ADVERTISEMENT

കോവിഡ് വ്യാപനം നിമിത്തം ഇന്ത്യൻ പ്രിമിയർ ലീഗിനിടെ (ഐപിഎൽ) ലഭിച്ച ഇടവേള ആഘോഷിക്കാൻ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റനും മുൻ ഇന്ത്യൻ താരവുമായ എം.എസ്. ധോണി കുടുംബ സമേതം ഷിംലയിലെത്തി. മുൻ ഇന്ത്യൻ ക്യാപ്റ്റനോടൊപ്പം ഭാര്യ സാക്ഷി, മകൾ സിവ എന്നിവരും ഒൻപത് ബന്ധുക്കളുമാണ് ഹിമാചലിലെത്തിയത്. കസുമ്പതിക്ക് സമീപമുള്ള മെഹ്‌ലിയിലെ വൈറ്റ് ഹെവൻ ഹോട്ടലിലാണ് ധോണിയും സംഘവും താമസിച്ചത്. മൊത്തം 12 പേർ ഷിംല ടൂർ സംഘത്തിലുണ്ടായിരുന്നു.

റാഞ്ചിയിൽ നിന്നു വിമാനമാർഗമാണ് ധോണിയും കൂട്ടരും ഷിംലയിൽ എത്തിയത്. മൂന്നു ദിവസം സംഘം ഷിംലയിലും 2 ദിവസം മണാലിയിലും ചെലവഴിച്ചു. കോവിഡ് ഭീഷണി മൂലം ഇന്ത്യൻ പ്രിമിയർ ലീഗ് ഇടയ്ക്കുവച്ച് നിർത്തിയതോടെ വീണുകിട്ടിയ ഇടവേള കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ധോണി റാഞ്ചിയിലെ വീട്ടിലെത്തിയത്. സെപ്റ്റംബറിൽ ഐപിഎലിന്റെ ശേഷിക്കുന്ന ഭാഗം യുഎഇയിൽ നടത്താൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തീരുമാനിച്ചെങ്കിലും തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

dhoni-family-shimla

∙ ചേതനെ നോക്കാൻ നാലംഗ സംഘം

കോവിഡ് ഭീഷണി മൂലം െഎപിഎൽ ഇടയ്ക്ക് നിർത്തിയെങ്കിലും വിദേശകളിക്കാരടക്കമുള്ള സഹതാരങ്ങളെയെല്ലാം നാട്ടിലേക്ക് മടക്കി അയച്ചശേഷമാണ് ധോണി വീട്ടിലെത്തിയത്. വീണുകിട്ടിയ െഎപിഎൽ  ഇടവേളയിൽ താരം ഫാം ഹൗസിൽ പുതുതായെത്തിയ അതിഥിയായ കുതിരയെ പരിശീലിപ്പിക്കുന്ന തിരക്കിലായിരുന്നു ധോണിയും മകൾ സിവയും. ധോണി കുതിരയെ മസാജ് ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

dhoni-family

കുതിരപ്പുറത്തേറി ധോണി സഞ്ചരിക്കുന്ന വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു ഭോപ്പാലിൽ നിന്നാണ് പുതിയ അതിഥിയെ ഫാം ഹൗസിൽ എത്തിച്ചത്. പുതിയ അതിഥിക്ക് ചേതൻ എന്നാണ് പേരിട്ടിരിക്കുന്നത്. ‘വീട്ടിലേക്ക് സ്വാഗതം  ചേതക്! ഒരു യഥാർഥ മാന്യൻ ഞങ്ങളുടെ ഫാമിൽ എത്തി. സന്തോഷത്തോടെ സ്വീകരിച്ചു’ – കുതിരയെ വാങ്ങിയ ഉടനെ ഇൻസ്റ്റഗ്രാമിൽ സാക്ഷി കുറിച്ചത് ഇങ്ങനെ. ചേതനെ സംരക്ഷിക്കാൻ നാലംഗസംഘത്തെ ഏർപ്പാടാക്കിയ ശേഷമാണ് ധോണി കുടുംബസമേതം ഷിംലയ്ക്ക് പറന്നത്.  

∙ ആപ്പിളുകളോട് കിന്നരിച്ച്

ഷിംലയിൽ ആദ്യ ദിവസം ഹോട്ടലിൽ നിന്നു പുറത്തിറങ്ങാതിരുന്ന സംഘം രണ്ടാം ദിവസം  ജില്ലയിലെ ഹിൽ സ്റ്റേഷനും ആപ്പിൾ ബെൽറ്റുമായ  രത്നാരി സന്ദർശിച്ചു. ആപ്പിൾ തോട്ടങ്ങളിൽ ധോണിയും കുടുംബവും ഏറെനേരം ചെലവഴിച്ചാണ് താമസ്ഥലത്തേക്ക് മടങ്ങിയത്.

dhoni-siva-1

കഴിഞ്ഞ മുന്നു വർഷത്തിനിടയിലെ ധോണിയുടെ ആദ്യ ഷിംല സന്ദർശനമാണിത്. ഒരു പരസ്യ ചിത്രീകരണത്തിനായി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ 2018 ഓഗസ്റ്റിലാണ് അവസാനമായി ഹിമാചലിലെത്തിയത്. 2018ൽ ഷിംലയിലെ മാൾ റോഡിലുള്ള ഒരു ബാങ്കിനായി ഡിജിറ്റൽ പേയ്മെന്റ് പരസ്യത്തിൽ ധോണി അഭിനയിച്ചിരുന്നു.

∙ ടൂറിസ്റ്റുകൾക്ക് പരവതാനി വിരിച്ച് ഷിംല

മറ്റ് ഒദ്യോഗിക പരിപാടികളൊന്നും മുൻ ഇന്ത്യൻ ക്യാപ്റ്റന് ഷിംലയില്ല. അടുത്തയിടെ സംസ്ഥാനത്ത്  കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു. രണ്ടു മാസമായി ഹിമാചൽ പ്രദേശിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നതോടെയാണ് നിയന്ത്രണങ്ങളിൽ ഇളവനുവദിച്ചത്. നിലവിൽ വിനോദ സഞ്ചാരികൾക്ക് സംസഥാനത്തേക്ക് എത്താനും മടങ്ങാനും നിയന്ത്രണങ്ങളൊന്നുമില്ല.

dhoni-shimla

സംസ്ഥാനത്ത് ഒരിടത്തും കണ്ടെയ്ൻമെന്റ് സോണില്ല. ഇതിനാലാണ് ധോണി കുടുംബസമേതം യാത്ര ഷിംലയ്ക്ക് ചേക്കേറിയത്. നെഗറ്റീവ് ആർടിപിസിആർ  സർട്ടിഫിക്കറ്റില്ലാതെ സംസ്ഥാനത്തുടനീളം സഞ്ചരിക്കാം. സെപ്റ്റംബർ ആദ്യവാരം യുഎഇയിൽ ഐപിഎൽ പുനരാരംഭിക്കുന്നതിനു മുൻപ് കുടുംബത്തോടൊപ്പം കുറച്ചുസമയം അടിച്ചുപൊളിക്കുകയെന്ന ലക്ഷ്യമാണ് താരത്തിന്. 

∙ അനുപം ഖേറിന് പിന്നാലെ  ക്യാപ്റ്റൻ കൂളും

െഎപിഎൽ പോയിന്റ് പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിങ്സ്. ഏഴ് മത്സരങ്ങളിൽ അഞ്ച് എണ്ണത്തിൽ വിജയിച്ച സൂപ്പർ കിങ്സിന്റെ മുന്നിൽ ഋഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ് മാത്രം. കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വന്നതോടെ ഹിമാചൽപ്രദേശിലേക്ക് നിരവധി വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ബോളിവുഡ് താരം അനുപം ഖേർ ഷിംലയിലെത്തിയിരുന്നു.

ഹിമാചലിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വിനോദസഞ്ചാരികൾ കൂട്ടത്തോടെ എത്തിയതിനെത്തുടർന്ന് ചണ്ഡിഗണ്ഡ്– ഷിംല ഹൈവേയിലെ ട്രാഫിക് ബ്ലോക്ക് കിലോമീറ്ററുകൾ നീണ്ടതിന്റെ  ദ്യശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ഷെയർ ചെയ്യപ്പെട്ടിരുന്നു.

English Summary: MS Dhoni visits Shimla for a family vacation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com