ഫൈനലിലേക്ക് കൂടുതൽ തിളക്കത്തിൽ എത്തിയത് ഇന്ത്യ; എന്നിട്ടും തോറ്റു!

kohli-taylor-williamson
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ കെയ്ൻ വില്യംസനും റോസ് ടെയ്‌ലറും വിജയമാഘോഷിക്കുന്നു. വിരാട് കോലി സമീപം (ട്വിറ്റർ ചിത്രം)
SHARE

കാത്തുകാത്തിരുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലി‍ൽ ന്യൂസീലൻഡ് ഇന്ത്യയെ തോൽപിച്ച് ജേതാക്കളായി. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് നിരാശയുടെ മറ്റൊരു ഫൈനൽ കൂടി. പടിക്കൽ കൊണ്ടുപോയി കലമുടയ്ക്കുന്ന പതിവ് ക്യാപ്റ്റൻ വിരാട് കോലിയും ഇന്ത്യൻ ടീമും ആവർത്തിച്ചു. കഴിഞ്ഞ രണ്ട് ഏകദിന ലോകകപ്പുകളുടേയും (2019, 2015) സെമിഫൈനലി‍ൽ തോറ്റ ഇന്ത്യൻ ടീം ഇക്കുറി ഈ ടെസ്റ്റ് ചാംപ്യൻഷിപ്പ് നേടുമെന്ന് ആരാധകർ ഏറെ പ്രതീക്ഷിച്ചിരുന്നു.

കോവിഡ് ഐപിഎൽ പാതിവഴിയിൽ നിർത്തിച്ചെങ്കിലും ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരുന്നത് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനു വേണ്ടിയായിരുന്നു. ഐസിസി ഇതാദ്യമായി ഏർപ്പെടുത്തിയ ടെസ്റ്റ് ചാംപ്യൻഷിപ്പിന് 2019 ഓഗസ്റ്റ് ഒന്നു മുതലുള്ള എല്ലാ ടെസ്റ്റ് മത്സരങ്ങളും പരിഗണിച്ചിരുന്നു. ഓരോ മത്സരങ്ങൾക്കും പരമ്പരകൾക്കും പോയിന്റ് നിശ്ചയിച്ച് നടത്തിയ മത്സരങ്ങൾക്കൊടുവിൽ ഇന്ത്യയും ന്യൂസീലൻഡുമാണു കലാശപ്പോരിന് എത്തിയത്.

ഇംഗ്ലണ്ടിലെ സതാംപ്ടനിലെ റോസ് ബൗൾ സ്റ്റേഡിയത്തിൽ ഒറ്റ മത്സരമായിരുന്നു ഫൈനൽ. ഇതിലെ വിജയത്തോടെ പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാംപ്യൻ പട്ടം ന്യൂസീലൻഡ് കൊണ്ടുപോയി. 2019ലെ ഏകദിന ലോകകപ്പ് ഫൈനലി‍ൽ ബൗണ്ടറിക്കണക്കിൽ ഇംഗ്ലണ്ടിന് ലോകകിരീടം അടിയറ വച്ച ന്യൂസീലൻഡിന് ഇത് ആഹ്ലാദവേള. അന്ന് സെമിഫൈനലിൽ ന്യൂസീലൻഡിനോട് തോറ്റ് പുറത്തായ ഇന്ത്യയ്ക്ക് ആ കണക്കു തീർക്കാനുള്ള അവസരം കളഞ്ഞുകുളിച്ചതിന്റെ നിരാശ.

ഇന്ത്യയുടെ കളിയോടുള്ള സമീപനത്തിൽ ചില പൊളിച്ചെഴുത്തുകൾ വേണമെന്നതിന്റെ സൂചന കൂടിയാണ് ഈ പരാജയം. വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് ഇന്ത്യ ഫെനൽ കളിക്കാനെത്തിയത് എന്ന വിമർശനമാണ് മുൻ താരങ്ങളിൽ നിന്നടക്കം ഉയരുന്നത്. ഐപിഎൽ നിർത്തിവച്ചതിനെ തുടർന്ന് മത്സരങ്ങളൊന്നുമില്ലാത്ത ഇടവേളയ്ക്കു ശേഷം ഇന്ത്യ ഫൈനൽ കളിക്കുകയായിരുന്നു. അതിനു മുമ്പ് ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ഒരു ശ്രമവും ടീം ഇന്ത്യയ്ക്ക് ഒരുക്കിക്കൊടുക്കാൻ ടീം മാനേജ്മെന്റ് തയാറായില്ല.

മറിച്ച് ന്യൂസീലൻഡാകട്ടെ, ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനു മുന്നോടിയായി ആതിഥേയരായ ഇംഗ്ലണ്ടുമായി രണ്ട് ടെസ്റ്റുകളുടെ പരമ്പര കളിച്ചിരുന്നു. മഴ മൂലം പലവട്ടം കളി തടസ്സപ്പെട്ടെങ്കിലും ആദ്യ ടെസ്റ്റിൽ സമനില പിടിക്കാനും രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ തോൽപിക്കാനും ന്യൂസീലൻഡിനായി. മഴ മൂലം കളി മുടങ്ങുന്ന സാഹചര്യം ഒന്നിലേറെ തവണ ഇന്ത്യയുമായുള്ള ഫൈനലിലും ഉണ്ടായി. ഇംഗ്ലണ്ടുമായുള്ള കളിയിൽ സമാന സാഹചര്യങ്ങൾ അതിജീവിച്ചതിന്റെ പരിചയസമ്പത്ത് ന്യൂസീലൻഡിനു ഗുണം ചെയ്തു. ബാറ്റ്സ്മാന്മാരുടെ ഫോമില്ലായ്മയും ഇന്ത്യയെ വലച്ചു. രണ്ടാം ഇന്നിങ്സിൽ നേടിയതിനേക്കാൾ 50 റൺസെങ്കിലും അധികം നേടാൻ ഇന്ത്യയ്ക്കു കഴിഞ്ഞിരുന്നുവെങ്കിൽ മത്സരഫലം മാറിയേനെ. മുൻനിരയും മധ്യനിരയും വാലറ്റവും ഒരുപോലെ നിറം മങ്ങിയതാണ് ഇന്ത്യയ്ക്കു വിനയായത്. പിടിച്ചുനിന്ന് പൊരുതാനുള്ള ക്ഷമ ആരും കാട്ടിയില്ല.

മുഹമ്മദ് ഷമി ഉജ്വലമായി പന്തെറിഞ്ഞെങ്കിലും ജസ്പ്രീത് ബുമ്ര പാടെ നിറംമങ്ങിപ്പോയി. രവീന്ദ്ര ജഡേജയും തിളങ്ങിയില്ല. അന്തിമ വിശകലനത്തിൽ ഇംഗ്ലണ്ടിലെത്തി പരിശീലന മത്സരം പോലും കളിക്കാതെ നേരേ ഫൈനലിനിറങ്ങിയ ഇന്ത്യ തോൽവി ചോദിച്ചു വാങ്ങുകയായിരുന്നു. സ്പിന്നർമാർ ഇല്ലാതെ ഫാസ്റ്റ് ബോളർമാരെ മാത്രം ഉൾപ്പെടുത്തി ഫൈനലിനിറങ്ങാൻ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനെ പ്രേരിപ്പിച്ചതും ഫൈനലിനു തൊട്ടുമുമ്പ് ഇംഗ്ലണ്ടുമായി കളിച്ച രണ്ട് ടെസ്റ്റുകളിലെ അനുഭവങ്ങളാകാം.

ആത്മവിശ്വാസം കൊണ്ടു മാത്രം മത്സരം ജയിക്കാനാകില്ലെന്നും വേണ്ടത്ര ഗൃഹപാഠം അനിവാര്യമാണെന്നും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്കും കോച്ച് രവി ശാസ്ത്രിക്കും തിരിച്ചറിവുണ്ടാകാനെങ്കിലും ഈ പരാജയം വഴിവയ്ക്കട്ടെ.

ഇന്ത്യ യോഗ്യതാറൗണ്ടിൽ ഒന്നാം സ്ഥാനക്കാരായാണു ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് എത്തിയത്. യോഗ്യതാ മത്സരങ്ങളുടെ കാലയളവിൽ ഇന്ത്യ 17 ടെസ്റ്റുകളാണു കളിച്ചത്. ഇതിൽ 12 വിജയം, നാലു തോൽവി, ഒരു സമനില എന്നിങ്ങനെയാണ് ഫലങ്ങൾ. വെസ്റ്റ് ഇൻഡീസ് (2–0), ദക്ഷിണാഫ്രിക്ക (3–0), ബംഗ്ലദേശ് (2–0), ഇംഗ്ലണ്ട് (3–1) എന്നിങ്ങനെ നാട്ടിൽ നടന്ന നാലു പരമ്പരകളും ഇന്ത്യ നേടി. ഇതിൽ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റിൽ തോറ്റതൊഴിച്ചാൽ ബാക്കി എല്ലാ ടെസ്റ്റുകളും ഇന്ത്യ ജയിച്ചു.

ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ നടന്ന നാലു മത്സര പരമ്പരയിൽ 2 ജയവും ഒരു തോൽവിയും ഒരു സമനിലയുമായി പരമ്പര നേടി. ന്യൂസീലൻഡിനെതിരെ അവിടെ നടന്ന പരമ്പര മാത്രമാണ് ഇന്ത്യയ്ക്കു നഷ്ടപ്പെട്ടത്. ആ പരമ്പരയിലെ രണ്ടു ടെസ്റ്റുകളും ഇന്ത്യ തോറ്റു. ഫൈനലിൽ അതേ ന്യൂസീലൻഡിനെ കിട്ടിയിട്ടും പകരം വീട്ടാനാകാതെ തോറ്റു എന്നതാണ് ഇന്ത്യൻ ആരാധകരെ സങ്കടപ്പെടുത്തുന്ന കാര്യം.

ന്യൂസീലൻഡ് ഇന്ത്യയുടെ അത്ര വിജയത്തിളക്കത്തോടെയല്ല ഫൈനലിന് എത്തിയത്. സ്വന്തം നാട്ടിൽ മാത്രമാണ് അവർക്ക് പരമ്പര വിജയം നേടാനായത്. ശ്രീലങ്കയിൽ നടന്ന രണ്ടു മത്സര പരമ്പരയിൽ ആദ്യ കളി ശ്രീലങ്ക ജയിച്ചപ്പോൾ രണ്ടാമത്തെ കളി ന്യൂസീലൻഡ് ജയിച്ചു. തുടർന്ന് ഓസ്ട്രേലിയൻ പര്യടനത്തിൽ ന്യൂസീലൻഡ് മൂന്നു ടെസ്റ്റുകളും തോറ്റു. തുടർന്നു സ്വന്തം നാട്ടിൽ നടന്ന മൂന്നു പരമ്പരകളും അവർ തൂത്തുവാരി. ഇന്ത്യ (2–0), വെസ്റ്റിൻഡീസ് (2–0), പാക്കിസ്ഥാൻ (2–0) എന്നിവരെയാണ് ന്യൂസിലൻഡ് തോൽപിച്ചത്. ഏഴു ടെസ്റ്റുകൾ ജയിക്കുകയും നാലെണ്ണം തോൽക്കുകയും ഒരെണ്ണം സമനിലയാവുകയും ചെയ്താണു ന്യൂസീലൻഡ് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലേക്ക് എത്തിയത്. 

ഇനി ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇംഗ്ലണ്ടിൽ നടക്കുന പരമ്പരയിൽ ഓഗസ്റ്റ് 4 മുതൽ എട്ടുവരെ ഒന്നാം ടെസ്റ്റ് നോട്ടിങ്ഹാമിൽ നടക്കും. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 12 മുതൽ 16 വരെ ലോർഡ്സിലും മൂന്നാം ടെസ്റ്റ് ഓഗസ്റ്റ് 25 മുതൽ 29 വരെ ലീഡ്സിലും സെപ്റ്റംബർ 2 മുതൽ ആറു വരെ നാലാം ടെസ്റ്റ് ഓവലിലും സെപ്റ്റംബർ 10 മുതൽ 14 വരെ അഞ്ചാം ടെസ്റ്റ്  മാഞ്ചസ്റ്ററിലും നടക്കും.

Content Highlights: Indian Cricket Team, New Zealand Cricket Team, World Test Championship Final, Virat Kohli

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA