ADVERTISEMENT

ലണ്ടൻ∙ കൗമാര കാലത്തെ വിദ്വേഷ ട്വീറ്റുകളുടെ പേരിൽ അരങ്ങേറ്റ ടെസ്റ്റിനു പിന്നാലെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിലക്കപ്പെട്ട ഒലി റോബിൻസനു പിന്നാലെ ഇംഗ്ലിഷ് ടീമിലെ കൂടുതൽ താരങ്ങൾ വിവാദക്കുരുക്കിൽ. ഒരു തരത്തിലുമുള്ള വേർതിരിവുകളും പ്രോത്സാഹിപ്പിക്കില്ലെന്ന് ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് (ഇസിബി) നിലപാട് കർശനമാക്കിയതിനു പിന്നാലെ, അവരുടെ ഏകദിന ടീം നായകൻ ഒയിൻ മോർഗൻ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‍ലർ തുടങ്ങിയവരും ആരോപണ നിഴലിലായി. മുൻപ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചില ‘തമാശ’കളാണ് ഇപ്പോൾ ഇംഗ്ലിഷ് താരങ്ങളെ തിരിച്ചടിക്കുന്നത്.

ഇവർക്കു പുറമെ, കൗമാര കാലത്തെ ട്വീറ്റുകളുടെ പേരിൽ മറ്റൊരു ഇംഗ്ലിഷ് താരം കൂടി ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡിന്റെ അന്വേഷണ പരിധിയിലുള്ളതായി റിപ്പോർട്ടുകളുണ്ട്. ഈ താരത്തെ കുറിച്ചുള്ള സൂചനകളൊന്നും ബോർഡ് പുറത്തു വിട്ടിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഇംഗ്ലിഷ് ഭാഷയിലുള്ള അറിവില്ലായ്മയെ പരിഹസിച്ച് ട്വീറ്റ് ചെയ്തതാണ് മോർഗനും ബട്‍ലറിനും വിനയായിരിക്കുന്നത്. ഇവർക്കൊപ്പം ന്യൂസീലൻഡിന്റെ മുൻ താരം ബ്രണ്ടൻ മക്കല്ലവും ആരോപണ വിധേയനാണ്.

2017–18 കാലഘട്ടത്തിൽ തമാശരൂപേണ നടത്തിയ സംഭാഷണമാണ് ഇപ്പോൾ മോർഗനെയും ബട്‍ലറിനെയും തിരിച്ചടിക്കുന്നത്. വിദ്വേഷം ജനിപ്പിക്കുന്ന ട്വീറ്റുകളുടെ പേരിൽ ഒലി റോബിൻസനെ ഇംഗ്ലിഷ് ബോർഡ് വിലക്കിയതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഇംഗ്ലിഷ് ഭാഷയെ കളിയാക്കി ഇവർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്ത്യക്കാരുടെ ഇംഗ്ലിഷ് ഭാഷയെ കളിയാക്കിക്കൊണ്ടുള്ള ട്വീറ്റുകളിൽ ഇസിബി അന്വേഷണം നടത്തുന്നതായി ഒരു ഇംഗ്ലിഷ് മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്.

റോബിൻസനെ വിലക്കാൻ കാരണമായ ട്വീറ്റുകൾക്ക് ഒൻപത് വർഷം വരെ പഴക്കമുണ്ടെങ്കിൽ, മോർഗനെയും ബട്‍ലറിനെയും ആരോപണ മുനയിൽ നിർത്തുന്ന ട്വീറ്റുകൾ താരതമ്യേന പുതിയതാണ്. നിലവിൽ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസ് താരവും ഇംഗ്ലിഷ് ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനുമാണ് ബട്‍ലർ. ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനാണ് ഇംഗ്ലണ്ടിന്റെ ഏകദിന ക്യാപ്റ്റൻ കൂടിയായ മോർഗൻ.

ഇതിനിടെ, ഇംഗ്ലണ്ടിന്റെ വെറ്ററൻ താരം ജയിംസ് ആൻഡേഴ്സൻ ഒരു വിവാദ ട്വീറ്റ് ‘മുക്കി’യതായും വ്യക്തമായിട്ടുണ്ട്. 2010ൽ പോസ്റ്റ് ചെയ്ത ട്വീറ്റാണ് ആൻഡേഴ്സൻ ഡിലീറ്റ് ചെയ്തത്. ‘ബ്രോഡിയുടെ (സ്റ്റുവാർട്ട് ബ്രോഡ്) പുതിയ ഹെയർ സ്റ്റൈൽ ഞാൻ ഇന്നാണ് കാണുന്നത്. പതിനഞ്ചു വയസ്സുള്ള ലെസ്ബിയനേപ്പോലെയുണ്ട്’ – ഇതായിരുന്നു ആൻഡേഴ്സന്റെ ട്വീറ്റ്.

നേരത്തെ, 2012–13 കാലത്ത് റോബിൻസൻ ട്വിറ്ററിലിട്ട വർണവെറിയുണ്ടാക്കുന്നതും ലിംഗനീതിക്കെതിരായതുമായ പോസ്റ്റുകളുടെ പേരിൽ താരത്തിനു രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിലക്കേർപ്പെടുത്താൻ ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നു. ന്യൂസീലൻഡിനെതിരെ കഴിഞ്ഞ ദിവസം സമനിലയിൽ അവസാനിച്ച ആദ്യ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച റോബിൻസൻ 7 വിക്കറ്റുകൾ വീഴ്ത്തിയും ഒന്നാം ഇന്നിങ്സിൽ 42 റൺസടിച്ചും തിളങ്ങിയതിനു പിന്നാലെയാണു വിലക്കു വീണത്.

അതേസമയം, കൗമാര കാലത്തെ ട്വീറ്റുകളുടെ പേരിൽ റോബിൻസിനു വിലക്ക് ഏർപ്പെടുത്തിയ ഇംഗ്ലിഷ് ബോർഡിന്റെ നടപടിക്കെതിരെ വിമർശനവുമുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ, കായിക മന്ത്രി ഒളിവർ ഡൗഡൻ തുടങ്ങിയവരാണ് വിലക്ക് തീരുമാനത്തെ വിമർശിച്ചത്. 

English Summary: ECB begins investigating Eoin Morgan, Jos Buttler tweets mocking Indians; Anderson deletes controversial post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com