ADVERTISEMENT

മുംബൈ∙ 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ നയിക്കാനുള്ള അവസരം തനിക്കു ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന വെളിപ്പെടുത്തലുമായി മുൻ താരം യുവരാജ് സിങ് രംഗത്ത്. എന്നാൽ, മുതിർന്ന താരങ്ങൾ ഒന്നടങ്കം പിൻമാറിയ ലോകകപ്പിൽ ഇന്ത്യയെ നയിക്കാൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ മഹേന്ദ്രസിങ് ധോണിയേയാണ് സിലക്ടർമാർ തിരഞ്ഞെടുത്തത്. ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ സച്ചിൻ തെൻഡുൽക്കറും രാഹുൽ ദ്രാവിഡും വിസമ്മതിച്ചതും ധോണിയെ ക്യാപ്റ്റനാക്കാൻ കാരണമായിരുന്നു. സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിർദ്ദേശിച്ചതും ധോണിയുടെ പേരായിരുന്നു. ഇതിനിടെയാണ്, ക്യാപ്റ്റൻ സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന യുവരാജിന്റെ വെളിപ്പെടുത്തൽ.

മുതിർന്ന താരങ്ങൾ ഒന്നടങ്കം ടൂർണമന്റിൽനിന്ന് പിന്മാറിയതോടെ മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തിലുള്ള യുവനിരയാണ് പ്രഥമ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിച്ചത്. ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ധോണി ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റനായും മാറി. 2011ലെ ഏകദിന ലോകകപ്പിലും ധോണിക്കു കീഴിൽ ഇന്ത്യ കിരീടം ചൂടി. ക്യാപ്റ്റൻ സ്ഥാനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന സംശയങ്ങളെക്കുറിച്ച് യുവിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ:

‘അന്ന് ഏകദിന ലോകകപ്പിൽ ദയനീയ തോൽവി വഴങ്ങി നിൽക്കുകയായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇതിനു പിന്നാലെ രണ്ടു മാസം നീളുന്ന ഇംഗ്ലണ്ട് പര്യടനം ഉണ്ടായിരുന്നു. ഇതിനിടെ ദക്ഷിണാഫ്രിക്കയിലേക്കും അയർലൻഡിലേക്കും ഒരു മാസത്തെ പര്യടനം വേറെയും. ഇതിനെല്ലാം പുറമെയാണ് ഒരു മാസം നീളുന്ന ട്വന്റി20 ലോകകപ്പിന്റെ വരവ്. അതായത് എല്ലാ പരമ്പരകൾക്കുമായി ഏതാണ്ട് നാലു മാസത്തോളം കാലം നാട്ടിൽനിന്ന് മാറി നിൽക്കണമായിരുന്നു’ – യുവരാജ് വിശദീകരിച്ചു.

‘ഈ സാഹചര്യത്തിലാണ് ടീമിലെ മുതിർന്ന താരങ്ങൾ ട്വന്റി20 ലോകകപ്പിൽ കളിക്കുന്നില്ലെന്ന് തീരുമാനിച്ചത്. അന്ന് ആരും ട്വന്റി20 ലോകകപ്പിനെ അത്ര ഗൗരവത്തിലെടുത്തിരുന്നില്ല എന്നതാണ് വാസ്തവം. അതോടെ എന്നെ ക്യാപ്റ്റനാക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ധോണിയെയാണ് ക്യാപ്റ്റനാക്കിയത്’ – യുവരാജ് പറഞ്ഞു.

അന്ന് ക്യാപ്റ്റൻ സ്ഥാനം ആഗ്രഹിച്ചിട്ട് ലഭിക്കാതെ പോയെങ്കിലും, അത് ഒരിക്കലും ധോണിയുമായുള്ള തന്റെ ബന്ധത്തെ ബാധിച്ചിട്ടില്ലെന്നും യുവരാജ് വെളിപ്പെടുത്തി. ലോകകപ്പിന്റെ തുടക്കത്തിലും പിന്നീട് ഇന്ത്യ കിരീടം ചൂടിയപ്പോഴും സഹീർ ഖാൻ അയച്ച രണ്ട് വ്യത്യസ്തങ്ങളായ സന്ദേശങ്ങളെക്കുറിച്ചും യുവരാജ് വിവരിച്ചു.

‘ആരെ ക്യാപ്റ്റനായി തിരഞ്ഞെടുത്താലും അവർക്ക് ഉറച്ച പിന്തുണ നൽകുക എന്നതാണ് ടീമിലെ മറ്റു താരങ്ങളുടെ ഉത്തരവാദിത്തം. രാഹുൽ ദ്രാവിഡോ സൗരവ് ഗാംഗുലിയോ ഇവരല്ലാത്ത മൂന്നാമനോ ക്യാപ്റ്റനായാലും അവർക്കൊപ്പം നിൽക്കുക എന്നതാണ് ഒരു യഥാർഥ കളിക്കാരന്റെ കടമ. ഞാനും അതാണ് ചെയ്തത്’ – യുവരാജ് പറഞ്ഞു.

‘ട്വന്റി20 ലോകകപ്പിന്റെ സമയത്ത് ഗാംഗുലിയും ദ്രാവിഡും സച്ചിനുമെല്ലാം കളിക്കുന്നില്ലെന്നാണ് തീരുമാനിച്ചത്. ഇവർക്കൊപ്പം സഹീർ ഖാനും വിശ്രമം ചോദിച്ചുവാങ്ങി. അന്ന് ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസും ദക്ഷിണാഫ്രിക്കയുമാണ് ഏറ്റുമുട്ടിയത് എന്നാണ് എന്റെ ഓർമ. ആ മത്സരത്തിൽ 50–55 പന്തിൽ ക്രിസ് ഗെയ്‍ൽ സെഞ്ചുറി നേടിയിരുന്നു. അന്ന് രാത്രി സഹീർ ഖാൻ എനിക്ക് മെസേജ് അയച്ചു. വിശ്രമിക്കാൻ തീരുമാനിച്ചത് നന്നായി എന്നായിരുന്നു അതിന്റെ രത്നച്ചുരുക്കം. എന്നാൽ, ഞങ്ങൾ ലോകകപ്പ് ജയിച്ചപ്പോൾ സഹീർ ഖാൻ വീണ്ടും മെസേജ് അയച്ചു. വിശ്രമിക്കാൻ തീരുമാനിച്ചത് അബദ്ധമായിപ്പോയെന്നായിരുന്നു അതിന്റെ ഉള്ളടക്കം’ – യുവരാജ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യ ജേതാക്കളായത്. 227 റൺസെടുത്ത ഗൗതം ഗംഭീറായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. 12 വിക്കറ്റുമായി ആർ.പി. സിങ് വിക്കറ്റ് വേട്ടക്കാരിലും ഒന്നാമനായി. പ്രത്യേകിച്ച് യാതൊരു തന്ത്രങ്ങളുമില്ലാതെ കളിച്ചാണ് അന്ന് ഇന്ത്യ കിരീടം ചൂടിയതെന്നും യുവരാജ് അനുസ്മരിച്ചു. അന്ന് ട്വന്റി20 ലോകകപ്പിനെക്കുറിച്ച് ആർക്കും വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ലെന്നും യുവരാജ് പറഞ്ഞു.

‘അന്ന് യുവനിരയുമായി കളിച്ചാണ് ഇന്ത്യ ലോകകപ്പ് നേടിയത്. അന്ന് അത്ര പ്രശസ്തനായ പരിശീലകനോ വലിയ താരങ്ങളോ ടീമിൽ ഉണ്ടായിരുന്നില്ല. ലാൽചന്ദ് രാജ്പുത്തായിരുന്നു മുഖ്യ പരിശീലകൻ. വെങ്കിടേഷ് പ്രസാദ് ബോളിങ് പരിശീലകനും. ദക്ഷിണാഫ്രിക്കയിലെത്തുമ്പോൾ ഏറ്റവും ചെറുപ്പമുള്ള ടീമായിരുന്നു ഞങ്ങൾ. അന്ന് ട്വന്റി20 ഫോർമാറ്റിനെക്കുറിച്ച് ആർക്കും അത്ര വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് പ്രത്യേകിച്ച് വലിയ തന്ത്രങ്ങളൊന്നുമില്ലാതെയാണ് ഞങ്ങൾ കളിച്ചത്. അറിയാവുന്ന പോലെ കളിക്കാമെന്ന ധാരണ വച്ചാണ് ഞങ്ങൾ പോയതും കിരീടം ചൂടിയതും’ – യുവരാജ് പറഞ്ഞു.

English Summary: Was expecting to be named captain ahead of MS Dhoni: Yuvraj Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com