ADVERTISEMENT

കറാച്ചി∙ പാക്കിസ്ഥാൻ ക്രിക്കറ്റിൽ സ്വജനപക്ഷപാതം രൂക്ഷമാണെന്ന ആരോപണവുമായി മുൻ ക്യാപ്റ്റൻ കൂടിയ ശുഐബ് മാലിക്ക് രംഗത്ത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അധികൃതരുമായി ബന്ധമുള്ളവർക്ക് ദേശീയ ടീമിൽ കൂടുതലായി ഇടം ലഭിക്കുന്നുവെന്നാണ് മാലിക്കിന്റെ ആരോപണം. നിലവിൽ സിംബാബ്‌വെയിൽ പര്യടനം നടത്തുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുത്തപ്പോൾ ക്യാപ്റ്റൻ ബാബർ അസമിന്റെ നിർദ്ദേശങ്ങൾ സിലക്ഷൻ കമ്മിറ്റി പരിഗണിക്കാതിരുന്നത് വിവാദമായിരുന്നു. ഇതിനിടെയാണ് പാക്ക് ക്രിക്കറ്റിൽ സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള നീക്കങ്ങൾ  സജീവമാണെന്ന് മുൻ ക്യാപ്റ്റൻ തന്നെ ആരോപണമുയർത്തിയത്.

പാക്കിസ്ഥാൻ ക്രിക്കറ്റിൽ ചില മാറ്റങ്ങൾ അനിവാര്യമാണെന്നും മാലിക്ക് അഭിപ്രായപ്പെട്ടു. ദേശീയ ടീമിലേക്കുള്ള താരങ്ങളെ അധികൃതരുമായുള്ള ബന്ധത്തിന്റെ പുറത്തല്ല, അതിലുപരി കഴിവിന്റെ പേരിൽ മാത്രം തിരിഞ്ഞെടുക്കുന്നതാകണം മാറ്റത്തിന്റെ ആദ്യ പടിയെന്നും മാലിക്ക് അഭിപ്രായപ്പെട്ടു.

‘നമ്മുടെ ക്രിക്കറ്റ് സംവിധാനത്തിൽ ഇഷ്ടങ്ങളുടെയും അനിഷ്ടങ്ങളുടെയും ആധിപത്യമുണ്ട്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഇതുണ്ടെങ്കിലും പാക്കിസ്ഥാനിൽ അൽപം കൂടുതലാണ്. ഇവിടെ ക്രിക്കറ്റ് സംവിധാനം മെച്ചപ്പെടണമെങ്കിൽ അധികൃതരുമായുള്ള പരിചയത്തേക്കാൾ കഴിവിന്റെ മാത്രം അടിസ്ഥാനത്തിൽ താരങ്ങളെ തിരഞ്ഞെടുക്കുന്ന സംവിധാനം വേണം. അങ്ങനെ മാത്രമേ പാക്കിസ്ഥാൻ ക്രിക്കറ്റ് രക്ഷപ്പെടൂ’ – മാലിക്ക് പറഞ്ഞു.

ടീമിനെ തിരഞ്ഞെടുക്കുമ്പോൾ ക്യാപ്റ്റന്റെ വാക്കുകൾക്കു കൂടി ചെവി കൊടുക്കണമെന്നും മാലിക്ക് അഭിപ്രായപ്പെട്ടു. സിംബാബ്‍വെ പര്യടനത്തിനുള്ള ടീമിനെ തിരഞ്ഞെടുത്തപ്പോൾ ക്യാപ്റ്റൻ ബാബർ അസം നിർദ്ദേശിച്ച താരങ്ങളെ പരിഗണിക്കാത്ത നടപടി ചൂണ്ടിക്കാട്ടിയാണ് മാലിക്കിന്റെ അഭിപ്രായ പ്രകടനം.

‘ഇക്കഴിഞ്ഞ ടീം തിര‍ഞ്ഞെടുപ്പിൽത്തന്നെ ക്യാപ്റ്റൻ ബാബർ അസമിന് തന്റെ ടീമിൽ വേണമെന്ന് ആഗ്രഹമുള്ള ചില താരങ്ങളുണ്ടായിരുന്നു. പക്ഷേ, സിലക്ടർമാർ അവരെ പരിഗണിച്ചില്ല. ടീം തിരഞ്ഞെടുപ്പിൽ എല്ലാവർക്കും അഭിപ്രായങ്ങൾ പറയാം. പക്ഷേ, അന്തിമ തീരുമാനം ക്യാപ്റ്റന്റേതായിരിക്കണം. കാരണം, തന്റെ ടീമിനെ അണിനിരത്തി കളത്തിൽ പോരാടേണ്ടത് ക്യാപ്റ്റനാണ്’ – അസം ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ (പിഎസ്എൽ) പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും മാലിക്ക് മനസ്സു തുറന്നു. ട്വന്റി20 ലീഗുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ താരങ്ങളെ ദേശീയ ടീമിലേക്ക് വിളിക്കുന്നത് ശരിയാണെങ്കിലും, അത് ഒന്നോ രണ്ടോ മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകരുതെന്ന് മാലിക്ക് അഭിപ്രായപ്പെട്ടു. കാര്യങ്ങൾ തുറന്നുപറയുന്നതിന്റെ പേരിൽ തനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടാലും പ്രശ്നമില്ലെന്നും മാലിക്ക് പറഞ്ഞു.

‘എന്റെ വിധിയെന്താണെന്ന് സർവശക്തന് മാത്രമേ അറിയൂ. അത് ഏതെങ്കിലും വ്യക്തിയുടെ കൈകളിലല്ല. ഇനി ദേശീയ ടീമിൽ കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും എനിക്കു വിഷമമില്ല. എന്റെ സഹതാരങ്ങൾക്കു വേണ്ടി ഇത്രയുമെങ്കിലും പറഞ്ഞില്ലെങ്കിലാണ് എനിക്ക് വിഷമം തോന്നുക’ – മാലിക്ക് പറഞ്ഞു.

English Summary: Shoaib Malik Blasts PCB For Picking Players Of Liking Rather Than Skills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com