ADVERTISEMENT

സതാംപ്ടൺ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ തുടർച്ചയായ രണ്ടാം ഇന്നിങ്സിലും ഇന്ത്യൻ നായകൻ വിരാട് കോലിയെ വീഴ്ത്തി ന്യൂസീലൻഡിന്റെ ഉയരക്കാരൻ ബോളർ കൈൽ ജയ്മിസൻ. ഒന്നാം ഇന്നിങ്സിൽ എൽബിയിൽ കുരുക്കിയാണ് കോലിയെ വീഴ്ത്തിയതെങ്കിൽ, രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് കീപ്പർ ബി.ജെ. വാട്‍ലിങ്ങിന്റെ കൈകളിലെത്തിച്ചാണ് പുറത്താക്കിയതെന്ന വ്യത്യാസം മാത്രം. ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൽ വിരാട് കോലിക്കു കീഴിൽ കളിക്കുന്ന താരമാണ് ജയ്മിസൻ.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനു തൊട്ടുമുൻപ് നടന്ന ഐപിഎൽ 14–ാം സീസണിൽ, ആർസിബിയുടെ പരിശീലന ക്യാംപിൽവച്ച് ജയ്മിസന്റെ ബോളിങ് തന്ത്രങ്ങൾ ചോർത്താൻ വിരാട് കോലി ശ്രമിച്ച കാര്യം ആർസിബിയിൽ കളിക്കുന്ന ഓസ്ട്രേലിയയുടെ ഡാൻ ക്രിസ്റ്റ്യൻ വെളിപ്പെടുത്തിയിരുന്നു. ടെസ്റ്റ് മത്സരത്തിന് ഉപയോഗിക്കുന്ന ഡ്യൂക്ക് ബോളിൽ പരിശീലിക്കാമെന്ന കോലിയുടെ നിർദ്ദേശം ജയ്മസിൻ തള്ളിയെന്നായിരുന്നു ക്രിസ്റ്റ്യന്റെ വെളിപ്പെടുത്തൽ. അന്നത്തെ സംഭവത്തിന് കൂടുതൽ അർഥ തലങ്ങൾ സമ്മാനിച്ചാണ് കലാശപ്പോരാട്ടത്തിൽ തുടർച്ചയായ രണ്ടാം ഇന്നിങ്സിലും കോലി ജയ്മിസനു മുന്നിൽ കീഴടങ്ങിയത്.

ഒന്നാം ഇന്നിങ്സിൽ മികച്ച തുടക്കമിട്ട കോലി 132 പന്തിൽ 44 റൺസാണെടുത്തത്. ഒരേയൊരു ഫോർ മാത്രം ഉൾപ്പെടുന്ന ഇന്നിങ്സായിരുന്നു അത്. ജയ്മിസന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയായിരുന്നു മത്സരം. രണ്ടാം ഇന്നിങ്സിൽ തോൽവി ഒഴിവാക്കാൻ പൊരുതുന്ന ഇന്ത്യയുടെ പ്രതീക്ഷയത്രയും കോലിയുടെ ബാറ്റുകളിലായിരുന്നു. എന്നാൽ, തലേന്നത്തെ സ്കോറിനോട് മൂന്നു റൺസ് മാത്രം കൂട്ടിച്ചേർത്ത് കോലി മടങ്ങി. ഓഫ് സൈഡിനു പുറത്ത് ജയ്മിസനെറിഞ്ഞ ഷോർട്ട് ലെങ്ത് ബോളിൽ ബാറ്റുവച്ച കോലി, അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന ന്യൂസീലൻഡ് വിക്കറ്റ് കീപ്പർ വാട്‍ലിങ്ങിന്റെ കൈകളിൽ ഒതുങ്ങി!

ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേട്ടവുമായി ഇന്ത്യയുടെ നടുവൊടിച്ച ജയ്മിസൻ, അതേ ഫോം രണ്ടാം ഇന്നിങ്സിലും തുടരുന്ന സൂചന നൽകിയാണ് റിസർവ് ദിനത്തിന്റെ ആദ്യ സെഷനിൽത്തന്നെ വിരാട് കോലിയേയും ചേതേശ്വർ പൂജാരയേയും പുറത്താക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 217 റൺസിന് പുറത്താകുമ്പോൾ, ആ തകർച്ചയ്ക്ക് മുഖ്യ കാർമികനായത് ഇരുപത്താറുകാരനായ ഉയരക്കാരൻ ബോളർ കൈൽ ജയ്മിസനാണ്. മത്സരത്തിലാകെ 22 ഓവർ ബോൾ ചെയ്ത ജയ്മിസൻ 12 ഓവറും മെയ്ഡനാക്കി. ശേഷിക്കുന്ന 10 ഓവറിൽനിന്ന് വിട്ടുകൊടുത്തത് വെറും 31 റൺസ്. അഞ്ച് വിക്കറ്റും വീഴ്ത്തി.

കരിയറിലെ എട്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന ജയ്മിസന്റെ അഞ്ചാമത്തെ അഞ്ച് വിക്കറ്റ് നേട്ടമായിരുന്നു ഇത്. ഈ അഞ്ച് വിക്കറ്റ് നേട്ടത്തിന് ജയ്മിസൻ തുടക്കമിട്ടത് കോലിയെ വീഴ്ത്തിയും! ട്രെന്റ് ബോൾട്ട്, ടിം സൗത്തി, നീൽ വാഗ്‍നർ തുടങ്ങിയ പരിചയ സമ്പന്നരായ കിവീസ് ബോളർമാരെ സാക്ഷിയാക്കിയാണ് സതാംപ്ടണിൽ ഒന്നാം ഇന്നിങ്സിൽ ജയ്മിസൻ ഇന്ത്യൻ ബാറ്റിങ് നിരയെ എറിഞ്ഞിട്ടത്.

ഇതോടെ കരിയറിലെ ആദ്യ എട്ടു ടെസ്റ്റിൽനിന്ന് കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ന്യൂസീലൻഡ് ബോളറെന്ന നേട്ടവും ജയ്മിസനെ തേടിയെത്തി. എട്ടു പതിറ്റാണ്ടിലധികം പഴക്കമുള്ളൊരു റെക്കോർഡാണ് ഇത്തവണ ജയ്മിസനു മുന്നിൽ വഴിമാറിയത്. 1930–40 കാലഘട്ടത്തിൽ ന്യൂസീലൻഡിനായി കളിച്ചിരുന്ന ജാക്ക് കോവിയാണ് പിന്നിലായത്.

English Summary: Kyle Jamieson Takes the wicket of Virat Kohli in consecutive innings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com