ADVERTISEMENT

എന്നു തീരും ഈ കാത്തിരിപ്പ്? പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ് കീരിടം ‘കിവി കൊത്തി’യതോടെ ഇന്ത്യൻ ആരാധകരുടേയും കോലി ആരാധകരുടേയും മനസ്സിൽ ഒരേപോലെ ഉയരുന്ന ചോദ്യമാണ് ഇത്. മൂന്നാം തവണയാണ് ക്യാപ്റ്റൻ വിരാട് കോലിക്കു കീഴിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു ഐസിസി കിരീടം കപ്പിനും ചുണ്ടിനുമിടയിൽ കൈവിടുന്നത്. കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച നായകനെന്ന റെക്കോർഡ് നേട്ടവുമായാണ് കോലി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഇറങ്ങിയത്.

ഫൈനൽ മത്സരം ഉൾപ്പെടെ 61 ടെസ്റ്റുകളിലാണ് കോലി ഇന്ത്യയെ നയിച്ചത്. 60 മത്സരങ്ങളിൽ നായകനായ എം.എസ്.ധോണിയുടെ റെക്കോർഡാണ് തകർത്തത്. മത്സരത്തിന്റെ മൂന്നാം ദിനം വിരാട് കോലി കരിയറിലെ പ്രധാന നാഴികക്കല്ല് പിന്നിടുകയും ചെയ്തു. കോലിക്കു ടെസ്റ്റ് അരങ്ങേറ്റത്തിന്റെ 10–ാം വാർഷികദിനമായിരുന്നു ജൂൺ 20. 2011 ജൂൺ 20ന് വെസ്റ്റിൻഡീസിനെതിരെ അരങ്ങേറ്റം കുറിച്ച കോലിയുടെ, കരിയറിലെ 92–ാം ടെസ്റ്റ് മത്സരമായിരുന്നു ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ. അരങ്ങേറ്റ ടെസ്റ്റിൽ 19 റൺസുമായി മടങ്ങേണ്ടിവന്ന താരത്തിനു ടെസ്റ്റ് മത്സരങ്ങളിൽ നിന്നു മാത്രമുള്ള സമ്പാദ്യം 27 സെഞ്ചുറികൾ അടക്കം 7534 റൺസ്.

ഈ ഫോർമാറ്റിൽ കൂടുതൽ റൺസ് നേടുന്ന ഇന്ത്യക്കാരുടെ പട്ടികയിൽ ആറാമൻ. ടെസ്റ്റിൽ കൂടുതൽ സെഞ്ചുറികൾ നേടിയ ഇന്ത്യക്കാരിൽ ഇപ്പോൾ മൂന്നാമനാണ്. കൂടുതൽ ഡബിൾ സെഞ്ചുറികൾ നേടിയ ക്യാപ്റ്റൻ‌ (7), ഇന്ത്യയ്ക്കു കൂടുതൽ ജയങ്ങൾ സമ്മാനിച്ച ക്യാപ്റ്റൻ (34), കൂടുതൽ സെഞ്ചുറികൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ (20), തുടർച്ചയായ ഇന്നിങ്സുകളിൽ ഡബിൾ സെഞ്ചുറി തികച്ച ക്യാപ്റ്റൻ, ഓസ്ട്രേലിയയിൽ പരമ്പര വിജയം നേടുന്ന ആദ്യ ഇന്ത്യൻ നായകൻ തുടങ്ങി ടെസ്റ്റിലെ ഒട്ടേറെ നേട്ടങ്ങളും കോലിയുടെ പേരിലുണ്ട്. 

എന്നാൽ റെക്കോർഡുകളുടെ തോഴനായ കോലിക്ക് ഇതുവരെ ഇന്ത്യയ്ക്ക് ഒരു ഐസിസി കിരീടം നേടികൊടുക്കാനായിട്ടില്ല എന്നതാണ് ആരാധകരെ വിഷമിപ്പിക്കുന്നത്.  2017 ചാംപ്യൻസ് ട്രോഫി, 2019 ഏകദിന ലോകകപ്പ് എന്നീ ടൂർണമെന്റുകളിലാണ് ഇതിനു മുൻപ് ടീം ഇന്ത്യ ക്യാപ്റ്റൻ കോലിക്കു കീഴിൽ കളിച്ചത്. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ചിരവൈരികളായ പാക്കിസ്ഥാനോടും ലോകകപ്പ് സെമിഫൈനലിൽ ന്യൂസീലൻഡിനോടും ഇന്ത്യ പരാജയം രുചിച്ചു. അതേ ന്യൂസീലൻഡിനോടു തന്നെ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലും തോറ്റതോടെ കോലിക്കു കീഴിൽ കീരിടനഷ്ടത്തിൽ ഇന്ത്യ ‘ഹാട്രിക്’ കുറിച്ചു. 

ഏറ്റവുമൊടുവിൽ ഇന്ത്യ ഒരു ഐസിസി ടൂർണമെന്റിൽ കിരീടം ചൂടിയത് 2013ലാണ്. അന്ന് മഹേന്ദ്രസിങ് ധോണിയാണ് ഇന്ത്യയെ നയിച്ചത്. അതിനുശേഷം ധോണിയും മൂന്നു ഐസിസി കിരീടങ്ങൾ നഷ്ടമാക്കിയെങ്കിലും ഇന്ത്യയ്ക്കായി എല്ലാ ഐസിസി കിരീടങ്ങളും നേടിയ ക്യാപ്റ്റനെന്ന ഖ്യാതിക്ക് ഉടമയാണ് ധോണി. 2013ലെ ചാംപ്യൻസ് ട്രോഫിക്കുശേഷം 2014 ട്വന്റി20 ലോകകപ്പ്, 2015 ഏകദിന ലോകകപ്പ്, 2016 ട്വന്റി20 ലോകകപ്പ് എന്നീ ടൂർണമെന്റുകളിലാണ് ഇന്ത്യ കിരീടം കൈവിട്ടത്. ഇപ്പോൾ ടെസ്റ്റ് ചാംപ്യൻഷിപ് കിരീടം കൂടി കൈവിട്ടതോടെ എട്ടുവർഷമായി ഇന്ത്യയ്ക്ക് ഒരു ഐസിസി ട്രോഫി പോലും നേടാനായിട്ടില്ല എന്നത് തീർത്തും നിരാശാജനകമാണ്. കോലിക്കു കീഴിൽ ഇന്ത്യയ്ക്ക് നഷ്ടമായ ഐസിസി കിരീടങ്ങൾ:

∙ 2017 ചാംപ്യൻസ് ട്രോഫി

ഇന്ത്യൻ ടീമിനാണ് ടൂർണമെന്റിൽ എല്ലാവരും കിരീടസാധ്യത കൽപ്പിച്ചിരുന്നത്. ഫൈനലിൽ ചിരവൈരികളായ പാക്കിസ്ഥാനായിരുന്നു എതിരാളികൾ. ആദ്യ കൂടിക്കാഴ്ചയിൽ പാക്കിസ്ഥാനെതിരെ 124 റൺസിന്റെ കൂറ്റൻ വിജയം നേടിയ ഇന്ത്യ ഫൈനലിലും വിജയപ്രതീക്ഷയിലായിരുന്നു. ഫൈനലിൽ ഓപ്പണർ ഫഖർ സമാന്റെ സെഞ്ചുറിക്കരുത്തിൽ (114) പാക്കിസ്ഥാൻ നേടിയത് നാലു വിക്കറ്റ് നഷ്ടത്തിൽ 338 റൺസ്.

പേസ് ബോളർ മുഹമ്മദ് ആമിർ തകർത്തെറിഞ്ഞതോടെ മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് ആദ്യ ഒൻപത് ഓവറിനുള്ളിൽ വിരാട് കോലി, രോഹിത് ശർമ, ശിഖർ ധവാൻ എന്നിവരെ നഷ്ടമായി. 43 പന്തിൽനിന്ന് 76 റൺസടിച്ച് ഹാർദിക് പാണ്ഡ്യ പ്രതീക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. ആ തോൽവി ഇന്നും ഒരു നീറ്റലായി ഇന്ത്യൻ ആരാധകരുണ്ട് ഉള്ളിലുണ്ട്.

∙ 2019 ഏകദിന ലോകകപ്പ്

ഇത്തവണയും എല്ലാവരും കിരീടസാധ്യത കൽപ്പിച്ചിരുന്നത് ഇന്ത്യയ്ക്കു തന്നെ. സെമിയിൽ ന്യൂസീലൻഡായിരുന്നു ഇന്ത്യയുടെ എതിരാളികൾ. മഴ മൂലം രണ്ടു ദിവസമായാണ് മത്സരം പൂർത്തിയാക്കിയത്. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡിനെ ഇന്ത്യ 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 239 റൺസിൽ ഒതുക്കി. 43 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാർ ഇന്ത്യയ്ക്കായി തിളങ്ങി.

മറുപടി ബാറ്റിങ്ങിൽ കൂട്ടത്തകർച്ച നേരിട്ട ഇന്ത്യ 31 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 92 റൺസെന്ന നിലയിലായിരുന്നു. പിന്നീട് രവീന്ദ്ര ജഡേജയും ധോണിയും ചേർന്ന് ഏഴാം വിക്കറ്റിൽ 104 പന്തിൽനിന്ന് 116 റൺസടിച്ച് ഇന്ത്യയെ രക്ഷപ്പെടുത്തി. ജഡേജ 59 പന്തിൽ 77 റൺസെടുത്ത് ബോൾട്ടിന് കീഴടങ്ങി. പിന്നാലെ 72 പന്തിൽ 50 റൺസുമായി ധോണി റണ്ണൗട്ടായി. മത്സരം തോറ്റ ഇന്ത്യ പുറത്ത്!

∙ 2021ൽ നേടുമോ ട്വന്റി20 കപ്പ്?

തന്റെ ‘പ്രഥമ’ ഐസിസി കിരീട നേട്ടത്തിന് ഈ വർഷം തന്നെ വിരാട് കോലിക്ക് അവസരമുണ്ടെന്നതാണ് പ്രത്യേകത. ഈ വർഷം നവംബറിൽ നടക്കുന്ന ട്വന്റി20 ലോകകപ്പാണ് അതിനുള്ള അവസരം. 2016ൽ സ്വന്തം മണ്ണിൽ നടന്ന ട്വന്റി20 ലോകകപ്പിൽ സെമിഫൈനലിലാണ് വെസ്റ്റിൻഡീസിനോട് ഇന്ത്യ തോറ്റത്. ഫൈനലിൽ വെസ്റ്റിൻഡീസ് ജേതാക്കളാവുകയും ചെയ്തു. ഇത്തവണയും ഇന്ത്യ തന്നെ ലോകകപ്പിനു വേദിയാകുമെന്നാണ് കരുതിയിരുന്നെങ്കിലും കോവിഡ് സാഹചര്യത്തിൽ യുഎഇയിലേക്ക് മത്സരങ്ങൾ മാറ്റുമെന്നാണ് കരുതുന്നത്. എങ്കിലും ബിസിസിഐ തന്നെയായിരിക്കും മത്സരങ്ങൾ നടത്തുക.

ട്വന്റി20 ലോകകപ്പിനോട് വളരെ വൈകാരികമായ ബന്ധമാണ് പുതുതലമുറയിലെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഉള്ളത്. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പ് എം.എസ്.ധോണിക്കു കീഴിൽ ഇന്ത്യ നേടിയതോടെയാണ് ആധുനിക ക്രിക്കറ്റിൽ ഇന്ത്യയുടെ തലവര തന്നെ മാറുന്നത്. ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്ത ധോണി പിന്നീട് എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാവുകയും ചെയ്തു. അതുകൊണ്ടു തന്നെ ട്വന്റി20 ലോകകപ്പ് നേട്ടത്തിലൂടെ തന്റെ ആദ്യ ഐസിസി കിരീടം കോലിക്കു നേടാനായാൽ അതു ചരിത്രത്തിന്റെ തനിയാവർത്തനം. കാത്തിരിക്കുകയാണ് ഓരോ കോലി ആരാധകനും!

English Summary: Captain Virat Kohli Loses In Another ICC Tournament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com