sections
MORE

ഈ ‘ഭാരം’ കോലി തന്നെ ചുമക്കണോ? രഹാനെ ടെസ്റ്റിൽ നയിക്കും, ട്വന്റി20യിൽ രോഹിത്?

rahane-rohit-kohli
അജിൻക്യ രഹാനെയും രോഹിത് ശർമയും വിരാട് കോലിക്കൊപ്പം (ട്വിറ്റർ ചിത്രം)
SHARE

പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലെ തോൽവിക്കുശേഷം ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടിവന്നത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയായിരുന്നു. കോലിയുടെ സമീപകാല ഫോമും ക്യാപ്റ്റൻസിയും ഒരുപോലെ വിമർശന വിധേയമായി. ടീം സിലക്‌ഷനിൽ ഉൾപ്പെടെ കോലിക്കു സംഭവിച്ച പിഴവുകളാണ് തോൽവിക്കു കാരണമെന്നും കോലി ക്യാപ്റ്റൻ സ്ഥാനത്തു തുടരുന്നതിനെക്കുറിച്ച് രണ്ടാമതൊന്നു ചിന്തിക്കണമെന്നും വരെ വിമർശനമുയർന്നു. തൊട്ടുപിന്നാലെ കുറച്ചുകാലമായി കേൾക്കാതിരുന്ന ആ ആവശ്യവുമായി വിമർശകർ വീണ്ടും വന്നു: സ്പ്ലിറ്റ് ക്യാപ്റ്റൻസി!

∙ എന്താണ് സ്പ്ലിറ്റ് ക്യാപ്റ്റൻസി?

ഓരോ ഫോർമാറ്റിനും ഓരോ ക്യാപ്റ്റൻമാരെ തീരുമാനിച്ച് ക്യാപ്റ്റൻസി മൂന്നു പേർക്കായി (ചിലപ്പോൾ രണ്ട്) വിഭജിച്ചു നൽകുന്ന രീതിയാണ് സ്പ്ലിറ്റ് ക്യാപ്റ്റൻസി. ചില ടീമുകൾ താരതമ്യേന ചെറിയ ഫോർമാറ്റുകളായ ട്വന്റി20ക്കും ഏകദിനത്തിനും ഒരു ക്യാപ്റ്റനെയും ടെസ്റ്റ് മത്സരങ്ങൾക്ക് മറ്റൊരു ക്യാപ്റ്റനെയും നിയമിക്കുന്നു.

ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ ടീമുകൾ ഇതു വിജയകരമായി പരീക്ഷിച്ചുവരുന്നവരാണ്. ഓരോ പരമ്പരയ്ക്കും വ്യത്യസ്ത ക്യാപ്റ്റൻമാരെ നിയമിക്കുന്ന ശ്രീലങ്ക സ്പ്ലിറ്റ് ക്യാപ്റ്റൻസിയെ മറ്റൊരു ‘തലത്തിലേക്ക്’ കൊണ്ടെത്തിച്ച ടീമാണ്. ഇടയ്ക്കിടയ്ക്കു ക്യാപ്റ്റൻമാരെ മാറ്റുന്ന കാര്യത്തിൽ വെസ്റ്റിൻഡീസും ഒട്ടും പിന്നിലല്ല.

∙ എന്തിനുവേണ്ടി?

3 ഫോർമാറ്റിലും ഒരുപോലെ മികവുതെളിയിക്കുന്ന താരമായിരിക്കണം ക്യാപ്റ്റനായി വരേണ്ടത്. എന്നാൽ പലപ്പോഴും ടെസ്റ്റ് ക്രിക്കറ്റിൽ മികവു തെളിയിക്കുന്ന കളിക്കാർ ഏകദിനത്തിലേക്ക് വരുമ്പോൾ നിറം മങ്ങുന്നതും ട്വന്റി20യിലെ വെടിക്കെട്ടു വീരൻമാർ ടെസ്റ്റിൽ ഒന്നുമല്ലാതായി മാറുന്നതും പതിവാണ്. ഇതുമൂലമാണ് ഫോർമാറ്റുകൾക്കനുസരിച്ച് ക്യാപ്റ്റനെ മാറ്റാൻ ടീമുകൾ നിർബന്ധിതമാകുന്നത്. പൊതുവെ ബാറ്റ്സ്മാൻമാരോ ബാറ്റിങ് ഓൾറൗണ്ടർമാരോ ആയിരിക്കും ക്യാപ്റ്റൻ സ്ഥാനത്തിനു ആദ്യം പരിഗണിക്കപ്പെടുക. ബോളർമാർ ക്യാപ്റ്റൻമാരാകുന്ന പതിവ് വിരളമാണ് (ഇന്ത്യൻ ക്യാപ്റ്റനായി അനിൽ കുംബ്ലൈയും ശ്രീലങ്കൻ ക്യാപ്റ്റൻ സ്ഥാനത്ത് ലസിത് മലിംഗയും ഉൾപ്പെടെ ബോളർമാർ ചില പ്രതിഭാധനരായ ബോളർമാർ ക്യാപ്റ്റൻസി പട്ടം അലങ്കരിച്ചിട്ടുണ്ടെങ്കിലും).

ഇത്തരത്തിൽ ഓരോ ഫോർമാറ്റിലും ക്യാപ്റ്റൻമാർ മാറുന്നത് ടീമിന്റെ സ്ഥിരതയേയും കെട്ടുറപ്പിനെയും ഗെയിം പ്ലാനുകളെയും ബാധിക്കുമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഓരോ ഫോർമാറ്റിലും ടീമിനൊപ്പം ക്യാപ്റ്റനെയും മാറ്റുമ്പോൾ അത് വ്യക്തിഗത പ്രകടനത്തെയും ടീമിന്റെ പ്രകടനത്തെയും ഒരുപോലെ ബാധിച്ചക്കാം. ക്യാപ്റ്റൻ എന്ന നിലയിൽ ഒരു താരത്തിന്റെ ആത്മവിശ്വാസത്തെ തകർക്കാനും സ്പ്ലിറ്റ് ക്യാപ്റ്റൻസ് കാരണമായേക്കാമെന്നും വിശ്വസിക്കുന്നവർ കുറവല്ല.

∙ ഇന്ത്യയും സ്പ്ലിറ്റ് ക്യാപ്റ്റൻസിയും

ഇന്ത്യൻ ടീമിലും സ്പ്ലിറ്റ് ക്യാപ്റ്റൻസി നടപ്പാക്കണണമെന്നു വർഷങ്ങളായി ആവശ്യമുയരുന്നുണ്ടെങ്കിലും അതൊന്നും ചെവികൊള്ളാൻ ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്) തയാറായിട്ടില്ല. 2007ൽ പ്രഥമ ട്വന്റി20 ലോകകപ്പ് ക്യാപ്റ്റനായി നിയോഗിക്കപ്പെട്ട എം.എസ്. ധോണി തൊട്ടടുത്ത വർഷം തന്നെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റൻസിയും ഏറ്റെടുത്തു.

2014ൽ ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിച്ചപ്പോൾ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം കോലി ഏറ്റെടുത്തു. ഏകദിന, ട്വന്റി20 ക്യാപ്റ്റനായി ധോണി തുടർന്നു. ആ കാലത്തു മാത്രമാണ് ഇന്ത്യൻ ടീമിൽ പേരിനെങ്കിലും സ്പ്ലിറ്റ് ക്യാപ്റ്റൻസി നടപ്പായത്. 2017ൽ മൂന്നു ഫോർമാറ്റിലും കോലി ക്യാപ്റ്റനായതിനു ശേഷം അങ്ങനെയൊരു ചിന്ത പോലും പിന്നീട് ബിസിസിഐക്കു ഉണ്ടായിട്ടില്ല.

മൂന്നു ഫോർമാറ്റിലും ഒരുപോലെ മികച്ചു നിൽക്കാൻ സാധിച്ചതായിരുന്നു വിരാട് കോലിയെ എല്ലാ ഫോർമാറ്റിലും ക്യാപ്റ്റനായി നിലനിർത്താൻ കാരണം. ടീമിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്റ്സ്മാൻ ക്യാപ്റ്റനാകട്ടെ എന്നു ബിസിസിഐ തീരുമാനിച്ചിരിക്കാം. എന്നാൽ ഇത്തരത്തിൽ ക്യാപ്റ്റൻസിയുടെ അമിത ഭാരം ചുമക്കുന്നത് കോലിയുടെ പ്രകടനത്തെ ദോഷകരമായി ബാധിക്കുന്നതായാണ് അടുത്ത കാലത്തെ ഫോം വ്യക്തമാക്കുന്നത്.

∙ സ്പ്ലിറ്റ് ആയാൽ?

ടീം ഇന്ത്യ ക്യാപ്റ്റൻസി വിഭജിച്ചു നൽകാൻ തീരുമാനിച്ചാൽ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് കോലി തന്നെ തുടരാനാണ് സാധ്യത. ട്വന്റി20 നായക പദവിയിലേക്ക് രോഹിത് ശർമ വന്നേക്കും. മുംബൈ ഇന്ത്യൻസിന് 5 ഐപിഎൽ കിരീടം നേടിക്കൊടുത്ത രോഹിത് ഉള്ളപ്പോൾ ട്വന്റി20യിൽ ടീം ഇന്ത്യയെ നയിക്കാൻ മറ്റൊരു നായകനെ തേടേണ്ട ആവശ്യമില്ല.

ടെസ്റ്റ് ക്രിക്കറ്റിലേക്കു വരുമ്പോൾ നിലവിലെ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനയ്ക്കാണ് നറുക്കു വീഴാൻ സാധ്യത. വിരാട് കോലിയുടെ അഭാവത്തിൽ 5 ടെസ്റ്റ് മത്സരങ്ങളിൽ രഹാനെ ടീമിനെ നയിച്ചു. ഒരു മത്സരം സമനില ആയപ്പോൾ ബാക്കി 4ഉം ജയിച്ചു. ഓസ്ട്രേലിയയ്ക്കെതിരെ ഗാബയിൽ നേടിയ വിഖ്യാത ജയവും ഇതിൽ ഉൾപ്പെടുന്നു.

∙ ഈഗോ?

ക്യാപ്റ്റൻസി വിഭജിക്കപ്പെടുന്നതോടെ ക്യാപ്റ്റൻമാർ തമ്മിൽ ഈഗോ പ്രശ്നങ്ങളുണ്ടായേക്കാമെന്നും ബോർഡിന് ആശങ്കയുണ്ട്. വിരാട് കോലിയും രോഹിത് ശർമയും തമ്മിൽ മുൻപു ചില അസ്വാരസ്യങ്ങളുണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സ്പ്ലിറ്റ് ക്യാപ്റ്റൻസി വരുന്നതോടെ ഈ പ്രശ്നങ്ങൾ വീണ്ടും തലപൊക്കുമെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു.

അതോടൊപ്പം പെട്ടെന്നൊരു ദിവസം കോലിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു നീക്കിയാൽ അത് അദ്ദേഹത്തിന്റെ പ്രകടനത്തെ തന്നെ ബാധിക്കുമോ എന്ന ആശങ്കയും ഒരു പരിധിവരെ സ്പ്ലിറ്റ് ക്യാപ്റ്റൻസിയെക്കുറിച്ച് രണ്ടാമതൊരിക്കൽ കൂടി ചിന്തിക്കാൻ ബിസിസിഐയെ നിർബന്ധിക്കുന്നു.

∙ തലയിരിക്കുമ്പോൾ...

ടെസ്റ്റ് ചാംപ്യൻഷിപ് തോൽവിയോടെ സ്പ്ലിറ്റ് ക്യാപ്റ്റൻസിക്കായുള്ള മുറവിളി ശക്തമായിട്ടുണ്ടെങ്കിലും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോ ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിയോ ഇതിനോടു പ്രതികരിച്ചിട്ടില്ല. മുൻ താരങ്ങളിൽ പലരും സ്പ്ലിറ്റ് ക്യാപ്റ്റൻസിയെ അനുകൂലിച്ച് രംഗത്തെത്തിയെങ്കിലും ഇരുവരും മനസ്സു തുറക്കാൻ തയാറായിട്ടില്ല. മുൻപ് പലപ്പോഴായി സ്പ്ലിറ്റ് ക്യാപ്റ്റൻസി ചർച്ചയ്ക്കു വന്നപ്പോഴൊക്കെ ഇരുവരും അതിനോട് പ്രതികൂല നിലപാടാണ് സ്വീകരിച്ചതെന്നതും ശ്രദ്ധേയം.

∙ സ്പ്ലിറ്റ് ക്യാപ്റ്റൻസി നടപ്പായ പ്രധാന ടീമുകൾ

ടീം, ടെസ്റ്റ് ക്യാപ്റ്റൻ, ഏകദിന ക്യാപ്റ്റൻ, ട്വന്റി20 ക്യാപ്റ്റൻ

ഓസ്ട്രേലിയ – ടിം പെയ്‍ൻ – ആരോൺ ഫിഞ്ച് – ആരോൺ ഫിഞ്ച്

ഇംഗ്ലണ്ട്  – ജോ റൂട്ട് – ഓയിൻ മോർഗൻ – ഓയിൻ മോർഗൻ

ദക്ഷിണാഫ്രിക്ക – ഡീൻ എൽഗർ – ടെംബ ബവുമ – ടെംബ ബവുമ

വെസ്റ്റിൻഡീസ് – ക്രെഗ് ബ്രാത്ത്‌വൈറ്റ് – കീറോൺ പൊള്ളാർഡ് – കീറോൺ പൊള്ളാർഡ്

ശ്രീലങ്ക – ദിമുത് കരുണരത്നെ – കുശാൽ പെരേര – കുശാൽ പെരേര

* മൂന്നു ഫോർമാറ്റിലും പാക്കിസ്ഥാൻ ക്യാപ്റ്റനായി ബാബർ അസവും ന്യൂസീലൻഡ് ക്യാപ്റ്റനായി കെയ്ൻ വില്യംസനും തുടരുന്നു. സ്ഥിരം ക്യാപ്റ്റൻമാരുടെ അഭാവത്തിലോ ചില പരമ്പരകളിൽ മാത്രമോ ക്യാപ്റ്റൻസി ഏറ്റെടുക്കുന്നവരെ പരിഗണിച്ചിട്ടില്ല.

English Summary: One or multiple captains for Team India? 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA