ADVERTISEMENT

അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല, അഥവാ ഇന്ത്യൻ ആരാധകർ എന്താണോ പേടിച്ചിരുന്നത്, അതേപടി സംഭവിച്ചു. ഐസിസി ടൂർണമെന്റ് നോക്കൗട്ടുകളിൽ ടീം ഇന്ത്യയെ വിടാതെ പിടികൂടിയ ‘ശാപം’ പതിവു തെറ്റിക്കാതെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലും തന്റെ തനിനിറം കാണിച്ചു. ആധികാരിക ജയങ്ങളുമായി ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലേക്ക് കുതിച്ചെത്തിയ ടീം ഇന്ത്യയുടെ കയ്യിൽ നിന്ന്, അപ്രതീക്ഷിതമായി ഫൈനൽ ബെർത്ത് ലഭിച്ച ന്യൂസീലൻഡ് കപ്പും കൊത്തിപ്പറന്നു. കപ്പ് കൊണ്ടുപോയത് കെയ്ൻ വില്യംസണും സംഘവുമാണെന്നോർത്ത് കുറച്ചെങ്കിലും സമാധാനിക്കാം.

അപ്പോഴും, 2014 ട്വന്റി20 ലോകകപ്പ് ഫൈനലിൽ തുടങ്ങി 2015 ഏകദിന ലോകകപ്പും 2016 ട്വന്റി20 ലോകകപ്പും 2017 ചാംപ്യൻസ് ട്രോഫിയും 2019 ഏകദിന ലോകകപ്പും കടന്ന് 2021 ടെസ്റ്റ് ചാംപ്യൻഷിപ്പിൽ എത്തിനിൽക്കുന്ന ടീം ഇന്ത്യയുടെ നോക്കൗട്ട് അലർജിക്ക് ഏത് വാക്സീൻ നൽകുമെന്നോർത്ത് ആരാധകർ ധർമസങ്കടത്തിലാണ്. ഒരു കാലത്ത് ദക്ഷിണാഫ്രിക്ക കൈവശം വച്ച ‘ചോക്കേഴ്സ്’ പട്ടം പതിയെ ഇന്ത്യയ്ക്കു ചാർത്തിക്കിട്ടിയിരിക്കുന്നു.

എങ്കിലും ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ പൊരുതിയാണല്ലോ വീണത് എന്നോർത്ത് റണ്ണർ അപ് ട്രോഫിയുമായി ഇന്ത്യയ്ക്ക് നാട്ടിലേക്കു മടങ്ങാം. അപ്പോഴും ചോദ്യങ്ങൾ ബാക്കി നിൽക്കുന്നു. ഈ തോൽവി ചോദിച്ചു വാങ്ങിയതോ? അത് ചോദിക്കാനുള്ള ചില കാരണങ്ങൾ ഇതാ...

∙ പാളിയ ഒരുക്കം

ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് ഒരുങ്ങാൻ ഇരു ടീമുകൾക്കും വേണ്ടുവോളം സമയം ലഭിച്ചിരുന്നു. എന്നാൽ ഓസ്ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ടീം ഇന്ത്യ നേരെ പോയത് ഐപിഎൽ കളിക്കാനാണ്. അതാവട്ടെ കോവിഡ് മൂലം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. കിവീസ് പക്ഷേ, ഒരു മുഴം മുൻപേ എറിഞ്ഞു. ഫൈനൽ നടക്കുന്ന ഇംഗ്ലണ്ടിൽ ഹോം ടീമുമായി ഒരു ടെസ്റ്റ് പരമ്പര സംഘടിപ്പിച്ചു.

‘തോറ്റാൽ തോൽവിയിൽ നിന്നു പഠിക്കാം, ജയിച്ചാൽ ആത്മവിശ്വാസത്തോടെ ഫൈനലിലേക്ക്’ എന്നതായിരുന്നു കിവീസിന്റെ ലൈൻ. ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചെങ്കിലും ഫൈനൽ നടക്കുന്ന സതാംപ്ടനിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ തകർത്ത് അവർ പരമ്പര സ്വന്തമാക്കി. ഫൈനലിനു മുൻപ് ഇതിൽപരം ഒരു ബൂസ്റ്റർ ഡോസ് കിവീസിനു കിട്ടാനുണ്ടോ?

മറുവശത്ത് കോവിഡും ക്വാറന്റീനുമെല്ലാം കഴിഞ്ഞ് ഇംഗ്ലണ്ടിലെത്തിയ ടീം ഇന്ത്യ രണ്ട് ഇന്റർ സ്ക്വാഡ് (സ്വന്തം ടീമിനെ രണ്ടായി വിഭജിച്ച്) മത്സരങ്ങളാണ് കളിച്ചത്. ഇംഗ്ലിഷ് സാഹചര്യങ്ങൾ അറിയാവുന്ന ഒരു കൗണ്ടി ക്ലബുമായോ ഇംഗ്ലണ്ടിന്റെ എ ടീമുമായോ ഒരു പരിശീലന മത്സരം നടത്താമായിരുന്നു എന്നും അത് ടീമിനെ സജ്ജമാക്കാൻ സഹായിച്ചേനെ എന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു.

∙ ടീം സിലക്‌ഷൻ

ഇന്ത്യയ്ക്കു മുൻപേ ടീം പ്രഖ്യാപിച്ചത് ന്യൂസീലൻഡായിരുന്നു. 15 അംഗ സ്ക്വാഡിൽ അജാസ് പട്ടേൽ എന്ന ഒരേയൊരു സ്പിന്നർ മാത്രം. ട്രെന്റ് ബോൾട്ട്, കെയ്ൽ ജയ്മിസൻ, ടിം സൗത്തി, നീൽ വാഗ്നർ, മാറ്റ് ഹെൻറി എന്നീ 5 പേസർമാരിൽ 4 പേർ കളിക്കുമെന്ന് ഏറെക്കുറേ തീർച്ചയായിരുന്നു. മറുവശത്ത് രവിചന്ദ്രൻ അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും സ്പിൻ കോംബോ വീണ്ടും കാണാമെന്നു ക്യാപ്റ്റൻ കോലി സൂചന നൽകി.

അവസാന ദിവസങ്ങളിൽ വിക്കറ്റ് സ്പിന്നിന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ രണ്ടു സ്പിന്നർമാരുമായി ഇന്ത്യ ഇറങ്ങി. എന്നാൽ സ്പിൻ ഓപ്ഷൻ കാറ്റിൽ പറത്തി 4 പേസർമാരും ഒരു പേസ് ബോളിങ് ഓൾറൗണ്ടറുമായാണ് വില്യംസനും സംഘവും ഫൈനലിന് ഇറങ്ങിയത്. ആത്മഹത്യാപരമായ നീക്കമെന്ന് വിമർശനങ്ങൾ ഉയർന്നെങ്കിലും താനായിരുന്നു ടീം സിലക്‌ഷന്റെ  കാര്യത്തിൽ ശരിയെന്ന് കളി അവസാനിച്ചപ്പോൾ വില്യംസൻ തെളിയിച്ചു.

∙ ഇന്ത്യൻ പേസർമാർ

ലോകോത്തര നിലവാരമുള്ള ബോളിങ് യൂണിറ്റാണെങ്കിലും ഇഷാന്ത് ശർമയെ ഒഴിച്ചു നിർത്തിയാൽ ജസ്പ്രീത് ബുമ്രയ്ക്കും മുഹമ്മദ് ഷമിക്കും ഇംഗ്ലണ്ടിൽ ടെസ്റ്റ് കളിച്ച് കാര്യമായ പരിചയമില്ല. സ്വിങ് ബോളർമാരെ അളവറ്റ് സഹായിക്കുന്ന ഇംഗ്ലിഷ് സാഹചര്യങ്ങളിൽ നാലാമതൊരു പേസറെ കളിപ്പിക്കാത്തതിൽ ക്യാപ്റ്റൻ കോലി പശ്ചാത്തപിക്കുന്നുണ്ടാകാം. ഡെത്ത് ഓവർ സ്പെഷലിസ്റ്റ് ആയ ബുമ്രയുടെ യോർക്കറുകൾക്കും സ്ലോ ബോളുകൾക്കും ടെസ്റ്റ് ക്രിക്കറ്റിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിക്കില്ലെന്നു ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു. സ്വിങ്ങിനെക്കാൾ കൂടുതൽ പേസിനേയും ആംഗിളിനെയും ആശ്രയിക്കുന്ന ബുമ്ര, ഇംഗ്ലണ്ടിലെ ടെസ്റ്റ് സാഹചര്യത്തിനു യോജിച്ചയാളല്ലെന്നു തന്നെ പറയേണ്ടി വരും.

മറുവശത്ത് ഇഷാന്ത് വിചാരിച്ച ഫോമിലേക്ക് ഉയരാത്തതും തിരിച്ചടിയായി. ഇരുവർക്കും കാലാവസ്ഥയുടെ ആനുകൂല്യവും ലഭിച്ചില്ല. മൂന്നാം സീമറായി ടീമിലെത്തിയ ഷമി തന്റെ ജോലി ഭംഗിയാക്കി. പന്ത് പഴകും തോറും ഷമിയുടെ വീര്യവും കൂടി. അശ്വിൻ നിരാശപ്പെടുത്തിയില്ലെങ്കിലും രണ്ടാം സ്പിന്നറായി ടീമിൽ വന്ന ജഡേജയ്ക്ക് 7 ഓവർ മാത്രം എറിയാൻ നൽകിയതിനു പിന്നിലെ തന്ത്രം കോലി വിശദീകരിക്കേണ്ടി വരും.

നാലാം പേസറുടെ രൂപത്തിലോ, സമീപകാലത്തെ ഫോമും സ്വതസിദ്ധമായി പന്ത് സ്വിങ് ചെയ്യിക്കാനുള്ള കഴിവും പരിഗണിച്ച് ബുമ്രയ്ക്കു പകരമായോ മുഹമ്മദ് സിറാജിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തണമായിരുന്നു എന്നു വിശ്വസിക്കുന്നവരും കുറവല്ല.

∙ ന്യൂസീലൻഡ് പേസ് അറ്റാക്ക്

തങ്ങൾക്ക് വിതച്ച നെല്ല് കൃത്യമായി കൊത്തിയെടുത്ത ഒരു കൂട്ടം കിവിപ്പറവകൾ– ന്യൂസീലൻഡ് പേസർമാരെ അങ്ങനെ വിശേഷിപ്പിക്കാം. ന്യൂ ബോളിൽ പരമാവധി സ്വിങ് കണ്ടെത്തി ബാറ്റ്സ്മ‍ാൻമാരെ കുഴപ്പിക്കുന്ന ദൗത്യം ടിം സൗത്തിയും ട്രെന്റ് ബോൾട്ടും മനോഹരമായി നിർവഹിച്ചു. ബൗൺസറുകളുമായി ബാറ്റ്സ്മൻമാർക്ക് മീതെ പറന്നിറങ്ങുന്ന പതിവ് ഇക്കുറിയും നീൽ വാഗ്നർ തെറ്റിച്ചില്ല. തന്റെ ഉയരത്തെ എത്ര മനോഹരമായാണ് കൈൽ ജയ്മിസൻ ഉപയോഗപ്പെടുത്തിയത്. 9 അടി ഉയരത്തിൽ നിന്നു പറന്നിറങ്ങിയ ജയ്മിസന്റെ പന്തുകളെ മനസ്സിലാക്കാൻ ടീം ഇന്ത്യയുടെ ഓൺലൈൻ പഠനത്തിനു (വിഡിയോ അനാലിസിസ് വഴി ജാമിസന്റെ ബോളിങ് ടീം ഇന്ത്യ വിലയിരുത്തിയിരുന്നു) സാധിച്ചില്ല.

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലരിനു വേണ്ടി കളിക്കുമ്പോൾ റെഡ് ഡ്യൂക്ക് ബോൾ തനിക്ക് എറിഞ്ഞുതരാൻ ആവശ്യപ്പെട്ട ക്യാപ്റ്റൻ കോലിയോട് ജയ്‌മിസൻ എന്തിനു നോ പറഞ്ഞു എന്ന് ഇപ്പോൾ വ്യക്തമായിരിക്കും. ഈ 4 പേസർമാരുടെയും അങ്കത്തിനു ശേഷം ചേഞ്ച് ബോളറായി എത്തുന്ന കോളിൻ ഡി ഗ്രാൻഡ്ഹോം വരെ ഇന്ത്യയെ ആവശ്യത്തിനു വെള്ളം കുടിപ്പിച്ചു.

∙ ഇന്ത്യൻ മിഡിൽ ഓർഡർ

ആദ്യ ഇന്നിങ്സിൽ 62 റൺസ് ചേർത്ത് ഭേദപ്പെട്ട തുടക്കം നൽകിയ ഇന്ത്യൻ ഓപ്പണർമാർക്കു പക്ഷേ മിഡിൽ ഓ‍ർഡറിൽ നിന്നു വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ക്യാപ്റ്റൻ കോലിക്കും (43) വൈസ് ക്യാപ്റ്റൻ രഹാനയ്ക്കും (49) ലഭിച്ച തുടക്കം ഒരു ഘട്ടത്തിൽ പ്രതീക്ഷ നൽകിയെങ്കിലും ആ പ്രതീക്ഷയ്ക്ക് ആയുസ്സുണ്ടായിരുന്നില്ല. പൂജാര എന്ന ജൂനിയർ മതിലിൽ ഇന്ത്യ ഇതിലും എത്രയോ അധികം പ്രതീക്ഷയും വിശ്വാസവും വച്ചു പുലർത്തിയിരുന്നു!

ഋഷഭ് പന്ത് കെട്ടുപൊട്ടിയ പട്ടം പോലെ സ്വതസിദ്ധമായ ശൈലി തുടർന്നെങ്കിലും രണ്ടാം ഇന്നിങ്സിലെ രക്ഷകന്റെ റോൾ ആടിത്തീർക്കാൻ സാധിച്ചില്ല. സമനിലയ്ക്കും അതു വഴി കിരീടത്തിനും സജീവ സാധ്യത ഉണ്ടായിട്ടും അലക്ഷ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ ഇന്ത്യൻ മധ്യനിരയായിരുന്നു രണ്ടാം ഇന്നിങ്സിലെ കാഴ്ച. മറുവശത്ത് വില്യംസൻ– ടെയ്‍‌ലർ സഖ്യത്തിന്റെ വിശ്വാസത്തിൽ മാത്രം കെട്ടിപ്പടുത്ത കിവീസിന്റെ മധ്യനിര ആ വിശ്വാസം കാത്തപ്പോൾ കിരീടം ന്യൂസീലൻഡിലേക്കു പറന്നു.

∙ വൽക്കഷ്ണം

തോൽവി തോൽവിതന്നെയാണെങ്കിലും ഫൈനൽ വരെ എത്തിയ ടീം ഇന്ത്യയുടെ കുതിപ്പിനെ കണ്ടില്ലെന്നു വയ്ക്കാനാകില്ല. ഇത്രയും സ്ഥിരതയാർന്ന പ്രകടനം ഈ ടൂർണമെന്റിൽ മറ്റൊരു ടീമിനും അവകാശപ്പെടാനും ഇല്ല. ടെസ്റ്റ് ക്രിക്കറ്റിലെ വമ്പൻമാരായ ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഉൾപ്പെടെ ഗാലറിയിലിരുന്നു കളി കാണുമ്പോഴാണ് ഇന്ത്യ ഫൈനൽ കളിക്കാൻ ഇറങ്ങിയതെന്നോർന്ന് സമാധാനിക്കാം. കപ്പ് വില്ലിച്ചായനാണല്ലോ കൊണ്ടുപോയതെന്നോർത്ത് സന്തോഷിക്കാം!

English Summary: Why Does India Lose in WTC Final Vs New Zealand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com