ADVERTISEMENT

മുംബൈ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടാതെ പോയതിനു പിന്നാലെ, ഇന്ത്യൻ പേസ് ബോളർ ഭുവനേശ്വർ കുമാറിന് ടെസ്റ്റ് ക്രിക്കറ്റിനോടുള്ള താൽപര്യം നഷ്ടമായെന്ന തരത്തിൽ പ്രചരിച്ച റിപ്പോർട്ടുകൾ തള്ളി താരം നേരിട്ട് രംഗത്ത്. ഭുവനേശ്വർ കുമാറിന് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള ആവേശവും താൽപര്യവും നഷ്ടമായെന്ന മട്ടിൽ ചില ദേശീയ മാധ്യമങ്ങളാണ് വാർത്ത നൽകിയത്. താരത്തിന്റെ താൽപര്യക്കുറവാണ് ഇക്കുറി ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം ലഭിക്കാത്തതിനു കാരണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഈ വാർത്ത ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നതിനിടെയാണ് മറുപടിയുമായി ഭുവനേശ്വർ കുമാർ നേരിട്ട് രംഗത്തെത്തിയത്.

‘എനിക്ക് ടെസ്റ്റ് ക്രിക്കറ്റിൽ തുടരാൻ താൽപര്യമില്ലെന്ന മട്ടിൽ ചില വാർത്തകൾ വായിച്ചു. ഇക്കാര്യത്തിൽ എന്റെ നിലപാട് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ക്രിക്കറ്റിൽ മൂന്നു ഫോർമാറ്റിലും കളിക്കാൻ എപ്പോഴും സുസജ്ജനായ വ്യക്തിയാണ് ഞാൻ. ഇക്കാര്യത്തിൽ ടീം തിരഞ്ഞെടുപ്പ് എന്നെ ബാധിക്കുന്നില്ല. ഇനിയങ്ങോട്ടും മൂന്നു ഫോർമാറ്റിലും കളിക്കാൻ ‍ഞാൻ തയാറായിരിക്കും.

‘ഒരു അഭ്യർഥന - ദയവു ചെയ്ത് നിങ്ങളുടെ തോന്നലുകൾ ‘കേന്ദ്ര’ങ്ങളെ ഉദ്ധരിച്ച് വാർത്തകളായി നൽകരുത്’!

ജൂൺ 18ന് സതാംപ്ടനിൽ ആരംഭിക്കുന്ന ന്യൂസീലൻഡിനെതിരായ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനും ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽനിന്നാണ് ഭുവനേശ്വർ കുമാർ പുറത്തായത്. താരത്തെ ടീമിലേക്കു പരിഗണിക്കാതിരുന്നത് ആരാധകർക്കിടയിലും വിസ്മയം സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് ഭുവനേശ്വർ  കുമാറിന്റെ താൽപര്യക്കുറവു കൊണ്ടാണ് പരിഗണിക്കാത്തതെന്ന റിപ്പോർട്ട് പ്രചരിച്ചത്.

English Summary: Bhuvneshwar Kumar slams media reports on his absence from India's Test squad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com