ADVERTISEMENT

ന്യൂഡൽഹി∙ തമിഴ്നാട്ടിൽ നിന്നുള്ള യുവ ഓൾറൗണ്ടർ ഷാരൂഖ് ഖാനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് രംഗത്ത്. വെസ്റ്റിന്‍ഡീസ് താരം കയ്റൻ പൊള്ളാർഡിന്റെ ചെറുപ്പകാലം ഓർമിപ്പിക്കുന്ന താരമാണ് ഷാരൂഖെന്ന് സേവാഗ് അഭിപ്രായപ്പെട്ടു. ട്വന്റി20 ഫോർമാറ്റിൽ ഷാരൂഖ് സെഞ്ചുറി നേടുമെന്ന കാര്യം തീർച്ചയാണെന്നും സേവാഗ് അഭിപ്രായപ്പെട്ടു. ഐപിഎൽ 14–ാം സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ പഞ്ചാബ് കിങ്സ് 5.25 കോടി രൂപയ്ക്ക് വാങ്ങിയ ഷാരൂഖ്, എല്ലാ മത്സരങ്ങളിലും കളത്തിലിറങ്ങിയിരുന്നു.

പഞ്ചാബ് കിങ്സ് നിരയിൽ ആറാമാനായി ബാറ്റിങ്ങിനെത്തിയിരുന്ന ഷാരൂഖ്, വമ്പൻ ഷോട്ടുകൾ കളിക്കാനുള്ള കഴിവ് പലകുറി പ്രകടമാക്കിയിരുന്നു. ഏതു ബോളറെയും നിർഭയം നേരിടുന്ന ഷാരൂഖിന്റെ ശൈലിയും ശ്രദ്ധ നേടി. ചെന്നൈ സൂപ്പർ കിങ്സിനെതിരെ പഞ്ചാബ് കിങ്സ് തോറ്റ് മത്സരത്തിൽ 36 പന്തിൽ 47 റൺസ് നേടിയതാണ് ഷാരൂഖ് ഖാന്റെ മികച്ച പ്രകടനം. കളിച്ച ഏഴു മത്സരങ്ങളിൽ ഷാരൂഖിന്റെ പ്രകടനം ഇങ്ങനെ: 6*, 47, 15*, 22, 13, 0, 4. പാതിവഴിയിൽ നിന്നുപോയ അരങ്ങേറ്റ സീസണിൽ ഒരു അർധസെഞ്ചുറി പോലും നേടാനായില്ലെങ്കിലും, കുറച്ചുകൂടി പരിശ്രമിച്ചാൽ ഷാരൂഖിന് അനായാസം മികവു കാട്ടാനാകുമെന്ന് സേവാഗ് അഭിപ്രായപ്പെട്ടു.

‘ഷാരൂഖ് ഖാനെ കാണുമ്പോൾ ഐപിഎലിൽ കയ്റൻ പൊള്ളാർഡിന്റെ തുടക്ക കാലമാണ് ഓർമ വരുന്നത്. എല്ലാവരും അന്ന് പൊള്ളാർഡിന്റെ പുറകേയായിരുന്നു. കാരണം, ഏതു ബോളർക്കെതിരെയും നിന്ന നിൽപ്പിൽ സിക്സർ നേടാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഷാരൂഖ് ഖാനും അതേ കഴിവുണ്ട്’ – സേവാഗ് പറഞ്ഞു.

ഇക്കഴിഞ്ഞ ആഭ്യന്തര സീസണിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും പുറത്തെടുത്ത മിന്നുന്ന പ്രകടനത്തിന്റെ ബലത്തിലാണ് ഐപിഎൽ താരലേലത്തിൽ ഷാരൂഖ് ഖാൻ കോടിപതിയായത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കിരീടം ചൂടിയ തമിഴ്നാട് ടീമിനായി 200ൽ അധികം റൺസാണ് ഷാരൂഖ് അടിച്ചുകൂട്ടിയത്. വിജയ് ഹസാരെ ട്രോഫിയിൽ വെറും അ‍ഞ്ച് മത്സരങ്ങളിൽനിന്ന് 198 റൺസും അടിച്ചുകൂട്ടി. ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകിയാൽ ട്വന്റി20 ഫോർമാറ്റിൽ സെഞ്ചുറി പോലും നേടാൻ ഷാരൂഖിന് കഴിയുമെന്ന് സേവാഗ് അഭിപ്രായപ്പെട്ടു.

‘ഷാരൂഖിന് ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകിയാൽ, അദ്ദേഹം ക്ലിക്കാകുന്ന ദിവസം സെഞ്ചുറി പോലും നേടാൻ കഴിയുമെന്ന് ഉറപ്പാണ്. കഴിഞ്ഞ പന്തിൽ എന്താണ് സംഭവിച്ചതെന്ന് ഓർക്കുക പോലും ചെയ്യാതെ അടുത്ത പന്തു നേരിടുന്ന തരത്തിലുള്ള കളിക്കാരനാണ് അയാൾ. ചില ബാറ്റ്സ്മാൻ തൊട്ടു മുൻപ് നേരിട്ട പന്തിനെക്കുറിച്ചുള്ള ടെൻഷനോടെയാകും അടുത്ത പന്തിനായി തയാറെടുക്കുക. പക്ഷേ കഴിഞ്ഞ പന്തിൽ സംഭവിച്ചത് എന്തെന്ന് ഓർക്കുക പോലും ചെയ്യാത്തവർക്കാണ് വിജയിക്കാനാകുക എന്നാണ് എന്റെ അഭിപ്രായം’ – സേവാഗ് പറഞ്ഞു.

English Summary: Shahrukh Khan reminds Virender Sehwag of young Kieron Pollard: He could even hit a T20 hundred

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com