ADVERTISEMENT

സതാംപ്ടൻ ∙ പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ് കിരീടത്തിൽനിന്നു ന്യൂസീലൻഡിനെ അകറ്റാൻ ഒരു പ്രപഞ്ചശക്തിക്കുമായില്ല. മഴമൂലം 2 ദിവസത്തെ കളി പൂ‍ർണമായി നഷ്ടപ്പെട്ടിട്ടും റിസർവായി കരുതിവച്ച 6–ാം ദിനം കിവികൾ കിരീടത്തിൽ മുത്തമിട്ടപ്പോൾ, ടെസ്റ്റ് ക്രിക്കറ്റിൽ അത് പുതുചരിത്രമായി. പേസ് ബോളിങ് പിച്ചുകളിൽ പതറുന്ന പതിവ് ആവർത്തിച്ച ഇന്ത്യയെ എട്ടു വിക്കറ്റിനാണ് ന്യൂസീലൻഡ് തകർത്തത്. ചാംപ്യൻമാരായ ന്യൂസീലൻഡിന് 11.72 കോടി രൂപയാണു സമ്മാനത്തുകയായി ലഭിക്കുക. 2–ാം സ്ഥാനക്കാരായ ഇന്ത്യയ്ക്കു ലഭിക്കുക 5.86 കോടി രൂപ.

ന്യൂസീലൻഡ് ക്രിക്കറ്റ് ടീം ഒരു ഐസിസി ട്രോഫി സ്വന്തമാക്കുന്നത് 21 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ്. 2000ൽ കെനിയയിൽ നടന്ന ഐസിസി നോക്കൗട്ട് ട്രോഫിയിലാണ് ഏറ്റവുമൊടുവിൽ കിവീസ് ജേതാക്കളായത്. അന്നു ഫൈനലിൽ പരാജയപ്പെടുത്തിയതും ഇന്ത്യയെത്തന്നെ. കഴിഞ്ഞ 7 ഐസിസി ടൂർണമെന്റുകളിൽ ജയിച്ചത് 7 വ്യത്യസ്ത ടീമുകളാണെന്ന പ്രത്യേകത കൂടി സമ്മാനിച്ചാണ് കിവീസിന്റെ കിരീടധാരണം.

സ്കോർ: ഇന്ത്യ 217, 170. ന്യൂസീലൻഡ് 249, 2ന് 140.

അവസാനദിനമായ ഇന്നലെ ഇന്ത്യ 2–ാം ഇന്നിങ്സിൽ 170നു പുറത്തായി. 139 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡിന്റെ 2 ഓപ്പണർമാരെയും വീഴ്ത്തി ആർ. അശ്വിൻ നേരിയ പ്രതീക്ഷ നൽകിയെങ്കിലും പ്രതിരോധിക്കാനുള്ള സ്കോർ ഇന്ത്യയ്ക്കില്ലാതെ പോയി. ക്യാപ്റ്റൻ കെയ്ൻ വില്യംസനും (52) റോസ് ടെ‍യ്‌ലറും (47) 3–ാം വിക്കറ്റിൽ 96 റൺസ് കൂട്ടിച്ചേർത്ത് പുറത്താകാതെ നിന്നു. 2 ഇന്നിങ്സിലുമായി 7 വിക്കറ്റ് വീഴ്ത്തിയ കിവീസ് പേസർ കൈൽ ജയ്മിസനാണു മാൻ ഓഫ് ദ് മാച്ച്.

∙ കൂട്ടത്തകർച്ച

2ന് 64ൽ ഇന്നലെ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് 7 റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും ക്യാപ്റ്റൻ വിരാട് കോലിയെ (13) നഷ്ടമായി. ഒന്നാം ഇന്നിങ്സിൽ കോലിയെ വീഴ്ത്തിയ കൈൽ ജയ്മിസൻതന്നെ 2–ാം ഇന്നിങ്സിലും ഇന്ത്യൻ ക്യാപ്റ്റന്റെ വിക്കറ്റെടുത്തു. പിന്നാലെ ചേതേശ്വർ പൂജാരയെ (15) റോസ് ടെയ്‌ലറുടെ കയ്യിലെത്തിച്ചു ജയ്മിസൻ ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു. 5–ാം വിക്കറ്റിൽ അജിൻക്യ രഹാനെയുടെയും (15) ഋഷഭ് പന്തിന്റെയും (41) രക്ഷാപ്രവർത്തനം.

എന്നാൽ, ലെഗ് സൈഡിലൂടെ വന്ന ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ബാറ്റ് വച്ച രഹാനെ വാ‍‌‌ട്‍ലിങ്ങിനു ക്യാച്ച് കൊടുത്തതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. നന്നായി തുടങ്ങിയെങ്കിലും രവീന്ദ്ര ജഡേജയ്ക്കും (16) ആയുസ്സുണ്ടായില്ല. വ്യക്തിഗത സ്കോർ 5ൽ ജയ്മിസന്റെ പന്തിൽ സ്‍ലിപ്പിൽ സൗത്തി കൊടുത്ത ‘ജീവൻ’ മുതലാക്കി മുന്നേറിയ പന്ത് രണ്ടര മണിക്കൂറോളം ബാറ്റ് ചെയ്തു. ഒടുവിൽ ബോൾട്ടിനു കീഴടങ്ങി. മുഹമ്മദ് ഷമി (ആർ.അശ്വിൻ (7), ജസ്പ്രീത് ബുമ്ര (0) എന്നിവരും മടങ്ങിയതോടെ ഇന്ത്യൻ തകർച്ച പൂർണം.

∙ ചിറകരിഞ്ഞ്

2–ാം ഇന്നിങ്സിൽ ഇന്ത്യയെ തകർത്തതും കിവീസ് പേസർമാരാണ്. ഇന്നലെ രാവിലെതന്നെ കോലിയെയും പൂജാരയെയും മടക്കി അയച്ച ജയ്മിസൻ (2–30) ന്യൂസീലൻഡിനു മികച്ച തുടക്കം നൽകി. സ്വിങ് മുതലാക്കി ആഞ്ഞടിച്ച സൗത്തി 4 വിക്കറ്റെടുത്തു ബോളർമാരിൽ കേമനായി. ട്രെന്റ് ബോൾട്ടും (3–39) നീൽ വാഗ്നറും (1–44) നിർണായക സമയങ്ങളിലെത്തി ഇന്ത്യയെ വിറപ്പിച്ചു. ഒന്നാം ഇന്നിങ്സിൽ ജയ്മിസൻ 5 വിക്കറ്റെടുത്തു തിളങ്ങിയിരുന്നു. ബോൾട്ടും വാഗ്നറും 2 വിക്കറ്റ് വീതവും സൗത്ത് ഒരു വിക്കറ്റുമെടുത്തു.

∙ തോറ്റെങ്കിലും ഇന്ത്യ മുന്നി‌‍ൽ

ഫൈനലിൽ തോറ്റെങ്കിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ കണക്കുകളിൽ മുന്നിൽ നിൽക്കുന്നത് ഇന്ത്യയാണ്. ഇന്ത്യയുടെ നേട്ടങ്ങൾ:

∙ എറ്റവും കൂടുതൽ മത്സരങ്ങളിൽ വിജയം (12)
∙ ഏറ്റവും കൂടുതൽ പരമ്പര വിജയം (5)
∙ ഏറ്റവും കൂടുതൽ പോയിന്റ് (520)
∙ ഏറ്റവും കുറവു തോൽവികൾ (4) (ഓസ്ട്രേലിയയ്ക്കും 
ന്യൂസീലൻഡിനുമൊപ്പം)
∙ ഏറ്റവും കൂടുതൽ വിക്കറ്റ്: അശ്വിൻ

∙ സ്കോർ കാർഡ്

∙ ഇന്ത്യ ഒന്നാം ഇന്നിങ്സ്: 217
∙ ന്യൂസീലൻഡ് ഒന്നാം ഇന്നിങ്സ്: 249

∙ ഇന്ത്യ 2–ാം ഇന്നിങ്സ്: രോഹിത് എൽബി ബി 
സൗത്തി 30, ഗിൽ എൽബി ബി സൗത്തി 8, പൂജാര സി ടെയ്‌ലർ ബി ജയ്മിസൻ 15, കോലി സി വാട്‌ലിങ് ബി ജയ്മിസൻ 13, രഹാനെ സി വാട്‍ലിങ് ബി ബോൾട്ട് 15, പന്ത് സി നിക്കോൾസ് ബി ബോൾട്ട് 41, ജഡേജ സി വാട്‍‌‌ലിങ് ബി വാഗ്നർ 16, അശ്വിൻ സി ടെയ്‌ലർ‌ ബി ബോൾട്ട് 7, ഷമി സി ലാതം ബി സൗത്തി 13, ഇഷാന്ത് നോട്ടൗട്ട് 1, ബുമ്ര സി ലാതം ബി സൗത്തി 0. എക്സ്ട്രാസ് 11. ആകെ 170.
വിക്കറ്റ് വീഴ്ച: 1–24, 2–51, 3–71, 4–72, 5–109, 6–142, 7–156, 8–156, 9–170, 10–170.
ബോളിങ്: സൗത്തി 19–4–48–4, ബോൾട്ട് 15–2–39–3, ജയ്മിസൻ 24–10–30–2, വാഗ്നർ 15–2–44–1.

∙ ന്യൂസീലൻഡ് 2–ാം ഇന്നിങ്സ്: ലാതം സ്റ്റംപ്ഡ് പന്ത് ബി അശ്വിൻ 9, കോൺവേ എൽബി ബി അശ്വിൻ 19, വില്യംസൻ 52 നോട്ടൗട്ട്, ടെയ്‌ലർ 47 നോട്ടൗട്ട്. എക്സ്ട്രാസ് 13. ആകെ 2ന് 140.

വിക്കറ്റ് വീഴ്ച: 1–33, 2–44

ബോളിങ്: ഇഷാന്ത് 6.2–2–21–0, ഷമി 10.5–3–31–0, ബുമ്ര 10.4–2–35–0, അശ്വിൻ 10–5–17–2, ജഡേജ 8–1–25–0.

English Summary: India vs New Zealand, World Test Championship Final - Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com