ADVERTISEMENT

സതാംപ്ടൻ ∙ ഇന്ത്യ– ന്യൂഡീലൻഡ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനു പ്രതികൂല കാലവസ്ഥ വീണ്ടും തിരിച്ചടിയാകുന്നു. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് എടുത്തു നിൽക്കെ വെളിച്ചക്കുറവു മൂലം രണ്ടാം ദിവസത്തെ കളി നേരത്തെ അവസാനിപ്പിച്ചു. ക്യാപ്റ്റൻ വിരാട് കോലി (44*), വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ (29*) എന്നിവരാണു ക്രീസിൽ. 64.4 ഓവർ മാത്രമാണു രണ്ടാം ദിവസം ബോൾ ചെയ്യാനായത്. ആദ്യ ദിവസം മഴ മൂലം ഒരു പന്തു പോലും എറിയാനായിരുന്നില്ല.

വെളിച്ചക്കുറവിനെത്തുടർന്ന് രണ്ടാം സെഷൻ നേരത്തെ അവസാനിപ്പിച്ചാണു ടീമുകൾ ചായയ്ക്കു പിരിഞ്ഞത്. മൂന്നാം സെഷന്‍ പുനരാരംഭിച്ചു 3 ഓവറുകൾക്കു ശേഷം വെളിച്ചക്കുറവു വീണ്ടും തിരിച്ചടിയായി. പ്രാദേശിക സമയം 4.30നു നിർത്തിവച്ച മത്സരം പുനരാരംഭിച്ചെങ്കിലും പിന്നീട് 6 ഓവർ പോലും എറിയാനിയില്ല. കളി നിർത്തിയതിനു പിന്നാലെ മഴയും ചാറി. പ്രാദേശിക സമയം 6 മണിയോടെ രണ്ടാം ദിവസത്തെ കളി അവസാനിപ്പിക്കാൻ അംപയർ തീരുമാനിച്ചു.

∙ നിരാശപ്പെടുത്തി മുൻനിര

rohit-sharma-test-chamionship-final
ന്യൂസിലൻഡിനെതിരെ രോഹിത് ശർമയുടെ ബാറ്റിങ്. ചിത്രം: ബിസിസിഐ ട്വിറ്റർ

നേരത്തെ 88 റൺസ് എടുക്കുന്നതിനിടെ ഓപ്പണർമാരായ രോഹിത് ശർമ (34), ശുഭ്മാൻ ഗിൽ (28), ചേതേശ്വർ പൂജാര (8) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായതോടെ സമ്മർദത്തിലായ ഇന്ത്യയെ കോലിയും രഹാനെയും ചേർന്നു കരകയറ്റുന്നതിനിടെയാണു മോശം കാലാവസ്ഥ രസംകൊല്ലിയായത്. പിച്ചിലെ ഈർപ്പം മുതലെടുത്ത കിവീസ് പേസർമാർ മുൻനിരയെ തകർത്തെറിഞ്ഞതോടെ മത്സരം രക്ഷിച്ചെടുക്കേണ്ട ഉത്തരവാദിത്തം കോലി– രഹാനെ സഖ്യത്തിന്റെ ചുമലിലാണ്. ശ്രദ്ധാപൂർവമാണു സഖ്യത്തിന്റെ ബാറ്റിങ്. 124 പന്ത് നേരിട്ട കോലി ഒരു ബൗണ്ടറി മാത്രമാണു നേടിയത്. 79 പന്ത് നേരിട്ട രഹാനെ 4 ഫോറടിച്ചു.

വിക്കറ്റു പോകാതെ 62 റൺസ് എന്ന സ്കോറിൽനിന്നാണ് ഇന്ത്യൻ ബാറ്റിങ്ങിന്റെ താളം തെറ്റിയത്. നന്നായി ബാറ്റു ചെയ്തിരുന്ന രോഹിത്തിനെ പേസർ കെയ്ൽ ജാമിസനാണു വീഴ്ത്തിയത്. ഓഫ് സ്റ്റംപ് ലൈനു പുറത്തുള്ള പന്തിൽ ഷോട്ടിനു ശ്രമിച്ച രോഹിത്തിന്റെ ബാറ്റിൽ ഉരുമിയ പന്ത് മൂന്നാം സ്ലിപ്പിൽ ടിം സൗത്തി പിടികൂടി. പിന്നാലെ നീൽ വാഗ്‌നറുടെ പന്തിൽ ഗില്ലിനെ വിക്കറ്റ് കീപ്പർ വാൾട്ടിങ് ക്യാച്ച് ചെയ്തു പുറത്താക്കി. ഇതോടെ ഇന്ത്യ 63–2 എന്ന നിലയിലായി. പൂജാരയെ ട്രെന്റ് ബോൾട്ട് വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു.

∙ കോലിക്കു റെക്കോർഡ്

ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ 61–ാം ടെസ്റ്റ് കളിക്കുന്ന വിരാട് കോലി റെക്കോർഡ് ബുക്കിലും ഇടംപിടിച്ചു. 60 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച മഹേന്ദ്രസിങ് ധോണിയുടെ റെക്കോർഡ് മറികടന്ന കോലി, ടെസ്റ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുന്ന ക്യാപ്റ്റനെന്ന സ്ഥാനം ഒറ്റയ്ക്ക് സ്വന്തമാക്കി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇന്ത്യൻ ടീമിൽ മാറ്റങ്ങളില്ല. ഇന്ത്യ രണ്ടു സ്പിന്നർമാരുമായി കളിക്കുമ്പോൾ, ഒറ്റ സ്പിന്നർ പോലുമില്ലാതെയാണ് കിവീസ് കളത്തിലിറങ്ങുന്നത്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യ നിഷ്പക്ഷ വേദിയിൽ കളിക്കുന്നത്. ഇതുവരെ കളിച്ച മത്സരങ്ങളിൽ 276 ടെസ്റ്റുകൾ സ്വന്തം മൈതാനത്തും 274 ടെസ്റ്റുകൾ എതിരാളികളുടെ മൈതാനത്തുമാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. നാട്ടിൽ കളിച്ച ടെസ്റ്റുകളിൽ 109 എണ്ണം ഇന്ത്യ ജയിച്ചു. 53 ടെസ്റ്റുകൾ തോറ്റു. വിദേശത്തു കളിച്ചതിൽ 53 ടെസ്റ്റുകൾ ജയിച്ചപ്പോൾ 116 ടെസ്റ്റുകൾ തോറ്റു.

നേരത്തെ, മത്സരത്തിന്റെ ആദ്യദിനം പൂർണമായും മഴമൂലം ഉപേക്ഷിച്ചിരുന്നു. ആദ്യ ദിനം ടോസ് ചെയ്യാനോ ഒരു ബോൾ പോലുമെറിയാനോ കഴിയാതെ ഉപേക്ഷിച്ചെങ്കിലും റിസർവ് ദിനം നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഇന്നു മുതൽ അഞ്ച് ദിവസം കളി നടക്കും. ഇനിയുള്ള ദിവസങ്ങളിലും മഴയ്ക്കു സാധ്യതയുണ്ടെങ്കിലും ആദ്യ സെഷനുകളിൽ കളി തടസ്സപ്പെടില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയില്ലെങ്കിൽ ഇന്ന് അര മണിക്കൂർ നേരത്തേ മത്സരം തുടങ്ങും. അതേസമയം, ഇന്നത്തെ മത്സരത്തിനും മഴ ഭീഷണിയുണ്ട്.

റോസ്ബൗൾ സ്റ്റേഡിയം ഒരു ദിവസം മുഴുവൻ മഴയിൽ‌ കുതിർന്നതോടെ പ്രതിസന്ധിയിലായത് ഇന്ത്യൻ ടീമാണ്. മത്സരത്തിനു തലേന്നുതന്നെ അന്തിമ ഇലവനെ പ്രഖ്യാപിച്ച ഇന്ത്യ 2 സ്പിന്നർമാരെ ഉൾപ്പെടുത്തിയിരുന്നു. കിവീസ് ഇതുവരെ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.

റിസർവ് ദിനത്തിലെ കളി

സതാംപ്ടനിൽ മഴയ്ക്കു സാധ്യതയുള്ളതിനാലാണ് ജൂൺ 23 റിസർവ് ദിനമായി മുൻകൂട്ടി നിശ്ചയിച്ചത്. ആദ്യദിനം പൂർണമായി കളി മുടങ്ങിയതോടെ ജൂൺ 23, സാങ്കേതികമായി ഫൈനലിലിന്റെ 5–ാം ദിനമാകും. പരമാവധി 83 ഓവറാണ് റിസർവ് ദിനത്തിൽ അനുവദിക്കുക.

English Summary: India vs New Zealand, Final - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com