ADVERTISEMENT

സതാംപ്ടൺ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെ തോൽവിക്കു പിന്നാലെ, ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടാകുമെന്ന സൂചന നൽകി ക്യാപ്റ്റൻ വിരാട് കോലി. ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നടന്ന കലാശപ്പോരാട്ടത്തിൽ, രണ്ടു ദിവസം കളി പൂർണമായും മഴ തടസ്സപ്പെടുത്തിയിട്ടും ഇന്ത്യ എട്ടു വിക്കറ്റിനാണ് തോറ്റത്. മത്സരം സമനിലയിലെത്തിച്ചിരുന്നുവെങ്കിൽ കിവീസിനൊപ്പം സംയുക്ത ജേതാക്കളാകാൻ ഇന്ത്യയ്ക്ക് അവസരമുണ്ടായിരുന്നു. എന്നാൽ, ‌റിസർവ് ദിനത്തിൽ മഴ പൂർണമായും മാറിനിന്നതോടെയാണ് ന്യൂസീലൻഡ് വിജയം പിടിച്ചെടുത്തത്.

ബാറ്റിങ് നിര ഒരിക്കൽക്കൂടി പരാജയമായതോടെയാണ് ഇന്ത്യ നിർണായക മത്സരത്തിൽ തോൽവി വഴങ്ങിയത്. മേഘാവൃതമായ അന്തരീക്ഷത്തിൽ മത്സരത്തിന്റെ തുടക്കത്തിൽ ബാറ്റിങ് വെല്ലിവിളി നിറഞ്ഞതായിരുന്നു. എന്നാൽ, മത്സരം പുരോഗമിക്കുന്തോറും സാഹചര്യങ്ങൾ മെച്ചപ്പെട്ടു. റിസർവ് ദിനത്തിൽ മഴ പൂർണമായും മാറി നിന്നെങ്കിലും ബാറ്റിങ്ങിൽ മധ്യനിരയുടെ കൂട്ടത്തകർച്ച ഇന്ത്യയുടെ പതനം ആസന്നമാക്കി.

റിസർവ് ദിനത്തിന്റെ ആദ്യ സെഷനിൽത്തന്നെ ക്യാപ്റ്റൻ വിരാട് കോലിയും ചേതേശ്വർ പൂജാരയും കൈൽ ജയ്മിസനു മുന്നിൽ കീഴടങ്ങിയതാണ് നിർണായകമായത്. ഋഷഭ് പന്ത് മാത്രമാണ് അൽപമെങ്കിലും പൊരുതിനിന്നത്. രണ്ടാം ഇന്നിങ്സിൽ കൂട്ടത്തകർച്ച നേരിട്ട് 170 റൺസിന് പുറത്തായ ഇന്ത്യ, ന്യൂസീലൻഡിനു മുന്നിൽ ഉയർത്തിയത് 139 റൺസിന്റെ താരതമ്യേന അനായാസ വിജയലക്ഷ്യം.

‘മത്സരഫലവും താരങ്ങളുടെ പ്രകടനവും നമ്മൾ വിലയിരുത്തും. ടീമിനെ ശക്തിപ്പെടുത്താൻ ആവശ്യമായ ഘടകങ്ങൾ എന്തൊക്കെയെന്ന് കണ്ടെത്തും. ചില പ്രത്യേക സാഹചര്യങ്ങളിൽ കൂട്ടത്തോടെ തകരുന്ന പതിവും അവസാനിപ്പിക്കാൻ വേണ്ടതു ചെയ്യും’ – മത്സരശേഷം കോലി പറഞ്ഞു.

‘ടീമിനെ ശക്തിപ്പെടുത്താൻ ഇനിയും ഒരു വർഷമൊന്നും കാത്തിരിക്കില്ല. ഭാവിയിലേക്കുള്ള പദ്ധതികൾ ഉടൻ തയാറാക്കും. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ നമ്മുടെ ടീം മികച്ചതാണ്. ആഴമുള്ള ബാറ്റിങ് നിരയും വൈവിധ്യമാർന്ന ബോളിങ്ങും ആത്മവിശ്വാസമുള്ള താരങ്ങളുമുണ്ട്. ടെസ്റ്റ് ടീമിലും സമാനമായ മാറ്റങ്ങൾ വരുത്തും’ – കോലി പറഞ്ഞു.

‘ടീമിന്റെ ഘടനയും പ്രകടനവും വിലയിരുത്തി ചില അഴിച്ചുപണികൾ നടത്തേണ്ടതുണ്ട്. നിർഭയം കളിക്കാനുള്ള സാഹചര്യം ഒരുക്കണം. മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ശരിയായ മനോഭാവമുള്ളവരെ കണ്ടെത്തി ടീമിന്റെ ഭാഗമാക്കും’ – കോലി പറഞ്ഞു.

‘ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലൻഡ് നിരയിൽ കണ്ടതുപോലെ ടോപ് ക്ലാസ് ബോളർമാരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ആത്മവിശ്വാസത്തോടെ നേരിടാനുള്ള മാനസിക കരുത്ത് താരങ്ങൾക്ക് ഉറപ്പാക്കും. കളിയുടെ ഗതിക്കനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്താനാകാണം. മത്സരം ഇടയ്ക്ക് കയ്യിൽനിന്നു വഴുതുന്ന സാഹചര്യം ഒഴിവാക്കണം. സാങ്കേതികമായി എന്തെങ്കിലും കാര്യമായ കുഴപ്പങ്ങളുണ്ടെന്ന് കരുതുന്നില്ല’ – കോലി പറഞ്ഞു.

English Summary: Virat Kohli wants to bring 'people who have right mindset to perform' in Indian Test team after WTC Final loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com