sections
MORE

അന്ന് ഇല്ലാത്ത എന്ത് ബുദ്ധിമുട്ടാണ് ഇപ്പോൾ? പഴയ ട്വീറ്റുകൾ വിവാദമാക്കുന്നതിൽ വോൺ

anderson-buttler-morgan
ജയിംസ് ആൻഡേഴ്സൻ, ജോസ് ബട്‌ലറും ഒയിൻ മോർഗനും
SHARE

ലണ്ടൻ∙ അരങ്ങേറ്റ ടെസ്റ്റിനു പിന്നാലെ ഇംഗ്ലിഷ് താരം ഒലി റോബിൻസന്റെ വിലക്കിനു കാരണമായ ട്വീറ്റുകളുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നില്ല. ഇംഗ്ലിഷ് താരങ്ങളുടെ പഴയകാല ട്വീറ്റുകൾ കുത്തിപ്പൊക്കി വിവാദം സൃഷ്ടിക്കാനുള്ള ശ്രമത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ മൈക്കൽ വോൺ രംഗത്തെത്തി. ‌പോസ്റ്റ് ചെയ്ത സമയത്ത് ആർക്കും യാതൊരു അലോസരവും സൃഷ്ടിക്കാത്ത ട്വീറ്റുകൾ ഇപ്പോൾ എങ്ങനെയാണ് വലിയ പ്രശ്നമായി മാറുന്നതെന്ന് വോൺ ചോദിച്ചു. ഇത്തരം വേട്ടയാടലുകൾ അവസാനിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

ഇംഗ്ലണ്ടിന്റെ ഏകദിന ടീം നായകൻ ഒയിൻ മോർഗൻ, വൈസ് ക്യാപ്റ്റൻ ജോസ് ബട്‍ലർ, വെറ്ററൻ താരം ജയിംസ് ആൻഡേഴ്സൻ തുടങ്ങിയവരുടെ ട്വീറ്റുകളും വിവാദമായ സാഹചര്യത്തിലാണ് മറുപടിയുമായി വോണിന്റെ രംഗപ്രവേശം. ഇന്ത്യക്കാരുടെ ഇംഗ്ലിഷിലുള്ള പ്രാവീണ്യത്തെ പരിഹസിച്ച് 2–3 വർഷം മുൻപ് പോസ്റ്റ് ചെയ്ത ട്വീറ്റുകളുടെ പേരിലാണ് മോർഗനും ബട്‍ലറും പ്രതിക്കൂട്ടിലായത്. 2010ൽ സഹതാരം സ്റ്റുവാർട്ട് ബ്രോഡിന്റെ ഹെയർസ്റ്റൈലിനെ പരിഹസിച്ച് ലെസ്ബിയനേപ്പോലുണ്ടെന്ന് പറഞ്ഞാണ് ആൻഡേഴ്സൻ വിവാദത്തിൽ ചാടിയത്.

കൗമാരകാലത്ത് ട്വിറ്ററിലിട്ട വർണവെറിയുണ്ടാക്കുന്നതും ലിംഗനീതിക്കെതിരായതുമായ പോസ്റ്റുകളുടെ പേരിൽ റോബിൻസനു രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇംഗ്ലണ്ട് ടീമിലെ കൂടുതൽ താരങ്ങളുടെ ട്വീറ്റുകൾ വിവാദം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ചിലർ കുത്തിപ്പൊക്കിയത്. ഇതിനെതിരെ ട്വിറ്ററിലൂടെയാണ് വോണിന്റെ വിമർശനം.

‘മോർഗനോ ബട്‍ലറോ ആൻഡേഴ്സനോ ട്വീറ്റ് ചെയ്ത സമയത്ത് അതിന്റെ പേരിൽ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായതായി അറിയില്ല. പക്ഷേ വർഷങ്ങൾക്കിപ്പുറം ആ ട്വീറ്റുകൾ വലിയ വിദ്വേഷം ജനിപ്പിക്കുന്നവയായി മാറിയത് അദ്ഭുതകരം തന്നെ. എന്തൊരു വിഡ്ഢിത്തമാണിത്! ഈ വേട്ടയാടൽ അവസാനിപ്പിച്ചേ തീരൂ’ – വോൺ ട്വിറ്ററിൽ കുറിച്ചു.

നേരത്തെ, ഒലി റോബിൻസനെ വിലക്കിയ ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡിന്റെ നടപടിയെ മൈക്കൽ വോൺ സ്വാഗതം ചെയ്തിരുന്നു. അതേസമയം, റോബൻസനെ ആജീവനാന്തം വിലക്കണമെന്ന ആവശ്യത്തെ എതിർക്കുകയും ചെയ്തു.

‘ഒലി റോബിൻസൻ ‍വിഷയത്തെ ഇസിബി ഏറ്റവും ഉചിതമായ രീതിയിൽ കൈകാര്യം ചെയ്തുവെന്നാണ് ഞാൻ കരുതുന്നത്. ഇതിൽ അഭിപ്രായ വ്യത്യാസമുള്ളവർ ഉണ്ടായേക്കാം. പക്ഷേ, റോബിൻസനെ ഇനി ഒരിക്കലും കളിക്കാൻ അനുവദിക്കരുതെന്ന തരത്തിൽ ചിലർ ആവശ്യമുയർത്തുന്നത് വിഡ്ഢിത്തമാണ്. അദ്ദേഹത്തെ തീർച്ചയായും ഇന്ത്യയ്‌ക്കെതിരെ കളിപ്പിക്കണം’ – വോൺ ട്വിറ്ററിൽ കുറിച്ചു.

English Summary: Michael Vaughan livid with heat faced by Morgan, Buttler, Anderson

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA