ADVERTISEMENT

മുംബൈ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ കളിച്ച ഇന്ത്യൻ ടീമിലേക്ക് ജസ്പ്രീത് ബുമ്രയെ തിരഞ്ഞെടുത്തതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സാബാ കരിം. ഇപ്പോഴത്തെ ഫോം പരിഗണിച്ചാൽ ബുമ്രയെ ന്യൂസീലൻഡിനെതിരായ ഫൈനലിൽ കളിപ്പിക്കാൻ പാടില്ലായിരുന്നുവെന്ന് സാബാ കരിം അഭിപ്രായപ്പെട്ടു. ഫോം നോക്കിയല്ല, പേരും പെരുമയും പരിഗണിച്ച് മാത്രമാണ് ബുമ്രയെ സിലക്ടർമാർ ടീമിലെടുത്തതെന്ന് കരിം ആരോപിച്ചു.

ഇന്ത്യൻ പേസർമാർ പൊതുവെ നിരാശപ്പെടുത്തിയ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ബുമ്രയ്ക്ക് ഒരു വിക്കറ്റ് പോലും നേടാനായിരുന്നില്ല. അതേസമയം, ന്യൂസീലൻഡ് ബോളർമാർ തകർപ്പൻ പ്രകടനവുമായി ടീമിന് എട്ടു വിക്കറ്റിന്റെ വിജയവും സമ്മാനിച്ചിരുന്നു.

‘ബുമ്രയുടെ ഇപ്പോഴത്തെ ഫോമിൽ സിലക്ടർമാർ ഒട്ടും ശ്രദ്ധ വച്ചില്ലെന്നു വേണം മനസ്സിലാക്കാൻ. പകരം, ഒരുപരിധി വരെ അദ്ദേഹത്തിന്റെ പേരും പെരുമയും മാത്രമാണ് അവർ നോക്കിയത്. ഓസ്ട്രേലിയയിൽ വച്ച് പരുക്കേറ്റതിനുശേഷം ബുമ്ര ടെസ്റ്റ് കളിച്ചിട്ടില്ലെന്നും ആലോചിക്കണം’ – കരിം പറഞ്ഞു.

‘ആകെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മാത്രമാണ് അടുത്ത കാലത്ത് ബുമ്ര കളിച്ചത്. അതുതന്നെ കൂടുതലായും ട്വന്റി20 ക്രിക്കറ്റ്. ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ബുമ്ര കളിച്ചിരുന്നില്ല. അദ്ദേഹം ഒട്ടും ഫോമിലായിരുന്നില്ല. അതിനൊപ്പം പരിശീലനക്കുറവു കൂടിയായത് തിരിച്ചടിയായി’ – സാബാ കരിം പറഞ്ഞു.

അതേസമയം, ഓസ്ട്രേലിയൻ പര്യടനത്തിനുശേഷം ബുമ്ര ടെസ്റ്റ് കളിച്ചിട്ടില്ലെന്ന സാബാ കരിമിന്റെ വാദം തെറ്റാണ്. ഇന്ത്യയിൽ പര്യടനത്തിനെതിരെ ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിൽ ബുമ്ര കളിച്ചിരുന്നു. പിന്നീട് വിവാഹവുമായി ബന്ധപ്പെട്ട് ടീമിൽനിന്ന് മാറിനിൽക്കുകയായിരുന്നു.

രണ്ടാം ഇന്നിങ്സിൽ ബുമ്ര താളം വീണ്ടെടുത്തെങ്കിലും ഫീൽഡർമാർ ക്യാച്ച് കൈവിട്ടത് തിരിച്ചടിയായെന്ന് കരിം ചൂണ്ടിക്കാട്ടി. ‘രണ്ടാം ഇന്നിങ്സിൽ ബുമ്ര പതുക്കെ താളം കണ്ടെത്തി തുടങ്ങുകയായിരുന്നു. പക്ഷേ ഇത്തവണ നിർഭാഗ്യം പിടികൂടി. പക്ഷേ, കൃത്യമായ ലെങ്ത് പാലിച്ച് അദ്ദേഹത്തിന് എറിയാനായില്ല. പ്രത്യേകിച്ചും ഏറ്റവും നിർണായകമായ ഘട്ടങ്ങളിൽ. ബുമ്രയുടെ കാര്യത്തിൽ കൃത്യമായ ശ്രദ്ധ പുലർത്തി ഈ പ്രശ്നങ്ങളെല്ലാം അടുത്ത പരമ്പരയ്ക്കു മുൻപേ പരിഹരിക്കണം’ – സാബാ കരിം പറഞ്ഞു.

English Summary: Selectors picked Jasprit Bumrah because of his reputation instead of current form, says Saba Karim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com