ADVERTISEMENT

ധാക്ക∙ ക്രിക്കറ്റ് മത്സരത്തിനിടെ മോശം പെരുമാറ്റത്തിന്റെ പേരിൽ വിവാദത്തിലായി ബംഗ്ലദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസൻ. 2021 ധാക്ക പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മുഹമ്മദൻ സ്പോർടിങ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. ലീഗിൽ മുഹമ്മദന്റെ താരമാണ് ഷാക്കിബ്. ആദ്യം ബാറ്റു ചെയ്ത മുഹമ്മദൻ 20 ഓവറിൽ 145 റൺസെടുത്തു. മറുപടിയിൽ അഞ്ചാം ഓവറിൽ പന്തെറിയാൻ ഷാക്കിബ് എത്തിയതോടെയാണു പ്രശ്നങ്ങളുടെ തുടക്കം.

അബഹാനിക്കായി ബാറ്റു ചെയ്യുന്നത് ബംഗ്ലദേശ് ടീമിൽ ഷാക്കിബിന്റെ സഹതാരമായ മുഷ്ഫിഖർ റഹീമായിരുന്നു. ഒരു പന്തിൽ ഷാക്കിബ് മുഷ്ഫിക്കറിനെതിരെ എൽബിഡബ്ല്യു ആവശ്യപ്പെട്ട് അപ്പീൽ ചെയ്തു. എന്നാൽ അംപയർ ഔട്ട് അനുവദിക്കാതിരുന്നതോടെ പ്രകോപിതനായ താരം ദേഷ്യം വിക്കറ്റിൻ മേൽ തീര്‍ത്തു. വിക്കറ്റിൽ ചവിട്ടിയാണ് ഷാക്കിബ് അംപയറോടുള്ള ദേഷ്യം തീർത്തത്. പിന്നീട് അംപയറോടു തര്‍ക്കിക്കുകയും ചെയ്തു. സഹതാരങ്ങളെത്തിയാണ് ഷാക്കിബ് അൽ ഹസനെ സമാധാനിപ്പിച്ചത്.

സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഷാക്കിബ് വിക്കറ്റ് വലിച്ചൂരി നിലത്തടിക്കുന്ന മറ്റൊരു വിഡിയോയും സമൂഹമാധ്യമത്തിൽ വൈറലാണ്. അതേസമയം മുതിർന്ന താരത്തിനെതിരെ ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് എന്തു നടപടിയാണു സ്വീകരിക്കുകയെന്നു വ്യക്തമായിട്ടില്ല. ഈ മത്സരത്തിൽ താരം 27 പന്തിൽനിന്ന് 37 റൺസെടുത്താണു പുറത്തായത്.

ധാക്ക പ്രീമിയർ ലീഗ് സീസണിൽ മികച്ച പ്രകടനമല്ല ഷാക്കിബ് പുറത്തെടുക്കുന്നത്. ആദ്യ ആറു മത്സരങ്ങളിൽ 73 റൺസ് മാത്രമാണു താരത്തിനു നേടാനായത്. ശ്രീലങ്കയ്ക്കെതിരെ കഴിഞ്ഞ മാസം നടന്ന ഏകദിന പരമ്പരയിലും ഷാക്കിബിന്റെ പ്രകടനം മോശമായിരുന്നു. ബംഗ്ലദേശ് ക്രിക്കറ്റ് താരങ്ങളുടെ ഇത്തരം സമീപനത്തിനെതിരെ ആരാധകർ തന്നെ സമൂഹമാധ്യമങ്ങളിൽ വിമർശനമുയർത്തി.

English Summary: Shakib Al Hasan uproots the stumps to show dissent at the umpire’s decision in DPL 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com