ADVERTISEMENT

മുംബൈ∙ ഏകദിന, ട്വന്റി20 പരമ്പരകൾ ഉൾപ്പെടുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചിരുന്നതുപോലെ മുതിർന്ന താരം ശിഖർ ധവാനാണ് ഇരുപതംഗ ടീമിന്റെ ക്യാപ്റ്റൻ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അഞ്ചു താരങ്ങളെ നെറ്റ് ബോളർമാരായും ഉൾപ്പെടുത്തി. ഇന്ത്യൻ ടെസ്റ്റ് ടീം ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്നതിനാൽ ഏകദിന, ട്വന്റി20 സ്പെഷലിസ്റ്റുകൾ ഉൾപ്പെട്ട ടീമാണ് ശ്രീലങ്കയിലേക്കു പോകുന്നത്. മലയാളി താരങ്ങളായ സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ തുടങ്ങിയവർ ടീമിലുണ്ട്. മറ്റൊരു മലയാളി താരം സന്ദീപ് വാരിയരെ നെറ്റ് ബോളറായും ടീമിൽ ഉൾപ്പെടുത്തി.

ജൂലൈ 13ന് ആരംഭിക്കുന്ന പര്യടനത്തിൽ മൂന്നു വീതം ഏകദിന, ട്വന്റി20 മത്സരങ്ങളാണുള്ളത്. മുതിർന്ന താരങ്ങളുടെ അഭാവത്തിൽ ഒട്ടേറെ പുതുമുഖ താരങ്ങൾക്ക് ദേശീയ ടീമിലേക്ക് വിളിയെത്തി. ഭുവനേശ്വർ കുമാറാണ് വൈസ് ക്യാപ്റ്റൻ.

ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യൻ പ്രിമിയർ ലീഗിലും (ഐപിഎൽ) പുറത്തെടുത്ത മിന്നുന്ന പ്രകടനമാണ് കർണാടകയ്ക്കായി കളിക്കുന്ന മലയാളി താരം ദേവ്ദത്ത് പടിക്കലിന് ടീമിലേക്ക് വാതിൽ തുറന്നത്. ചെന്നൈ സൂപ്പർ കിങ്സ് താരമായ മഹാരാഷ്ട്രക്കാരൻ ഋതുരാജ് ഗെയ്‌ക്‌വാദും ആദ്യമായി ദേശീയ ടീമിലെത്തി. വിജയ് ഹസാരെ ട്രോഫിയിൽ മിന്നുന്ന ഫോമിലായിരുന്ന പൃഥ്വി ഷായും പ്രതീക്ഷ ശരിവച്ച് ടീമിൽ ഇടംപിടിച്ചു.

ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഉണ്ടായിരുന്ന സൂര്യകുമാർ യാദവ്, രാഹുൽ ചാഹർ, ഇഷാൻ കിഷൻ തുടങ്ങിയവർ ടീമിലെ സ്ഥാനം നിലനിർത്തി. ഐപിഎലിലെ സ്ഥിരതയാർന്ന പ്രകടനം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം നിതീഷ് റാണയ്ക്കും ടീമിലേക്കുള്ള വഴിയായി. സ്ഥിരം താരങ്ങളുടെ അഭാവത്തിലാണ് മനീഷ് പാണ്ഡെയ്ക്കും കുൽദീപ് യാദവിനും ദേശീയ ടീമിലേക്ക് മടങ്ങിവരവിന് അവസരം ഒരുങ്ങിയത്. യുസ്‌വേന്ദ്ര‌ ചെഹലും ടീമിലെത്തിയതോടെ ‘കുൽചാ’ സഖ്യത്തെ ഒരിക്കൽക്കൂടി കളത്തിൽ കാണാനും വഴിയൊരുങ്ങി.

ഐപിഎലിലൂടെ വരവറിയിച്ച യുവ പേസ് ബോളർ ചേതൻ സകാരിയയ്ക്കും ആദ്യമായി ദേശീയ ടീമിലേക്ക് വിളിയെത്തി. ഐപിഎലിൽ കാര്യമായി അവസരം ലഭിച്ചില്ലെങ്കിലും ഐപിഎൽ താരലേലത്തിൽ മിന്നുന്ന താരമായി മാറിയ കർണാടകക്കാരൻ കൃഷ്ണപ്പ ഗൗതവും ടീമിലുണ്ട്.

∙ ഇന്ത്യൻ ടീം ഇങ്ങനെ

ശിഖർ ധവാൻ (ക്യാപ്റ്റൻ), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ, ഋതുരാജ് ഗെയ്ക്‌വാദ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), യുസ്‌വേന്ദ്ര ചെഹൽ, രാഹുൽ ചാഹർ, കൃഷ്ണപ്പ ഗൗതം, ക്രുണാൽ പാണ്ഡ്യ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഭുവനേശ്വർ കുമാർ (വൈസ് ക്യാപ്റ്റൻ), ദീപക് ചാഹർ, നവ്ദീപ് സെയ്നി, ചേതൻ സകാരിയ

നെറ്റ് ബോളർമാർ: ഇഷാൻ പോറൽ, സന്ദീപ് വാരിയർ, അർഷ്ദീപ് സിങ്, സായ് കിഷോർ, സിമർജിത് സിങ്

English Summary: Dhawan named captain for Sri Lanka tour; Padikkal, Sakariya among new picks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com