ADVERTISEMENT

മുംബൈ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ നശിപ്പിക്കുന്ന സൂപ്പർതാര സമ്പ്രദായത്തിലേക്ക് വിരൽചൂണ്ടി സ്ഥാനമൊഴിയുന്ന ദേശീയ വനിതാ ടീം പരിശീലകൻ ഡബ്ല്യു.വി. രാമൻ. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി, ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) അധ്യക്ഷൻ രാഹുൽ ദ്രാവിഡ് എന്നിവർക്കാണ് അപകട സൂചന നൽകി രാമൻ കത്തയച്ചത്. ദേശീയ ടീം പരിശീലക സ്ഥാനത്തുനിന്ന് രാമനെ നീക്കി മുൻ പരിശീലകൻ രമേഷ് പൊവാറിനെ കൊണ്ടുവരാൻ ബിസിസിഐ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ടീമിനെക്കുറിച്ചുള്ള വിമർശനാത്മകമായ വിലയിരുത്തലുകളുമായി രാമൻ കത്തയച്ചത്.

ഇന്ത്യൻ വനിതാ ടീമിന്റെ വളർച്ച മുൻനിർത്തി ചില മാർഗനിർദ്ദേശങ്ങൾ ബിസിസിഐ മുൻപാകെ അവതരിപ്പിക്കാൻ തയാറാണെന്നും രാമൻ ഇരുവരെയും അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. രാമനു കീഴിൽ 2020ൽ ഇന്ത്യ വനിതാ ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തിയിരുന്നു.

മുൻതാരം മദൻലാൽ അധ്യക്ഷനായ ഉപദേശക സമിതിയാണ് രാമനെ പരിശീലകസ്ഥാനത്തുനിന്ന് നീക്കാനും പകരം രമേഷ് പൊവാറിനെത്തന്നെ അവരോധിക്കാനും തീരുമാനിച്ചത്. മുൻപ് ഇന്ത്യൻ ടീമിനെ നയിച്ചിരുന്ന വെറ്ററൻ താരം മിതാലി രാജുമായി ഉടക്കിയതിനെ തുടർന്ന് രണ്ടു വർഷം മുൻപാണ് പൊവാറിനെ പരിശീലക സ്ഥാനത്തുനിന്ന് നീക്കിയത്.

‘ഏതൊരു വ്യക്തിയേക്കാളുമുപരി ടീമിനാണ് പ്രാധാന്യം എന്നാണ് താൻ കരുതുന്നതെന്ന് രാമൻ തന്റെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ടീമിലെ ഒരു വ്യക്തിക്കും അമിത പ്രാധാന്യം നൽകാനാകില്ലെന്നും അതിൽ വ്യക്തമാക്കുന്നു’ – കത്തിനെക്കുറിച്ച് അറിവുള്ള വ്യക്തിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

താരങ്ങളുമായി ഉടക്കി പരിശീലകർ പുറത്താകുന്ന പതിവ് ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ തുടരുകയാണെന്ന സൂചനയും രാമന്റെ കത്ത് നൽകുന്നുണ്ട്. മുൻഗാമിയായിരുന്ന രമേഷ് പൊവാർ മിതാലി രാജുമായി ഉടക്കിയാണ് പുറത്തായതെങ്കിൽ, ടീമിലെ ചില താരങ്ങളുടെ അതൃപ്തി തന്നെയാണ് രാമന്റെയും പുറത്താകലിനു പിന്നിലെന്നാണ് റിപ്പോർട്ട്. മിതാലി രാജ് ടീമിനുള്ളിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നുവെന്ന് പരസ്യമായി ആരോപിച്ചാണ് അന്ന് പൊവാർ പുറത്തുപോയതും.

രാമന്റെ കത്തിൽ ആരുടെയും പേര് എടുത്തുപറയുന്നില്ലെങ്കിലും, ടീമിലെ സൂപ്പർതാര സമ്പ്രദായം ഇന്ത്യൻ വനിതാ ക്രിക്കറ്റിന് നല്ലതല്ലെന്ന വ്യക്തമായ സൂചനയാണ് അദ്ദേഹം നൽകുന്നത്.

‘ഇന്ത്യൻ ക്രിക്കറ്റിലെ ഒരു മുൻതാരത്തിന് ടീമിനൊപ്പം പ്രവർത്തിച്ചപ്പോൾ ഇത്തരമൊരു തോന്നലാണ് ഉണ്ടായതെങ്കിൽ, പ്രശ്നം പരിഹരിക്കാൻ ഇടപെടണമെന്ന് പുതിയ പരിശീലകൻ രമേഷ് പൊവാർ സൗരവ് ഗാംഗുലിയോട് ആവശ്യപ്പെട്ടിട്ടുണ്ട്’ – പിടിഐ റിപ്പോർട്ടിൽ പറയുന്നു.

English Summary: WV Raman writes to Sourav Ganguly and Rahul Dravid, mentions 'star culture' in women's cricket team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com