ADVERTISEMENT

മലപ്പുറം∙ ഇനി പടിക്കൽ കാത്തു നിൽക്കേണ്ട, ദേവ്ദത്ത് പടിക്കൽ എന്ന മലപ്പുറത്തുകാരനായി ഇന്ത്യൻ ടീമിന്റെ വാതിൽ ഇതാ തുറന്നു കഴിഞ്ഞു. ശ്രീലങ്കയിൽ നടക്കുന്ന ഏകദിന, ട്വന്റി20 പരമ്പരകളിലേക്കുള്ള ഇന്ത്യൻ ടീമിലേക്കാണ് മലപ്പുറത്തിന്റെ അഭിമാനം വാനോളമുയർത്തി ദേവ്ദത്ത് പടിക്കൽ തിരഞ്ഞെടുക്കപ്പെട്ടത്.

ബെംഗളൂരുവിൽ താമസിക്കുന്ന ദേവ്ദത്ത് ജനിച്ചത് മലപ്പുറം ജില്ലയിലെ എടപ്പാളിലാണ്. നാലു വയസ്സുവരെ ഇവിടെയായിരുന്നു. അച്ഛനു ജോലി മാറ്റമായതോടെ ഹൈദരാബാദിലേക്കു ചേക്കേറിയ കുടുംബം പിന്നീടു ദേവിന്റെ ക്രിക്കറ്റ് ഭാവി ലക്ഷ്യമിട്ട് ബെംഗളൂരുവിലേക്കു മാറുകയായിരുന്നു. അച്ഛൻ ബാബുനു കുന്നത്ത് പാലക്കാട് ചിറ്റൂർ സ്വദേശിയാണ്. ബെംഗളൂരുവിൽ ഇലക്ട്രോണിക്സ് ബിസിനസ് രംഗത്താണ്. അമ്മ അമ്പിളി ബാലൻ പടിക്കൽ മലപ്പുറം എടപ്പാൾ സ്വദേശിയാണ്. അമ്മയുടെ വീട്ടുപേരാണ് ദേവ്‌ദത്തിന്റെ പേരിനൊപ്പമുള്ള പടിക്കൽ. ഒരു സഹോദരി കൂടിയുണ്ട്, ചാന്ദ്‌നി.

ആഭ്യന്തര ക്രിക്കറ്റിലെ തുടർച്ചയായ റൺവേട്ടയും, പാതിക്കുവച്ച് നിന്നെങ്കിലും ഇത്തവണയും ഐപിഎലിൽ പുറത്തെടുത്ത ബാറ്റിങ് മികവുമാണ് ദേവ്ദത്തിന്റെ ഇന്ത്യൻ ടീമിലേക്കുള്ള പ്രവേശനം എളുപ്പമാക്കിയത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും നടന്ന വിജയ് ഹസാരെ, സയ്യിദ് മുഷ്താഖ് അലി ആഭ്യന്തര ടൂർണമെന്റുകളിൽ മികച്ച പ്രകടനമാണ് ദേവ്ദത്ത് കാഴ്ചവച്ചത്. വിജയ് ഹസാരെയിൽ 7 മത്സരങ്ങളിൽനിന്ന് 737 റൺസ് അടിച്ചു. 4 സെഞ്ചുറികളും 3 അർധ സെഞ്ചുറികളും അടങ്ങിയ പ്രകടനം സിലക്ടർമാരുടെ ശ്രദ്ധ നേടിയിരുന്നു.

മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിൽ 218 റൺസാണ് നേടിയത്. ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലാണ് കന്നി സെഞ്ചുറിയുമായി ദേവ് ‘വിശ്വരൂപം’ പുറത്തെടുത്തത്.  52 പന്തിൽനിന്ന് 101 റൺസുമായി പുറത്താകാതെ നിന്ന ദേവ്, 177 റൺസ് പിന്തുടർന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ അനായാസ വിജയത്തിലെത്തിക്കുകയായിരുന്നു. ഐപിഎൽ നിർത്തിവയ്ക്കുമ്പോൾ 6 മത്സരങ്ങളിൽനിന്ന് 195 റൺസായിരുന്നു സമ്പാദ്യം. മുൻനിര താരങ്ങൾ ഇംഗ്ലണ്ടിൽ ടെസ്റ്റ് കളിക്കുമ്പോൾ യുവതാരങ്ങൾക്ക് മികച്ച പ്രകടനത്തിലൂടെ ഉയർന്നു വരാനുള്ള അവസരമാണ് ശ്രീലങ്കൻ പര്യടനത്തിലൂടെ ഒരുങ്ങുന്നത്. 

English Summary: Prithvi Shaw and Devdutt Padikkal in India side for Sri Lanka tour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com