ സംഭവത്തിൽ തനിക്കാണ് ഉത്തരവാദിത്തമെങ്കിലും, ടീമിലെ പലർക്കും ഇതേക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് ബാൻക്രോഫ്റ്റ് സൂചന നൽകി.

‘നോക്കൂ, ഈ സംഭവത്തിൽ എന്റെ പങ്കുമായി ബന്ധപ്പെട്ട് വ്യക്തമായ ഉത്തരവാദിത്തം എനിക്കുണ്ട്. ബോളർമാരെ സഹായിക്കാനാണ് അത്തരമൊരു പ്രവർത്തി ഞാൻ ചെയ്തത്. സ്വാഭാവികമായും ഇക്കാര്യത്തിൽ ആർക്കൊക്കെ അറിവുണ്ടെന്നത് അതിൽത്തന്നെ വ്യക്തമാണല്ലോ’ –  ഒരു അഭിമുഖത്തിൽ ബാൻക്രോഫ്റ്റ് പറഞ്ഞു.

‘ബോളർമാർക്കും ഇതേക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണോ പറയുന്നതെ’ന്ന് എടുത്തു ചോദിച്ചപ്പോൾ ബാൻക്രോഫ്റ്റിന്റെ മറുപടി ഇങ്ങനെ:

‘നോക്കൂ, അതെന്താണെന്ന് അതിൽത്തന്നെ വ്യക്തമാണല്ലോ’ – ബാൻക്രോഫ്റ്റ് പറഞ്ഞു.

2018ൽ ഓസ്ട്രേലിയൻ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് വിവാദത്തിന് ആസ്പദമായ സംഭവം. ഓസീസ് താരം കാമറണ്‍ ബാന്‍ക്രോഫ്റ്റ് സാന്‍ഡ് പേപ്പറുപയോഗിച്ച് പന്തു ചുരണ്ടിയതാണു വിവാദം ക്ഷണിച്ചുവരുത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട അംപയർ ദ‍ൃശ്യങ്ങള്‍ പരിശോധിച്ച് ബാന്‍ക്രോഫ്റ്റിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അംപയറോട് കുറ്റം സമ്മതിച്ചെന്ന് ബാന്‍ക്രോഫ്റ്റ് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ ബാന്‍ക്രോഫ്റ്റ് ടീമിലെ സീനിയര്‍ താരങ്ങളുടെ അറിവോടെയാണു പന്തിൽ കൃത്രിമം കാണിച്ചതെന്ന് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും വ്യക്തമാക്കി. ഇതോടെ സ്മിത്തിനും ടീമിനും നേരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഏതു വിധേനയും ജയിക്കേണ്ട മല്‍സരമായതിനാലാണു പന്ത് അനുകൂലമാക്കാന്‍ ശ്രമിച്ചതെന്ന സ്മിത്തിന്റെ വിശദീകരണം എരിതീയിൽ എണ്ണയൊഴിച്ചതുപോലെയായി. തുടർന്ന് അന്വേഷണം നടത്തിയ ക്രിക്കറ്റ് ഓസ്ട്രേലിയ സ്മിത്തിനും വാർണറിനും ഓരോ വർഷം സമ്പൂർണ വിലക്കേർപ്പെടുത്തി. ബാൻക്രോഫ്റ്റിന് ഒൻപതു മാസത്തേക്കായിരുന്നു വിലക്ക്.

English Summary: Cameron Bancroft drops bombshell, opens new chapter in ball-tampering scandal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA