ഹാർദിക്, വിഹാരി, ഭുവി വെയിറ്റിങ്; ഇന്ത്യയ്ക്ക് ഉപകാരമാകുമോ ഐസിസി ‘ശാപം’?

CRICKET-AUS-IND
ടീം ഇന്ത്യ (ഫയൽ ചിത്രം).
SHARE

പ്രതിസന്ധികൾക്കും തിരിച്ചടികൾക്കും മുന്നിൽ അങ്ങനെ തളർന്നു പോകുന്ന ആളല്ല വിരാട് കോലി. പിതാവിന്റെ അകാല വിയോഗത്തിന്റെ തൊട്ടു പിന്നാലെ, അസാമാന്യമായ മനസ്സാന്നിധ്യത്തോടെ സ്വന്തം ടീമിനു വേണ്ടി ബാറ്റു വീശിയ കൗമാരക്കാരനായിരുന്നു കോലി. പിന്നീട് പരശതകോടി ഇന്ത്യക്കാരുടെ പ്രിയതാരമായി മാറിയ ശേഷവും കലാശപ്പോരാട്ടങ്ങളിലടക്കം പല കുറി തോറ്റു പോയിട്ടുള്ള നായകനാണ്.

അപ്പോഴൊക്കെയും പരാജിതന്റെ ശരീരഭാഷയേതുമില്ലാതെ, തോൽവികളെക്കുറിച്ച് അത്യധികം വേവലാതിപ്പെടാതെ, എതിരാളികളുടെ വിജയത്തെ കരഘോഷത്തോടെ അഭിനന്ദിക്കാൻ മറന്നിട്ടുമില്ല. പക്ഷേ, ഇക്കഴിഞ്ഞ ദിവസം ലോക ടെസ്റ്റ് ചാംപ്യൻഷിപ് കിരീടപ്പോരാട്ടത്തിൽ ന്യൂസീലന്‍ഡിനു മുന്നിൽ അടിയറവു പറഞ്ഞതിനു പിന്നാലെ ഹാംഷെർ ബൗളിലെ ഡ്രസിങ് റൂമിലേക്കുള്ള ഇരുനില ഗോവണി കയറുമ്പോൾ ഇന്ത്യൻ നായകന്റെ തല പതിവിലുമധികം കുമ്പിട്ടിരുന്നോ?

CRICKET-IND-ENG
വിരാട് കോലി.

∙പിടിവിടാതെ പ്രമാണം
അങ്ങനെ തോന്നാൻ കാരണമുണ്ട്. കോലിയെ സംബന്ധിച്ചിടത്തോളം ക്രിക്കറ്റ് ബാറ്റും പന്തും തമ്മിലുള്ള വെറും പോരാട്ടമല്ല; വിജയത്തിലേക്കു നയിക്കുമെന്ന് അദ്ദേഹം കരുതുന്ന തന്ത്രങ്ങളും പദ്ധതികളുമടങ്ങുന്ന അനുസ്യൂതമായ പ്രക്രിയ(process) ആണ്. ഈ പ്രക്രിയ ഭംഗിയായി നടപ്പാക്കിയാൽ വിജയങ്ങളും കിരീടങ്ങളും പിന്നാലെ വരുമെന്ന പ്രമാണം അദ്ദേഹം തന്നെ പല കുറി പറഞ്ഞിട്ടുമുണ്ട്. എന്നാൽ, ഫാസ്റ്റ് ബോളർമാരെ അമിതമായി സഹായിക്കുന്ന പിച്ചും ആരെയും തോൽപിച്ചു കളയുന്ന ഇംഗ്ലിഷ് മഴവികൃതിയുമെല്ലാം വിധി നിശ്ചയിച്ച ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ, കോലിയും മുഖ്യ പരിശീലകൻ രവി ശാസ്ത്രിയും വിശ്വസിക്കുന്ന പ്രമാണങ്ങളണോ ഇന്ത്യയ്ക്കു വിനയയായത് എന്നാണ് ആരാധകരുടെ ചോദ്യം.

∙കൈ വിട്ട സിലക്‌ഷൻ
സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയുമടങ്ങുന്ന ഇലവനാണ് ഇന്ത്യയ്ക്കു വേണ്ടി ഫൈനലിൽ കളിക്കുകയെന്നു മത്സരത്തിനു മുൻപു തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ആദ്യ ദിവസം മഴ സമ്പൂർണമായി പിടിച്ചടക്കിയതിനാൽ ഇരു ടീമുകളും ഔദ്യോഗികമായി ടീമുകളെ പ്രഖ്യാപിച്ചിരുന്നില്ല. നനഞ്ഞു കുതിർന്ന മൈതാനത്ത് സ്വിങ്ങും സീമും വിധി നിശ്ചയിക്കുന്ന പിച്ചിലാകും കളിയെന്നു ബോധ്യമായിട്ടു പോലും ഇന്ത്യ ഇലവനിൽ മാറ്റം വരുത്തിയില്ല. 5 പേസർമാരുമായി ന്യൂസീലൻഡ് ഉയർത്തിയ വെല്ലുവിളിക്കു ഇന്ത്യയുടെ മറുപടി 3 പേസർമാർ മാത്രം. ബോളിങ്ങിന്റെ കുന്തമുനായാകുമെന്നു കരുതപ്പെട്ടിരുന്ന ജസ്പ്രിത് ബുമ്ര നിറംമങ്ങിയതോടെ ഭാരമേറെയും ഇഷാന്ത് ശര്‍മയുടെയും മുഹമ്മദ് ഷമിയുടെയും ചുമലുകളിലായി.

സമീപകാലത്ത് അതിശയകരമായ പക്വതയോടെയും കൃത്യതയോടെയും പന്തെറിഞ്ഞ മുഹമ്മദ് സിറാജിനെ ജഡേജയുടെ സ്ഥാനത്ത് ഉൾപ്പെടുത്താമായിരുന്നു എന്ന് ഇപ്പോൾ കോലിയും ചിന്തിക്കുന്നുണ്ടാകണം. 2 ഇന്നിങ്സുകളിലായി 15.2 ഓവർ മാത്രമാണ് ജഡേജയ്ക്കു പന്തെറിയാൻ ലഭിച്ചതെന്നതും ശ്രദ്ധേയം. ഇരുവശത്തേക്കും പന്തു സ്വിങ് ചെയ്യാന്‍ പ്രാപ്തിയുള്ള ഭുവനേശ്വർ കുമാറിനെ ടീമിലേക്കു പരിഗണിച്ചതു പോലുമില്ല എന്നതും ചർച്ചയാകുന്നുണ്ട്.
ഇതിനു പകരം ഹനുമ വിഹാരിയെ ഉൾപ്പെടുത്തി ബാറ്റിങ്ങിനു കരുത്തു കൂട്ടിയിരുന്നെങ്കിൽലുംസമനിലയുമായി ഇന്ത്യ രക്ഷപ്പെടുമായിരുന്നെന്ന വാദവുമുണ്ട്. ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നി ടെസ്റ്റിൽ പരുക്കേറ്റ് നേരെ നിൽക്കാൻ പോലും പറ്റാതിരുന്നിട്ടും ഇന്ത്യയെ തോൽവിയിൽനിന്നു രക്ഷിച്ച പോരാളികളിൽ ഒരാളാണല്ലോ വിഹാരി!

∙മാറണോ മധ്യനയം
ചേതേശ്വർ പൂജാരയും അജിൻക്യ രഹാനെയും ഋഷഭ് പന്തുമടങ്ങുന്ന മധ്യനിരയിൽനിന്ന് നായകനു കാര്യമായ പിന്തുണ കിട്ടാത്തതാകും ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കു മുൻപ് ഇന്ത്യയുടെ കാര്യമായ തലവേദന. തോൽക്കാൻ മനസ്സില്ല എന്ന മട്ടിലാണ് ന്യൂസീലൻഡ് നായകൻ കെയ്ൻ വില്യംസന്റെ ബാറ്റിങ് മാസ്റ്റർക്ലാസെങ്കിൽ, അങ്ങനെയൊരു ചിന്തയേ ഇന്ത്യയുടെ മധ്യനിര താരങ്ങൾക്കുണ്ടായിരുന്നെന്നു തോന്നുന്നില്ല.

∙ എവിടെ ആ ഓൾറൗണ്ടർ?
2018ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യ 1–4നു പരാജയപ്പെട്ടെങ്കിലും ഇരു ടീമുകളിലുമായി അഞ്ഞൂറിലധികം റൺസ് സ്കോർ ചെയ്ത ഏക ബാറ്റ്സ്മാനായിരുന്നു കോലി. ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ ഓൾറൗണ്ടർ സാം കറനാണ് ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം എന്നാണ് അന്നു കോലിയുടെ വാദം. മൂന്നു വർഷത്തിനിപ്പുറം വീണ്ടും ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര തൊട്ടടുത്തെയപ്പോഴും ഇന്ത്യൻ നിരയിൽ വിശ്വസ്തനായൊരു ഫാസ്റ്റ് ബോളിങ് ഓൾറൗണ്ടറില്ല. പരുക്കേറ്റതിനു ശേഷം ബോളിങ് ഫോം വീണ്ടെടുക്കാത്ത ഹാർദിക് പാണ്ഡ്യയെയും ഓസ്ട്രേലിയൻ പര്യടനത്തിൽ തിളങ്ങിയ ഷാർദുൽ ഠാക്കുറിനെയും പരിഗണിക്കാമെങ്കിലും ആ റിസ്ക് എടുക്കാൻ കോലി മുതിരുമോ? അതോ ജഡേജ തന്നെയാണ് ഇന്ത്യയുടെ മികച്ച ഓൾറൗണ്ടർ എന്ന പ്രമാണം മുറുകപ്പെടിക്കുമോ?

∙സീനിയോറിറ്റി മുഖ്യം
സമീപകാലത്ത് കോലിയുടെ ബാറ്റിങ് പ്രകടനം നിരാശാജനകമാണെന്ന വിമർശനം ഉയരുന്നുണ്ടെങ്കിലും ഇന്ത്യൻ നായകന്റെ ക്ലാസിനെക്കുറിച്ച് ആർക്കും സംശയമില്ല. പക്ഷേ, ക്യാപ്റ്റൻ അൽപം നിറം മങ്ങുമ്പോൾ സീനിയർ താരങ്ങളിലൊരാളെങ്കിലും ബാറ്റിങ്ങിന്റെ ഭാരം ചുമലിലേറ്റണ്ടതല്ലേ എന്ന ചോദ്യം നീളുന്നത് ഉപനായകൻ രഹാനെ, ഓപ്പണർ രോഹിത് ശർമ, മൂന്നാം നമ്പർ ബാറ്റ്സ്മാൻ പൂജാര എന്നിവർക്കു നേരെയാണ്.
ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടിയാൽ, ഐസിസി ടൂർണമെന്റ് ഫൈനലുകളിലെ ശാപം വിജയത്തിലേക്കു നയിക്കുന്ന ഉപകാരമായി ഭവിക്കാനും അധികകാലം വേണ്ട. തന്ത്രങ്ങളും പദ്ധതികളും ഉഷാറകട്ടേ... പ്രമാണം വിജയിക്കട്ടേ...

English sumary: Will team India and Virat Kohli dare to change test lineup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA