sections
MORE

സ്റ്റെയ്നെ ഏറ്റവും ത്രസിപ്പിച്ച ഷോട്ട് കളിച്ചത് സച്ചിനോ യുവിയോ സേവാഗോ അല്ല, ശ്രീശാന്ത്!

sreesanth-six
ആന്ദ്രെ നെല്ലിനെതിരെ സിക്സർ നേടിയ ശേഷം ബാറ്റു ചുഴറ്റി നൃത്തം ചെയ്യുന്ന ശ്രീശാന്ത്.
SHARE

ജൊഹാനാസ്ബർഗ്∙ ഓർക്കുന്തോറും നിങ്ങളെ ഏറ്റവുമധികം ത്രസിപ്പിക്കുന്ന ബാറ്റ്സ്മാനും അദ്ദേഹത്തിന്റെ ഒരു ഷോട്ടും പറയാമോ? ഈ ചോദ്യം ദക്ഷിണാഫ്രിക്കൻ പേസ് ബോളർ ഡെയ്‍ൽ  സ്റ്റെയ്നോടാണെങ്കിൽ ഉത്തരം അൽപം വ്യത്യസ്തമാണ്; മലയാളി താരം എസ്. ശ്രീശാന്ത്. ഓർക്കുന്തോറും സ്റ്റെയ്നെ ഇത്രമാത്രം ത്രസിപ്പിക്കുന്ന ശ്രീശാന്തിന്റെ ഷോട്ട് ഏതാണെന്നോ? ദക്ഷിണാഫ്രിക്കൻ ടീമിൽ സ്റ്റെയ്നിന്റെ സഹതാരം കൂടിയായിരുന്ന പേസ് ബോളർ ആന്ദ്രെ നെല്ലിനെതിരെ ശ്രീശാന്ത് നേടിയ ആ സ്ലോഗ് സിക്സർ! നെല്ലുമായി ഇടഞ്ഞതിനു പിന്നാലെ ജൊഹാനാസ്ബർഗിൽ വച്ച് ശ്രീശാന്ത് നേടിയ ആ സിക്സറില്ലേ? അതു തന്നെ!

ക്രിക്കറ്റ് വെബ്സൈറ്റായ ‘ഇഎസ്പിഎൻ ക്രിക്ഇൻഫോ’ ട്വിറ്ററിൽ കുറിച്ചിട്ട ഒരു ചോദ്യത്തിനുള്ള കമന്റുകളുടെ കൂട്ടത്തിലാണ്, ശ്രീശാന്തിന്റെ ആ സിക്സറിനോടുള്ള ഇഷ്ടം സ്റ്റെയ്ൻ പരസ്യമാക്കിയത്. അന്ന് നെല്ലിനെതിരെ ശ്രീശാന്ത് സിക്സർ നേടുമ്പോഴും പിന്നീട് ബാറ്റു ചുഴറ്റി പിച്ചിനു നടുവിൽ നൃത്തം ചെയ്യുമ്പോഴും സ്റ്റെയ്നും കളത്തിലുണ്ടായിരുന്നു.

‘എപ്പോൾ ആലോചിച്ചാലും നിങ്ങളെ ഏറ്റവുമധികം ത്രസിപ്പിക്കുന്ന ബാറ്റ്സ്മാനും അദ്ദേഹത്തിന്റെ ഷോട്ടും ഏതാണെന്ന് പറയൂ’ – ഇതായിരുന്നു ‘ക്രിക്ഇൻഫോ’ ട്വീറ്റ് ചെയ്ത ചോദ്യം. ഇതിനു മറുപടിയായി സ്റ്റെയ്ൻ കുറിച്ചതിങ്ങനെ:

‘ശ്രീശാന്തും ആന്ദ്രെ നെല്ലിനെതിരെ നേടിയ ആ സ്ലോഗ് സിക്സും പിന്നാലെ നടത്തിയ ബാറ്റു ചുഴറ്റിയുള്ള നൃത്തവും. ഐതിഹാസികം’ – സ്റ്റെയ്ൻ കുറിച്ചു.

2006ൽ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ  നടത്തിയ പര്യടനത്തിനിടെയാണ് ശ്രീശാന്തിന്റെ വിഖ്യാതമായ ആ സിക്സർ പിറന്നത്. കരുത്തുറ്റ നിരയുമായി കളത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കാണ് പരമ്പരയിൽ ക്രിക്കറ്റ് വിദഗ്ധരെല്ലാം കൂടുതൽ സാധ്യത കൽപ്പിച്ചത്. ഇതു ശരിവയ്ക്കുന്ന വിധത്തിലായിരുന്നു ആദ്യ ടെസ്റ്റിന്റെ തുടക്കവും.

ജൊഹാനാസ്ബർഗിൽ നടന്ന ഒന്നാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ്. അദ്ദേഹം തിരഞ്ഞെടുത്തത് ബാറ്റിങ്. സച്ചിൻ തെൻഡുൽക്കറും വീരേന്ദർ സേവാഗും രാഹുൽ ദ്രാവിഡും സൗരവ് ഗാംഗുലിയും വി.വി.എസ്. ലക്ഷ്മണും മഹേന്ദ്രസിങ് ധോണിയും വസിം ജാഫറുമെല്ലാം ഉൾപ്പെടുന്ന ഇന്ത്യൻ ബാറ്റിങ് നിര ഒന്നാം ഇന്നിങ്സിൽ 249 റൺസിന്  പുറത്തായി. അർധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഗാംഗുലി (101 പന്തിൽ 51) ആയിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. സച്ചിൻ 89 പന്തിൽ ഏഴു ഫോറുകളോടെ 44 റൺസുമെടുത്തു.

മറുപടി ബാറ്റിങ്ങിൽ മലയാളി താരം ശ്രീശാന്തിനു മുന്നിൽ തകർന്നടിഞ്ഞ ദക്ഷിണാഫ്രിക്ക, വെറും 84 റൺസിന് ഓൾഔട്ടായി. മൂന്നു പേർ മാത്രം രണ്ടക്കം കണ്ട ഇന്നിങ്സിൽ, 60 പന്തിൽ 24 റൺസെടുത്ത ആഷ്‌വെൽ പ്രിൻസ് ടോപ് സ്കോററായി. ശ്രീശാന്ത് 10 ഓവറിൽ 40 റൺസ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റ് പിഴുതത്.

165 റൺസ് ഒന്നാം ഇന്നിങ്സ് ലീഡുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്സിലും അത്ര മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല. അവസാന വിക്കറ്റിൽ ശ്രീശാന്തും വി.ആർ.വി. സിങ്ങും ഉൾപ്പെട്ട സഖ്യം ഇന്ത്യയുടെ ലീഡ് 400 കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കൻ പേസ് ബോളർ ആന്ദ്രെ നെൽ ശ്രീശാന്തിനെ പ്രകോപിപ്പിച്ച് എന്തോ പറഞ്ഞത്. ഇന്ത്യൻ ഇന്നിങ്സിലെ 64–ാം ഓവറിലെ ആദ്യ പന്തിനു പിന്നാലെയായിരുന്നു നെല്ലിന്റെ ‘ഷോ’!

പക്ഷേ, വെല്ലുവിളികളോട് അതേ രീതിയിൽ പ്രതികരിക്കാറുള്ള ശ്രീശാന്ത് അടുത്ത പന്തിൽ പകരം വീട്ടി. നെല്ലിന്റെ പന്തിൽ ക്രീസ് വിട്ടിറങ്ങിയ ശ്രീശാന്തിന്റെ ഷോട്ട് ഗാലറിയിലെത്തി! നെല്ലിന്റെ പ്രകോപനത്തോട് സിക്സറടിച്ച് പ്രതികരിച്ച ശ്രീശാന്ത്, പിച്ചിനു നടുവിൽ ബാറ്റു ചുഴറ്റി നൃത്തം ചെയ്താണ് ആഘോഷിച്ചത്. പിന്നീട് വി.ആർ.വി. സിങ് റണ്ണൗട്ടായതോടെ ഇന്ത്യ 236 റൺസിന് പുറത്താകുകയും ചെയ്തു. പിന്നീട് രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റ് വീതം പിഴുത സഹീർ ഖാൻ, ശ്രീശാന്ത്, അനിൽ കുംബ്ലെ എന്നിവരുടെ മികവിൽ ദക്ഷിണാഫ്രിക്കയെ 278 റൺസിന് പുറത്താക്കിയ ഇന്ത്യ 123 റൺസിന്റെ കൂറ്റൻ വിജയം നേടി. ശ്രീശാന്ത് കളിയിലെ കേമനുമായി.

English Summary: Dale Steyn names S Sreesanth's shot off Andre Nel as one that gives him chills every time

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA