ADVERTISEMENT

ലണ്ടൻ∙ മുൻ ലോക ചാംപ്യൻമാരായ ശ്രീലങ്കയ്ക്ക് ഏകദിനത്തിൽ നാണക്കേടിന്റെ പുതിയൊരു റെക്കോർഡ്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോറ്റ ടീമെന്ന റെക്കോർഡ് ഇനി ശ്രീലങ്കയ്ക്ക് സ്വന്തം. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ തോറ്റതോടെയാണ് ശ്രീലങ്ക ഏകദിന ഫോർമാറ്റിൽ കൂടുതൽ തോൽവി വഴങ്ങിയ ടീമെന്ന നാണക്കേടിലേക്ക് നിപതിച്ചത്. ഏകദിനത്തിൽ ശ്രീലങ്കയുടെ 428–ാം തോൽവിയായിരുന്നു ഇത്. 427 ഏകദിനങ്ങളിൽ തോറ്റ ഇന്ത്യയുടെ ‘റെക്കോർഡാ’ണ് ശ്രീലങ്ക മറികടന്നത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കു മുൻപ് ശ്രീലങ്ക ആകെ കളിച്ചത് 858 ഏകദിനങ്ങളായിരുന്നു. ഇതിൽ 390 മത്സരങ്ങളിൽ ജയിച്ചപ്പോൾ 426 മത്സരങ്ങൾ തോറ്റു. ഏകദിനത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോറ്റ ടീമുകളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് ഒരേയൊരു മത്സരം മാത്രം മാത്രം പിന്നിലായിരുന്നു അവർ.

എന്നാൽ, ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെ അവർ ഇന്ത്യയെ ‘മറികടന്നു’. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരവും തോറ്റതോടെ തോൽവിക്കണക്കിൽ അവർ ഇന്ത്യയേക്കാൾ ഒരു പടി മുന്നിലായി. അഞ്ച് വിക്കറ്റിനാണ് രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ട് ശ്രീലങ്കയെ വീഴ്ത്തിയത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ 3–0ന്റെ സമ്പൂർണ തോൽവി വഴങ്ങിയ ശ്രീലങ്ക, ഏകദിന പരമ്പരയും അടിയറവു വച്ചു കഴിഞ്ഞു. ഇനി അടുത്ത സമ്പൂർണ പരമ്പര തോൽവി വഴങ്ങുമോ എന്നറിയാൻ ജൂലൈ നാലിന് നടക്കുന്ന മൂന്നാം ഏകദിനം വരെ കാത്തിരിക്കണം.

ഏകദിനത്തിൽ 427 തോൽവികളുമായി ശ്രീലങ്കയ്ക്കു തൊട്ടു പിന്നിലുണ്ടെങ്കിലും കളിച്ച മത്സരങ്ങളുടെ എണ്ണത്തിൽ ശ്രീലങ്കയേക്കാൾ ബഹുദൂരം മുന്നിലാണ് ഇന്ത്യ. ഇതുവരെ കളിച്ച 993 ഏകദിനങ്ങളിൽനിന്നാണ് ഇന്ത്യൻ ടീം 427 തോൽവികൾ വഴങ്ങിയത്. ശ്രീലങ്കയേക്കാൾ 133 മത്സരങ്ങൾ കൂടുതലാണിത്. ഏകദിനത്തിൽ ശ്രീലങ്കയുടെ വിജയശതമാനം 47.69 ആണ്. ഇന്ത്യയുടേത് 54.67 ശതമാനവും. 414 മത്സരങ്ങൾ തോറ്റ പാക്കിസ്ഥാനാണ് മൂന്നാമത്. അതേസമയം, കളിച്ച മത്സരങ്ങൾക്ക് ആനുപാതികമായി കൂടുതൽ വിജയങ്ങൾ നേടിയ ടീമുകളിൽ ഇന്ത്യയ്ക്ക് മുന്നിൽ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ മാത്രമേയുള്ളൂ.

ഏകദിനത്തിൽ ഏറ്റവും കൂടുതൽ തോൽവി വഴങ്ങിയ ടീമെന്ന നാണക്കേടിനു പുറമേ, ട്വന്റി20യിൽ കൂടുതൽ മത്സരങ്ങൾ തോറ്റ ടീമും ശ്രീലങ്കയാണ്. ഇംഗ്ലണ്ടിനെതിരായ 3–0 തോൽവിയോടെ അവരുടെ ട്വന്റി20 തോൽവികൾ 70 ആയി ഉയർന്നു. വെസ്റ്റിൻഡീസ് (67), പാക്കിസ്ഥാൻ (65) ടീമുകളാണ് പിന്നിൽ.

English Summary: Sri Lanka create world record for most losses in ODI cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com