ADVERTISEMENT

സതാംപ്ടൻ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈലിന്റെ മൂന്നാം ദിനമായിരുന്ന ഞായറാഴ്ച ബാറ്റിങ്ങിലും ബോളിങ്ങിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും, ഇപ്പോഴും സമ്മർദ്ദം ന്യൂസീലൻഡിനു തന്നെയെന്ന് ഇന്ത്യയുടെ മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡിന്, കുറഞ്ഞത് 150 റൺസിന്റെയെങ്കിലും ഒന്നാം ഇന്നിങ്സ് ലീഡ് നേടാൻ കഴിഞ്ഞെങ്കിൽ മാത്രമേ സമ്മർദ്ദമൊഴിയൂവെന്നും ചോപ്ര ചൂണ്ടിക്കാട്ടി. മത്സരത്തിന്റെ അവസാന ദിനം ബാറ്റു ചെയ്യേണ്ടത് ന്യൂസീലൻഡാണെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

മത്സരത്തിന്റെ ആദ്യ ദിനമായ വെള്ളിയാഴ്ച മഴയെ തുടർന്ന് ഒരു പന്തുപോലും എറിയാനായിരുന്നില്ല. രണ്ടാം ദിനം ടോസ് നേടിയ ന്യൂസീലൻഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ഓപ്പണർമാർ സമ്മാനിച്ച മികച്ച തുടക്കത്തിന്റെ ബലത്തിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 146 റൺസുമായി ഭേദപ്പെട്ട നിലയിലായിരുന്നു ഇന്ത്യ.

എന്നാൽ, മൂന്നാം ദിനത്തിൽ ശക്തമായി തിരിച്ചടിച്ച ന്യൂസീലൻഡ് ഇന്ത്യയെ 217 റൺസിന് പുറത്താക്കി. 49 റൺസെടുത്ത അജിൻക്യ രഹാനെയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. കരിയറിലെ എട്ടാം ടെസ്റ്റ് കളിക്കുന്ന പേസ് ബോളർ കൈൽ ജയ്മിസന്റെ അഞ്ചാം അഞ്ച് വിക്കറ്റ് നേട്ടമാണ് ന്യൂസീലന്‍ഡിന് കരുത്തായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് ഓപ്പണർ ഡിവോൺ കോണ്‍വേയുടെ അർധസെഞ്ചുറിയുടെ മികവിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എന്ന നിലയിലാണ്. വെളിച്ചക്കുറവു മൂലം മത്സരം നേരത്തേ നിർത്തിയിരുന്നു.

‘രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ എവിടെയായിരുന്നുവെന്നു കൂടി ചിന്തിക്കണം. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്ത ഇന്ത്യയ്ക്കായി ക്രീസിലുണ്ടായിരുന്നത് നിലയുറപ്പിച്ചുകഴിഞ്ഞ രണ്ടു ബാറ്റ്സ്മാൻമാരായിരുന്നു. പക്ഷേ, പിറ്റേന്നു രാവിലെ സാഹചര്യങ്ങൾ മാറി. പന്ത് സ്വിങ് ചെയ്തതോടെ ഇന്ത്യ തകർന്നു. വാലറ്റത്തിന് പിടിച്ചുനിൽക്കാനുമായില്ല. മധ്യനിരയും തകർന്നതോടെ ഉദ്ദേശിച്ച സ്കോറിലേക്കെത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ന്യൂസീലൻഡിനും ഇതുതന്നെ സംഭവിക്കാം’ – ചോപ്ര ചൂണ്ടിക്കാട്ടി.

‘ന്യൂസീലൻഡിന്റെ ഭാഗത്തുനിന്ന് ചിന്തിച്ചാൽ ഇനിയും അപകടമൊഴിഞ്ഞിട്ടില്ല. ടോസ് നേടി ബോളിങ് തിരഞ്ഞെടുക്കുമ്പോൾ, അവസാനം ബാറ്റു ചെയ്യേണ്ടത് അതേ ടീം തന്നെയാണെന്ന അപകടവുമുണ്ട്. മാത്രമല്ല, രണ്ടു തവണ എതിരാളികളെ പുറത്താക്കുകയും വേണം. അതുകൊണ്ട് 30–40 റൺസ് ലീഡുകൊണ്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല. കുറഞ്ഞത് 150 റൺസ് ലീഡെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ആശ്വാസത്തിനു വകയുള്ളൂ. ആദ്യം ബോൾ ചെയ്തതിന്റെ ഗുണം കിട്ടാനും ഇത്ര റൺസ് ലീഡ് വേണം’ – ചോപ്ര പറഞ്ഞു.

‘ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ സമ്മർദ്ദം ന്യൂസീലൻഡിനു തന്നെയാണെന്നാണ് എന്റെ നിഗമനം. ഇന്ത്യയ്ക്ക് കുറച്ചുകൂടി സമ്മർദ്ദം കുറവായിരിക്കും. ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള തീക്ഷ്ണതയിലാകും ഇന്ത്യ’ – ചോപ്ര ചൂണ്ടിക്കാട്ടി.

അതേസമയം, നാലാം ദിനം രാവിലെ ഇന്ത്യൻ ബോളർമാർ സ്വിങ് കണ്ടെത്തേണ്ടതുണ്ടെന്നും ചോപ്ര ചൂണ്ടിക്കാട്ടി. ന്യൂസീലൻഡിന്റെ അതിശക്തമായ മധ്യനിരയെ പരീക്ഷിക്കണമെങ്കിൽ ബോളർമാർ സ്വിങ് കണ്ടെത്തിയേ തീരൂ. പിച്ചിൽനിന്ന് ഇതുവരെ ലഭിച്ച പിന്തുണവച്ച്, അശ്വിനും ന്യൂസീലൻഡിന് ഭീഷണിയായി മാറേണ്ടതുണ്ടെന്ന് ചോപ്ര പറഞ്ഞു.

‘ഇപ്പോഴത്തെ അവസ്ഥയ്ക്ക് മാറ്റം വരും. അശ്വിന് ഇപ്പോൾത്തന്നെ ഒരു വിക്കറ്റ് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന് പിച്ചിൽനിന്ന് ടേൺ കണ്ടെത്താനാകുന്നുണ്ട്. സ്വിങ്ങിന്റെ കാര്യത്തിലാണ് ഇന്ത്യ ഇപ്പോഴും പിന്നാക്കം നിൽക്കുന്നത്. വേണ്ട അച്ചടക്കമോ അധ്വാനമോ ഈ മേഖലയിൽ കാണാനില്ല. അൽപമെങ്കിലും സ്വിങ് കണ്ടെത്താനായത് ഇഷാന്തിനു മാത്രമാണ്. അടുത്ത ദിവസം രാവിലെ ഇന്ത്യൻ ബോളർമാർ സ്വിങ് കണ്ടെത്തിയേ തീരൂ. അതിൽ അവർ വിജയിച്ചാൽ മത്സരം ഇന്ത്യയ്ക്ക് അനുകൂലമായി തിരിയും’ – ചോപ്ര പറഞ്ഞു.

English Summary: More pressure on New Zealand than India after Day 3, says Aakash Chopra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com