ADVERTISEMENT

സതാംപ്ടൻ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യയ്ക്കു മേൽ ന്യൂസീലൻഡിന്റെ സമ്പൂർണ ആധിപത്യം. 5 വിക്കറ്റെടുത്തെ കെയ്ൽ ജെയ്മിസന്റെ ബോളിങ് മികവിൽ ഇന്ത്യയെ 217 റൺസിൽ ഒതുക്കിയ കിവീസ് 2 വിക്കറ്റ് നഷ്ടത്തിൽ 101 എന്ന സ്കോറിൽ മൂന്നാം ദിവസത്തെ ബാറ്റിങ് അവസാനിപ്പിച്ചു. 8 വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യൻ സ്കോറിനു 116 റൺസ് മാത്രം പിന്നിലാണു കിവീസ്. മത്സരം രക്ഷിച്ചെടുക്കാൻ ഇന്ത്യയ്ക്ക് അവിസ്മരണീയ പ്രകടനം തന്നെ പുറത്തെടുക്കേണ്ടിവരും. 

മൂന്നു ടെസ്റ്റ് മത്സരങ്ങൾക്കിടെ രണ്ടാം അർധ സെഞ്ചുറി കുറിച്ച ഡെവോൺ കോൺവേയുടെ (153 പന്തിൽ 54) ഇന്നിങ്സ് കിവീസിനു കരുത്തായി. മൂന്നാം ദിവസത്തെ അവസാന ഓവറിൽ ഇഷാന്തിനു മുന്നിൽ വീണ കോൺവേ അതിനകം ടീമിനു മികച്ച സ്കോറിനുള്ള അടിത്തറ പാകിയിരുന്നു. ഓപ്പണർ ടോം ലാഥവും (104 പന്തിൽ 30) നന്നായി ബാറ്റു ചെയ്തു. ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (37 പന്തിൽ 12), റോസ് ടെയ്‌ലർ (2 പന്തിൽ 0) എന്നിവർ ക്രീസിലുണ്ട്. 

newzealand-test-championship-final
ഇന്ത്യയ്ക്കെതിരെ 5 വിക്കറ്റ് വീഴ്ത്തിയ ജയ്മിസന്റെ ആഹ്ലാദം (ഐസിസി ട്വീറ്റ് ചെയ്ത ചിത്രം).

∙ ബ്രേക്ക് നൽകി അശ്വിൻ

ലാഥത്തെ മടക്കിയ രവിചന്ദ്രൻ അശ്വിനാണ് ഇന്ത്യയ്ക്കു ബ്രേക്ക് നൽകിയത്. അശ്വിനെ ഉയർത്തി അടിക്കാനുള്ള ലാഥത്തിന്റെ ശ്രമം ഷോട്ട് കവറിൽ ക്യാപ്റ്റൻ വിരാട് കോലിയുടെ കൈകളിൽ അവസാനിച്ചു. ആദ്യ വിക്കറ്റിൽ ലാഥം– കോൺവേ സഖ്യം 70 റൺസ് ചേർത്തിരുന്നു.  കരുതലോടെ ബാറ്റു വീശിയ സഖ്യം രണ്ടാം സെഷനിൽ 21 ഓവറിൽ 36 റൺസ് മാത്രമാണു നേടിയത്. ഇരുവരും ഇന്ത്യയുടെ മോശം പന്തുകളെ പോലും പ്രതിരോധിച്ചു പിടിച്ചുനിന്നു. ലാഥം വീണെങ്കിലും കോൺവേ 137 പന്തിൽ അർധ സെഞ്ചുറി തികച്ചു. ഇഷാന്ത് ശർമയുടെ ഫുൾ ലെങ്ത് ബോളിൽ ടൈമിങ് തെറ്റിയ കോൺവേയെ പിന്നീടു മിഡ് ഓണിൽ മുഹമ്മദ് ഷമിയാണു പിടികൂടിയത്. ഈ ഓവർ കഴിഞ്ഞതോടെ മൂന്നാം ദിവസം അവസാനിപ്പിക്കാൻ അംപയർമാർ തീരുമാനിച്ചു. 

നേരത്തെ 3 വിക്കറ്റ് നഷ്ടത്തിൽ 146 റൺസുമായി മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ സെഷനിൽ 65 റൺസ് കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും 4 വിക്കറ്റ് കൂടി നഷ്ടമായി. 7 വിക്കറ്റിന് 211 എന്ന സ്കോറിൽ ലഞ്ചിനു പിരിഞ്ഞ ഇന്ത്യയെ രണ്ടാം സെഷനിലെ 4 ഓവറിനുള്ളിൽ കിവീസ് പുറത്താക്കി. 31 റൺസ് വഴങ്ങിയാണ് ജയ്മിസന്റെ 5 വിക്കറ്റ് പ്രകടനം. നീൽ വാഗ്‌നറും ബോൾട്ടും 2 വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ടിം സൗത്തിക്കും ഒരു വിക്കറ്റ് കിട്ടി. വെറും 4 പന്തിനിടെയാണ് ഇന്ത്യയ്ക്ക് അവസാന 3 വിക്കറ്റുകൾ നഷ്ടമായത്. വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയാണ് (117 പന്തിൽ 49) ഇന്ത്യയുടെ ടോപ് സ്കോറർ. വിരാട് കോലി (132 പന്തിൽ 44), രവിചന്ദ്രൻ അശ്വിൻ (27 പന്തിൽ 22), രവീന്ദ്ര ജഡേജ (53 പന്തിൽ 15) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ.

കോലിയെ വീഴ്ത്തി ജയ്മിസൻ

ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) വിരാട് കോലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൽ കളിക്കുന്ന കൈൽ ജയ്മിസനാണ് കോലിയെ പുറത്താക്കിയത്. 132 പന്തിൽ ഒരേയൊരു ഫോർ സഹിതം 44 റൺസെടുത്ത കോലിയെ ജയ്മിസൻ എൽബിയിൽ കുരുക്കി. രണ്ടാം ദിനത്തിലെ ഇന്ത്യൻ സ്കോറിനോട് മൂന്നു റൺസ് മാത്രം കൂട്ടിച്ചേർക്കുമ്പോഴാണ് കോലി പുറത്തായത്.

തൊട്ടുപിന്നാലെ ബാറ്റിങ്ങിനെത്തിയ ഋഷഭ് പന്തിനെയും ജയ്മിസൻ എൽബിയിൽ കുരുക്കിയെങ്കിലും അംപയർ ഔട്ട് അനുവദിച്ചില്ല. ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ഡിആർഎസ് എടുത്തെങ്കിലും ഫലമുണ്ടായില്ല. അംപയേഴ്സ് കോളിന്റെ ആനുകൂല്യം പന്തിന്. എന്നാൽ അവസരം മുതലെടുക്കാൻ പന്തിനുമായില്ല. ‘സ്വതസിദ്ധമായ ശൈലി’യിൽ ജയ്മിസന്റെ പന്തിൽ ബാറ്റുവച്ച ഋഷഭിനെ സ്ലിപ്പിൽ ടോം ലാഥം ക്യാച്ചെടുത്തു പുറത്താക്കി. 22 പന്തിൽ ഒരേയൊരു ബൗണ്ടറി സഹിതം നാലു റൺസുമായി പന്ത് പുറത്ത്.

ന്യൂസീലൻഡ് ഒരുക്കിയ ഷോർട്ട് ബോൾ കെണിയിൽ അർധസെഞ്ചുറിക്ക് തൊട്ടരികെ രഹാനെയും വീണു. നീൽ വാഗ്‍നറിന്റെ പന്ത് പുൾ ചെയ്യാനുള്ള ശ്രമത്തിൽ സ്ക്വയർ ലെഗിൽ ടോം ലാഥത്തിന് ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോൾ രഹാനെ 117 പന്തിൽ അഞ്ച് ഫോറുകളോടെ 49 റൺസെടുത്തു.

പകരമെത്തിയ അശ്വിൻ നിർഭയം ബാറ്റു വീശിയതോടെ ഇന്ത്യൻ സ്കോർ ബോർഡിലേക്ക് പതിവിലും വേഗത്തിൽ റണ്ണെത്തി. ജഡേജയും അശ്വിനും ചേർന്നുള്ള കൂട്ടുകെട്ട് ഇന്ത്യയെ 200 കടത്തിയെങ്കിലും പിന്നാലെ തിരിച്ചടിയേറ്റു. 27 പന്തിൽ മൂന്നു ഫോറുകളോടെ 22 റൺസെടുത്ത അശ്വിനെ ടിം സൗത്തി പുറത്താക്കി. വാലറ്റത്തെ കൂട്ടുപിടിച്ചു ജഡേജ ചെറുത്തുനിന്നെങ്കിലും അടുത്തടുത്ത പന്തുകളിൽ ഇഷാന്തിനെയും (4), ബുമ്രയെയും (0) ജയ്മിസൻ മടക്കി. ബോൾട്ടിനു മുന്നിൽ ജഡേജയും വീണതോടെ ഇന്ത്യയുടെ ചെറുത്തു നിൽപും അവസാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com