ADVERTISEMENT

മുംബൈ∙ സ്വിങ് ബോളിങ്ങും പേസ് ബോളിങ്ങും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചും രണ്ട് ശൈലികളുടെയും ഗുണങ്ങൾ എടുത്തുപറഞ്ഞും മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. സ്വിങ് ബോളിങ്ങിനു പേരുകേട്ട ഇന്ത്യൻ താരം ഭുവനേശ്വർ കുമാറിന് പെട്ടെന്നൊരു ദിവസം പാക്കിസ്ഥാന്റെ ശുഐബ് അക്തറിനേപ്പോലെ വേഗമേറിയ ബോളറാകാനാകില്ലെന്ന് പഠാൻ ചൂണ്ടിക്കാട്ടി. രണ്ടു ശൈലിക്കും അതിന്റേതായ ഗുണങ്ങളുണ്ടെങ്കിലും ചലിക്കുന്ന പന്ത് നേരിടാനാകും ബാറ്റ്സ്മാൻ കൂടുതൽ ബുദ്ധിമുട്ടുകയെന്ന് പഠാൻ അഭിപ്രായപ്പെട്ടു.

പന്ത് രണ്ടു വശത്തേക്കും സ്വിങ് ചെയ്യിക്കാൻ കഴിയുന്ന ബോളറാണ് ഭുവനേശ്വർ കുമാറെന്ന് പഠാൻ ചൂണ്ടിക്കാട്ടി. പെട്ടെന്ന് ഒരു ദിവസം ശുഐബ് അക്തറിനേപ്പോലെ അതിവേഗത്തിൽ ബോൾ ചെയ്യുന്ന പേസ് ബോളറാകാൻ ഭുവനേശ്വറിന് കഴിയില്ല. ക്രിക്കറ്റ് കണ്ട ഏറ്റവും വേഗമേറിയ പേസ് ബോളർമാരിൽ ഒരാളാണ് അക്തർ.

‘പേസ് ബോളറായിരിക്കുന്നതിന്റെ പേരിലുള്ള നിരാശ കൊണ്ട് ആർക്കും ഒന്നും നേടാനാകില്ല. ഭുവനേശ്വർ കുമാറിൽനിന്ന് ശുഐബ് അക്തറിലേക്ക് നിങ്ങൾക്ക് മാറാനുമാകില്ല. ഇത്തരം മാറ്റങ്ങൾക്കു ശ്രമിച്ചാൽ നിങ്ങൾക്ക് സ്വിങ് നഷ്ടമാകും. വേഗം കൊണ്ട് ബാറ്റ്സ്മാനെ ബുദ്ധിമുട്ടിക്കാനുമാകില്ല’ – ഒരു മാസികയിൽ എഴുതിയ കോളത്തിൽ പഠാൻ കുറിച്ചു. വേഗം വർധിപ്പിക്കാനായി സ്വിങ് ബോളിങ്ങിൽ വിട്ടുവീഴ്ച ചെയ്യുന്ന പ്രവണത ആശാസ്യമല്ലെന്നും യുവ ബോളർമാർക്ക് പഠാൻ മുന്നറിയിപ്പു നൽകി.

‘കുറച്ച് വേഗം കൂട്ടാനായി സ്വിങ്ങിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നത് നല്ലതല്ലെന്നാണ് എന്റെ അഭിപ്രായം. ഇത്തരം പരീക്ഷണങ്ങൾക്കു പോയാൽ നിങ്ങൾ എങ്ങുമെത്താതെ പോകും. സ്വിങ് ബോളിങ്ങിന് അനുയോജ്യമായൊരു വേഗതയുണ്ട്. അതു മതി’ – പഠാൻ ചൂണ്ടിക്കാട്ടി.

ബോളിങ്ങിലേക്ക് കൂടുതൽ ആയുധങ്ങൾ ചേർക്കുന്നത് നല്ലതാണെങ്കിലും, അത് നിങ്ങളുടെ സ്വാഭാവികമായ ശൈലിയെ തകർത്തുകൊണ്ടാവരുതെന്ന് പഠാൻ പറഞ്ഞു. 2006ൽ പാക്കിസ്ഥാനെതിരെ തകർപ്പൻ സ്വിങ് ബോളിങ്ങിലൂടെ ടെസ്റ്റ് ഹാട്രിക് നേടിയ താരമാണ് പഠാൻ.

‘സാധാരണ ഗതിയിൽ ഒരു സ്വിങ് ബോളർ 130–135 റേഞ്ചിലാകും ബോൾ ചെയ്യുക. പരമാവധി സ്വിങ് ലഭിക്കുന്നതിനുള്ള ശരാശരി വേഗതയാണത്. അതേ വേഗതയിൽ ബോളർക്ക് യോർക്കറോ സ്ലോ ബോളോ കട്ടറോ എറിയാമെങ്കിൽ ലോകത്തിന്റെ ഏതു ഭാഗത്തും അയാൾ പിടിച്ചുനിൽക്കും. ബോഡി അലൈന്‍മെന്റ് കൃത്യമാണെങ്കിൽ അയാൾക്ക് ഇഷ്ടമനുസരിച്ച് എത്ര യോർക്കർ വേണമെങ്കിലും എറിയാം. രണ്ടു വശത്തേക്കും സ്വിങ്ങും ചെയ്യിക്കാം. പുതിയ പന്തിൽ കിട്ടുന്ന സ്വിങ് പഴയ പന്തിൽ ലഭിക്കില്ല എന്നത് വാസ്തവമാണ്. പക്ഷേ, ഇടയ്ക്ക് സ്ലോ ബോളോ യോർക്കറോ എറിയാൻ കഴിയുമെങ്കിൽ അത് അധിക ഗുണമാണ്’ – പഠാൻ പറഞ്ഞു.

‘ഉദാഹരണത്തിന് ഭുവനേശ്വർ കുമാറിനെ എടുക്കുക. അദ്ദേഹം അതിവേഗത്തിൽ എറിയുന്ന ബോളറല്ല. സ്വിങ്ങിന്റെ കാര്യത്തിൽ അദ്ദേഹം മുന്നിലാണ്. പക്ഷേ, സ്ലോ ബോളുകളും യോർക്കറുകളുമെല്ലാം യഥേഷ്ടം എറിയാനുള്ള മികവു പരിഗണിച്ച് ക്യാപ്റ്റൻ എപ്പോഴും അദ്ദേഹത്തെ ഡെത്ത് ഓവറുകളിൽ ഉപയോഗിക്കാറുണ്ട്’ – പഠാൻ ചൂണ്ടിക്കാട്ടി.

English Summary: ‘Can’t go from being Bhuvneshwar Kumar to Shoaib Akhtar’: Irfan Pathan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com