ADVERTISEMENT

മുംബൈ∙ ഇന്ത്യയിലെ ഏറ്റവും വലിയ കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരത്തിന് ക്രിക്കറ്റിൽനിന്ന് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ, വനിതാ താരം മിതാലി രാജ് എന്നിവരെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ശുപാർശ ചെയ്തു. ശിഖർ ധവാൻ, കെ.എൽ. രാഹുൽ, ജസ്പ്രീത് ബുമ്ര എന്നിവരെ അർജുന പുരസ്കാരത്തിനായും ശുപാർശ ചെയ്ത ബിസിസിഐ, ഈ വിഭാഗത്തിൽ വനിതാ താരങ്ങളെ പരിഗണിച്ചില്ല.

2003ൽ ഇന്ത്യ അർജുന പുരസ്കാരം നൽകി ആദരിച്ച താരമാണ് നിലവിൽ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായികയായ മിതാലി രാജ്. രവിചന്ദ്രൻ അശ്വിന് 2014ലും അർജുന പുരസ്കാരം ലഭിച്ചിട്ടുണ്ട്. 

എക്കാലത്തേയും മികച്ച വനിതാ താരങ്ങളുടെ കൂട്ടത്തിൽ പരിഗണിക്കപ്പെടുന്ന താരമാണ് മുപ്പത്തെട്ടുകാരിയായ മിതാലി രാജ്. ഇവർ രാജ്യാന്തര ക്രിക്കറ്റിൽ 22 വർഷം പൂർത്തിയാക്കിയത് കഴിഞ്ഞ ദിവസമാണ്. വനിതാ വിഭാഗം ഏകദിനത്തിൽ റൺവേട്ടയിൽ മുന്നിലുള്ള മിതാലി ഇതുവരെ അടിച്ചുകൂട്ടിയത് 7170 റൺസാണ്. 2003ൽ അർജുന പുരസ്കാരത്തിനു പുറമെ 2015ൽ രാജ്യം പത്മശ്രീ നൽകിയും ആദരിച്ചു.

ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ടെസ്റ്റ് ടീമിലെ പ്രധാന സ്പിന്നറാണ് രവിചന്ദ്രൻ അശ്വിൻ. നിലവിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിൽ അംഗമാണ്. 417 വിക്കറ്റുകളുമായി ടെസ്റ്റിൽ എക്കാലത്തേയും മികച്ച വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ നാലാമനാണ് അശ്വിൻ. ടെസ്റ്റിൽ 400 വിക്കറ്റ് പിന്നിടുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമെന്ന റെക്കോർഡും അശ്വിനു സ്വന്തം.

ഏറ്റവും കൂടുതൽ താരങ്ങൾ ഖേൽരത്‌ന പുരസ്കാരം സ്വീകരിച്ച് റെക്കോർഡിട്ട കഴിഞ്ഞ വർഷത്തെ വിജയികളിൽ ക്രിക്കറ്റിൽനിന്ന് ഓപ്പണർ രോഹിത് ശർമയുമുണ്ടായിരുന്നു. മേയ് 20 മുതലാണ് കേന്ദ്ര കായിക മന്ത്രാലയം ഈ വർഷത്തെ കായിക പുരസ്കാരങ്ങൾക്ക് ശുപാർശകൾ സ്വീകരിച്ചു തുടങ്ങിയത്. ആദ്യം ജൂൺ 21 വരെയാണ് സമയം നൽകിയിരുന്നതെങ്കിലും പിന്നീട് ഇത് ജൂൺ 28 വരെ നീട്ടി.

English Summary: R Ashwin, Mithali Raj to be nominated by BCCI for Khel Ratna; Shikhar Dhawan, KL Rahul, Jasprit Bumrah for Arjuna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com