ADVERTISEMENT

മുംബൈ∙ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രത്തിൽ ഭാര്യ സഫ ബെയ്ഗിന്റെ മുഖം മറച്ചതിന്റെ പേരിൽ വിമർശനങ്ങളുടെ നടുവിലാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. മകന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ചിത്രത്തിലാണ് സഫയുടെ മുഖം മറച്ചത്. സംഭവം വൻതോതിൽ ശ്രദ്ധ നേടുകയും പഠാനെതിരെ വിദ്വേഷ പ്രചാരണവുമായി ഒരു വിഭാഗം ആളുകൾ രംഗത്തിറങ്ങുകയും ചെയ്തതോടെ വിശദീകരണവുമായി താരം നേരിട്ട് രംഗത്തു വരേണ്ടി വന്നു. മുഖം മറച്ചത് ഭാര്യയുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും അവളുടെ അധിപനല്ല, പങ്കാളിയാണ് താനെന്നും പഠാൻ ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യൻ ക്രിക്കറ്റിൽ ഒരുകാലത്ത് ഏറ്റവും പ്രതീക്ഷ നൽകിയ ഓൾറൗണ്ടറായിരുന്ന ഇർഫാൻ പഠാൻ, ഭാര്യയുടെ ചിത്രം പോസ്റ്റ് ചെയ്ത് വിവാദത്തിൽ ചാടുന്നത് ഇതാദ്യമല്ല. ഫോട്ടോയിൽ ഭാര്യയുടെ മുഖം മറച്ചതിന്റെ പേരിൽ മുൻപും വിവാദത്തിൽ ചാടിയിട്ടുണ്ട് പഠാൻ. ഭാര്യ നഖം മിനുക്കിയതിന്റെ പേരിലും വിവാദങ്ങളുണ്ടായി.

2017ലാണ് ഇർഫാൻ പഠാൻ ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് ആദ്യം വിവാദത്തിൽ ചാടുന്നത്. അന്ന് വാഹനത്തിൽവച്ച് പഠാൻ പകർത്തിയ സെൽഫിയിൽ കൈകൊണ്ട് മുഖം മറച്ചാണ് സഫ പോസ് ചെയ്തത്. മുഖം മറച്ചതിനേക്കാൾ, കൈവിരലുകളിലെ നഖത്തിൽ ‘നെയിൽ പോളിഷ്’ ഇട്ടതാണ് വിമർശനം ക്ഷണിച്ചുവരുത്തിയത്.

2018ൽ നടൻ പ്രിൻസ് നരൂലയുടെയും യുവികയുടെയും വിവാഹച്ചടങ്ങിൽ ഇർഫാൻ പഠാനൊപ്പം ഭാര്യ സഫ ‘ഹിജാബ്’ ധരിച്ചെത്തിയതിന് ഒട്ടേറെ ട്രോളുകളുണ്ടായി. അതേ വർഷം, കയ്യിൽ മെഹന്തിയും ‘നെയിൽ പോളിഷും’ അണിഞ്ഞ സഫയുടെ കൈയുടെ ചിത്രം ഇർഫാൻ പങ്കുവച്ചതും വിവാദമായി.

2019ലും കാര്യമായ വ്യത്യാസങ്ങളൊന്നുമുണ്ടായില്ല. വെക്കേഷൻ കാലത്ത് മഞ്ഞുമൂടിയ പ്രദേശത്തുനിന്ന് ഇർഫാൻ പഠാൻ പങ്കുവച്ച ചിത്രത്തിൽ, ഭാര്യയുടെ മുഖം മറച്ചത് വിവാദമായി.

2020ൽ നാലാം വിവാഹ വാർഷിക ദിനത്തിൽ പഠാൻ പങ്കുവച്ച ചിത്രമാണ് മറ്റൊരു വിവാദത്തിന് തിരികൊളുത്തിയത്. ഇത്തവണയും ഭാര്യയുടെ മുഖം മറച്ചതുതന്നെ പ്രശ്നം. നാലാം വിവാഹ വാർഷികമെന്ന് ഇംഗ്ലിഷിൽ എഴുതിയത് ഭാര്യയുടെ മുഖം മറയ്ക്കുന്ന രീതിയിലായത് മനഃപൂർവമാണെന്നായിരുന്നു വിമർശനം.

English Summary: Occasions when Irfan Pathan's wife's photographs created a stir on social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com