ADVERTISEMENT

ചെന്നൈ∙ ഇന്ത്യൻ ക്രിക്കറ്റിലെ ഒരേയൊരു ‘ത്രീഡി’ കളിക്കാരൻ ആരാണ്? ചോദ്യത്തിനുള്ള ഉത്തരം മിക്കവാറും ചെന്നെത്തുക തമിഴ്നാട് താരം വിജയ് ശങ്കറിലാകും. എന്താണ് കാരണം? 2019ലെ ഏകദിന ലോകകപ്പ് സമയത്ത് അമ്പാട്ടി റായുഡുവിനെ തഴഞ്ഞ് വിജയ് ശങ്കറിനെ ടീമിലെടുക്കാൻ സിലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്ന എം.എസ്.കെ. പ്രസാദ് പറഞ്ഞ കാരണമാണ് ‘ത്രീഡി’. ബാറ്റിങ്, ഫീൽഡിങ്, ബോളിങ് എന്നിങ്ങനെ ‘ത്രിമുഖ പ്രതിഭ’യാണ് വിജയ് ശങ്കർ എന്ന അർഥത്തിലാണ് എം.എസ്.കെ. പ്രസാദ് അദ്ദേഹത്തെ ‘ത്രീഡി താരം’ എന്ന് വിശേഷിപ്പിച്ചത്.

വിജയ് ശങ്കറിന്റെ പ്രത്യേകത വിവരിക്കുന്നതിനാണ് പ്രസാദ് ഈ വാക്ക് ഉപയോഗിച്ചതെങ്കിലും, അവിടുന്നിങ്ങോട്ട് താരത്തെ ട്രോളാനുള്ള പ്രധാന ഉപാധിയായും ഇതേ പ്രയോഗം മാറിയെന്നതാണ് കൗതുകം. പ്രസാദിന്റെ പ്രയോഗത്തെ ‘ട്രോളി’ ലോകകപ്പ് കാണാൻ താനൊരു ‘ത്രീഡി കണ്ണട’യ്ക്ക് ഓർഡർ നൽകിയിട്ടുണ്ടെന്ന റായുഡുവിന്റെ ട്വീറ്റാണ് ത്രീഡി പ്രയോഗം വൈറലാക്കിയത്. അവിടുന്നിങ്ങോട്ട് വിജയ് ശങ്കറിന്റെ പ്രകടനം മോശമാകുമ്പോഴെല്ലാം ട്രോളുകളിൽ ഈ ‘ത്രീഡി’ പ്രയോഗം നിറയും. ഇതിനിടെ, തനിക്കെതിരായ ത്രീഡി പ്രയോഗത്തെക്കുറിച്ചും ട്രോളുകളെക്കുറിച്ചും മനസ്സു തുറക്കുകയാണ് വിജയ് ശങ്കർ.

‘ആ പ്രയോഗവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. അവർ (സിലക്ടർമാർ) വെറുതേ എനിക്കു തന്നൊരു വിശേഷണം അപ്രതീക്ഷിതമായി വൈറലാകുകയായിരുന്നു. ആ സംഭവത്തിനു ശേഷം ഞാൻ ഇന്ത്യയ്ക്കായി ലോകകപ്പിൽ മൂന്നു മത്സരം കളിച്ചു. ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയും ചെയ്തു. അല്ലാതെ എന്റെ ഭാഗത്തുനിന്ന് മോശമായി ഒന്നും സംഭവിച്ചിട്ടില്ല’ – വിജയ് ശങ്കർ പറഞ്ഞു.

‘ഒട്ടേറെപ്പേർ എന്നെ അമ്പാട്ടി റായുഡുവുമായി താരതമ്യം ചെയ്യുന്നുണ്ട്. പക്ഷേ ഞങ്ങൾ കളിക്കുന്ന സ്ഥാനവും സാഹര്യങ്ങളും തികച്ചും വ്യത്യസ്തമാണ്. ഇത്തരം താരതമ്യങ്ങൾ പ്രശ്നമല്ല. പക്ഷേ ഞങ്ങൾ കളിക്കുന്ന സ്ഥാനങ്ങളുടെ വ്യത്യാസമെങ്കിലും പരിഗണിക്കേണ്ടേ? മിക്കവർക്കും അതൊന്നും പ്രശ്നമല്ല. അവർ ഇത്തരം ഘടകങ്ങളൊന്നും ഗൗനിക്കാതെ എന്റെ ചെലവിൽ ട്രോളുകളുണ്ടാക്കുകയാണ്’ – വിജയ് ശങ്കർ പറഞ്ഞു.

അമ്പാട്ടി റായുഡുവുമായി വ്യക്തിപരമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും വിജയ് ശങ്കർ പറഞ്ഞു. ‘ഞങ്ങൾ കാണുമ്പോഴെല്ലാം പതിവുപോലെ മിണ്ടാറുണ്ട്. ഞങ്ങൾക്കിടയിൽ വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ല. അദ്ദേഹത്തിന്റെ (ത്രീഡി) ട്വീറ്റ് അങ്ങനങ്ങു കേറി വൈറലായി എന്നേയുള്ളൂ. അതിന്റെ പേരിൽ എനിക്ക് അദ്ദേഹത്തോടു യാതൊരു പ്രശ്നവുമില്ല. അടുത്തിടെ ഡൽഹിയിൽവച്ച് ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നു. അന്നും ഞങ്ങൾ ഒരുപാടു സംസാരിച്ചു’ – വിജയ് ശങ്കർ പറഞ്ഞു.

English Summary: Vijay Shankar holds no grudge against Ambati Rayudu but deplores social media trolls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com