ADVERTISEMENT

സതാംപ്ടൺ∙ പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലൻഡിനോടു തോറ്റതിനു പിന്നാലെ, ഒരു ടെസ്റ്റ് കൊണ്ട് മികച്ച ടീമിനെ കണ്ടെത്തുന്നത് എങ്ങനെയെന്ന ചോദ്യവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. രണ്ടു ദിവസം മികച്ച ക്രിക്കറ്റ് കളിച്ചിട്ടും തോൽക്കുന്ന ടീം മോശമാണെന്ന് എങ്ങനെ പറയുമെന്ന് കോലി ചോദിച്ചു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് മൂന്നു ടെസ്റ്റുകൾ വേണമെന്ന പരിശീലകൻ രവി ശാസ്ത്രിയുടെ നിലപാട് ശരിവച്ചാണ് ഒരു ടെസ്റ്റിൽ അവസാനിക്കുന്ന ഫൈനലിനെ കോലി എതിർത്തത്.

‘ഒരേയൊരു ടെസ്റ്റ് കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്ന ഈ രീതിയോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. അതിനായി ഒരു പരമ്പര നടത്തുന്നതാണ് ഏറ്റവും നല്ലത്. അവിടെയാണ് ഓരോ ടീമിനും അവരുടെ ശരിയായ കരുത്ത് പ്രകടിപ്പിക്കാനാകുക. തിരിച്ചടികളിൽനിന്ന് തിരിച്ചുവരാൻ കെൽപ്പുള്ള, എതിർ ടീമിനെ തൂത്തെറിയാൻ ശേഷിയുള്ള ടീം ഏതെന്ന് അങ്ങനെയാണ് കണ്ടെത്തേണ്ടത്. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പോരാട്ടത്തിൽ കടുത്ത സമ്മർദ്ദത്തിൽ കളിച്ച് തോറ്റതുകൊണ്ട് നിങ്ങൾ ഒരു മോശം ടീമായി എന്ന് ഞാൻ വിശ്വസിക്കുന്നില്ല’ – കോലി പറഞ്ഞു.

രണ്ടു വർഷത്തോളം നീണ്ടുനിന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ പോയിന്റ് സ്വന്തമാക്കിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ആകെ കളിച്ച ആറു പരമ്പരകളിൽ അഞ്ചിലും ഇന്ത്യ ജയിച്ചു. ആകെ നേടിയത് 520 പോയിന്റ്. സമീപകാലത്ത് ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും പരമ്പര ജയിച്ചത് ആദ്യ ടെസ്റ്റ് തോറ്റ് പിന്നിലായതിനു ശേഷമാണ്.

‘ടെസ്റ്റ് ലോകകപ്പിന്റെ ഫൈനലിൽ കുറഞ്ഞത് മൂന്നു മത്സരങ്ങളെങ്കിലും വേണം. എങ്കിൽ മാത്രമേ ആദ്യ കളിയിൽ അൽപം മോശമായെങ്കിലും തിരിച്ചടിക്കാനും വിജയത്തിലേക്കു കുതിക്കാനും കഴിയൂ. ഭാവിയിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലുകൾക്ക് ഈ രീതി പിന്തുടരുമെന്നാണ് എന്റെ പ്രതീക്ഷ. ഇത്തവണ തോറ്റതുകൊണ്ടല്ല എന്റെ ഈ വാദം. മറിച്ച് ടെസ്റ്റ് ക്രിക്കറ്റ് കൂടുതൽ ജനകീയമാക്കുന്നതിനാണ്. മാത്രല്ല, കഴിഞ്ഞ 4–5 വർഷങ്ങൾകൊണ്ട് ഞങ്ങൾ നേടിയെടുത്തതൊന്നും ഈ തോൽവികൊണ്ട് ഇല്ലാതാകുന്നുമില്ല’ – കോലി പറഞ്ഞു.

English Summary: Virat Kohli calls for best-of-three WTC finals to decide Test champions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com