ADVERTISEMENT

സതാപ്ടൻ ∙ ഇന്ത്യയും ന്യൂസീലൻഡും ഏറ്റുമുട്ടുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനു നാളെ തുടക്കമാകുമ്പോൾ സതാംപ്ടനിലെ റോസ് ബൗൾ സ്റ്റേ‍ഡിയത്തിൽ പിറക്കാനിരിക്കുന്നതു ചരിത്രം. ഏകദിന, ട്വന്റി20 ക്രിക്കറ്റ് ലോകകപ്പുകളുടെ മാതൃകയിൽ ടെസ്റ്റ് ക്രിക്കറ്റിലെ ലോക ചാംപ്യനെ കണ്ടെത്താനുള്ള രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ആവിഷ്കരിച്ച പദ്ധതിയാണു 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കലാശപ്പോരാട്ടത്തിൽ എത്തിനിൽക്കുന്നത്.

ഐസിസി റാങ്കിങ്ങിലെ ആദ്യ 2 സ്ഥാനക്കാർ തന്നെയാണു ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഏറ്റുമുട്ടുന്നതും. 2019ലെ ഏകദിന ലോകകപ്പ് കിരീടം കപ്പിനും ചുണ്ടിനുമിടയിൽ‌ നഷ്ടപ്പെട്ട ന്യൂസീലൻഡിന്റെ കെയ്ൻ വില്യംസനും നായകനെന്ന നിലയിൽ ഇതുവരെ ഒരു ഐസിസി കിരീടം പോലും സ്വന്തമാക്കാ‍ൻ കഴിയാത്ത ഇന്ത്യയുടെ വിരാട് കോലിയും ഫൈനലിൽ നേർക്കുനേർ. മത്സരം ഉച്ചകഴിഞ്ഞ് 3 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തൽസമയം കാണാം. 

ഇതേ വേദിയിൽ ദിവസങ്ങൾക്കു മുൻപ് ഇംഗ്ലണ്ടിനെതിരെ നേടിയ പരമ്പര വിജയം ന്യൂസീലൻഡിന്റെ ആത്മവിശ്വാസം വർധിപ്പിക്കും. വില്യംസൻ അടക്കം 6 മു‍ൻനിര താരങ്ങളില്ലാതെ മത്സരത്തിനിറങ്ങിയാണു കിവീസ് 8 വിക്കറ്റിന്റെ വിജയം പിടിച്ചെടുത്തത്. ഇന്ത്യയാകട്ടെ മാർ‌ച്ചിനുശേഷം ഒരു ടെസ്റ്റ് മത്സരം പോലും കളിച്ചിട്ടില്ല. എന്നാൽ, ഈ വർഷമാദ്യം ഓസ്ട്രേലിയയിലും തുടർന്നു നാട്ടിൽ ഇംഗ്ലണ്ടിനെതിരെയും പരമ്പര സ്വന്തമാക്കിയതു കോലിപ്പടയ്ക്കു മനക്കരുത്തേകും. 

കിവീസ് പേസ് നിരയും ഇന്ത്യൻ ബാറ്റ്സ്മാൻമാരും തമ്മിലുള്ള പോരാട്ടമാകും ഫൈനലെന്നു മുൻകാല താരങ്ങൾ പ്രവചിച്ചു കഴിഞ്ഞു. ടിം സൗത്തി, ട്രെന്റ് ബോൾട്ട്, മാറ്റ് ഹെൻറി എന്നീ ബോളർമാരെ രോഹിത് ശർമയെയും പൂജാരയും കോലിയും എങ്ങനെ നേരിടുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. പ്രത്യേകിച്ച്, പേസർമാർക്കു നല്ല പിന്തുണ നൽകുന്ന ഇംഗ്ലിഷ് പിച്ചിൽ.

രാജ്യാന്തര ക്രിക്കറ്റിൽ തന്നെ 10 തവണ പുറത്താക്കിയിട്ടുള്ള പേസർ മാറ്റ് ഹെൻറിക്കെതിരെ നന്നായി ഹോം വർക്ക് നടത്തിയശേഷമാകും ഇത്തവണ വിരാട് കോലിയിറങ്ങുക. 2019 നവംബറിനുശേഷം ടെസ്റ്റിൽ സെഞ്ചുറി തികയ്ക്കാൻ കഴിയാത്ത ഇന്ത്യൻ നായകന് ആ നിരാശ മാറ്റാനുള്ള സുവർണാവസരം കൂടിയാണിത്. രോഹിത് ശർമയ്ക്കൊപ്പം ശുഭ്മൻ ഗിൽ ഓപ്പണറാകും. 

∙ സതാംപ്ടനിലെ സ്റ്റേഡിയത്തിലേക്കു 4,000 കാണികൾക്കു മാത്രമാണു പ്രവേശനം. 

ലോക ടെസ്റ്റ് ചാംപ്യൻഷിപ് - സമ്മാനത്തുക 

ജേതാക്കൾ: 11.72 കോടി രൂപ 

റണ്ണറപ്പ്: 5.86 കോടി രൂപ 

ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇതുവരെ

ഇന്ത്യ

മത്സരം 17 

ജയം 12 

സമനില 1 

തോൽവി 4 

ശരാശരി പോയിന്റ് 72.2 

ന്യൂസീലൻഡ് 

മത്സരം 11 

ജയം 7 

സമനില 0 

തോൽവി 4 

ശരാശരി പോയിന്റ് 70 

English Summary: India vs NewZealand in ICC World Test Championship final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com