‘രണ്ടാം നിര ടീമിനെ അയച്ച’ ഇന്ത്യയ്‌ക്കെതിരെ രണ്ടാം നിര ടീമിനെ ഇറക്കാൻ ശ്രീലങ്ക!

sri-lanka-cricket-team
ശ്രീലങ്കൻ ക്രിക്കറ്റ് ടീം (ഫയൽ ചിത്രം)
SHARE

കൊളംബോ∙ ശ്രീലങ്കൻ പര്യടനത്തിനായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ‍് (ബിസിസിഐ) രണ്ടാം നിര ടീമിനെ അയച്ചുവെന്ന വിമർശനം നിലനിൽക്കെ, ഇന്ത്യയ്‌ക്കെതിരെ കളിക്കാൻ ശ്രീലങ്കയും രണ്ടാം നിര ടീമിനെ തിരഞ്ഞെടുക്കാൻ സാധ്യതയേറുന്നു. ഇന്ത്യയുടെ പ്രമുഖ താരങ്ങൾ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു പോയതുകൊണ്ടാണ് ശേഷിക്കുന്ന താരങ്ങളിൽനിന്ന് ബിസിസിഐ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ തിരഞ്ഞെടുത്തതെങ്കിൽ, കളിക്കാരും ക്രിക്കറ്റ് ബോർഡുമായുള്ള തർക്കമാണ് ശ്രീലങ്കൻ ബോർഡ് രണ്ടാം നിര ടീമിനെ തിരഞ്ഞെടുക്കാനുള്ള സാധ്യത വർധിപ്പിക്കുന്നത്.

പ്രതിഫല കാര്യത്തിൽ തർക്കമുണ്ടായതിനെ തുടർന്ന് വാർഷിക കരാർ പുതുക്കാൻ ശ്രീലങ്കൻ താരങ്ങൾ ഇതുവരെ തയാറായിട്ടില്ല. ശ്രീലങ്കൻ ക്രിക്കറ്റിലെ യോഗ്യരായ 24 താരങ്ങളെ നാലു വിഭാഗങ്ങളിലായി കരാർ പട്ടികയിൽ ഉൾപ്പെടുത്തിയതായി ബോർഡ് വ്യക്തമാക്കിയിരുന്നു. കരാറിൽ ഒപ്പിടുന്നതിന് ജൂൺ മൂന്നു വരെ സമയം അനുവദിക്കുകയും ചെയ്തു. എന്നാൽ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കരാർ തുക തീർത്തും കുറവാണെന്ന് ചൂണ്ടിക്കാട്ടി താരങ്ങൾ കരാർ വ്യവസ്ഥകൾ നിരാകരിക്കുകയായിരുന്നു.

അരവിന്ദ ഡിസിൽവയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തയാറാക്കിയ കരാർ പട്ടികയനുസരിച്ച് ആറു താരങ്ങളാണ് ഏറ്റവും ഉയർന്ന ‘എ’ ഗ്രേഡിൽ വരുന്നത്. ഇവരുടെ വാർഷിക പ്രതിഫലം ഏതാണ്ട് 50 ലക്ഷം ഇന്ത്യൻ രൂപ മുതൽ 72 ലക്ഷം രൂപ വരെയാണ്. കരാർ പ്രകാരം കൂടുതൽ തുക ലഭിക്കുക മധ്യനിര ബാറ്റ്സ്മാൻ ധനഞ്ജയ ഡിസിൽവയ്ക്കാണ്. ഏതാണ്ട് 72 ലക്ഷം രൂപയോളമാണ് അദ്ദേഹത്തിന്റെ വാർഷിക പ്രതിഫലം.

ഇന്ത്യയ്‌ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകളിൽ കളിക്കാനുള്ള ഹ്രസ്വകാല കരാറിനും താരങ്ങൾ വിസമ്മതിച്ചാൽ രണ്ടാം നിര താരങ്ങളെ വച്ച് ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുമെന്ന് ശ്രീലങ്കൻ ബോർഡ് സൂചന നൽകി. നിലവിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തുകയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ടീം. വാർഷിക കരാർ പുതുക്കാത്ത സാഹചര്യത്തിൽ ഒരു താൽക്കാലിക കരാർ പ്രകാരമാണ് ഇംഗ്ലണ്ട് പര്യടനത്തിനായി ടീമിനെ അയച്ചത്.

ഇംഗ്ലണ്ട് പര്യടനം പൂർത്തിയാകുന്നതോടെ വാർഷിക കരാർ പുതുക്കുന്ന കാര്യത്തിൽ ബോർഡും താരങ്ങളും തമ്മിൽ യോജിപ്പിലെത്തുമെന്നാണ് പ്രതീക്ഷ. അതേസമയം, ഇതുവരെ ഇക്കാര്യത്തിൽ കാര്യമായ നീക്കുപോക്കുണ്ടായിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തിനു സമാനമായി ഇനി താൽക്കാലിക കരാറിൽ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തില്ലെന്നും കുറഞ്ഞപക്ഷം, സമ്പൂർണ പര്യടനത്തിനുള്ള കരാറിൽ ഒപ്പിട്ടാൽ മാത്രമേ ഇന്ത്യയ്‌ക്കെതിരെ കളിപ്പിക്കുകയുള്ളൂ എന്നുമാണ് ബോർഡിന്റെ നിലപാട്.

ഇന്ത്യയ്‌ക്കെതിരായ പരമ്പരയിൽനിന്ന് വിശ്വ ഫെർണാണ്ടോ ഉൾപ്പെടെ അഞ്ച് താരങ്ങൾ പിൻമാറിയതായി ശ്രീലങ്കൻ ബോർഡ് അറിയിച്ചിട്ടുണ്ട്. ബോർഡിന്റെ നിർദ്ദേശപ്രകാരം പര്യടന കരാറിൽ ഒപ്പിടാൻ വിസമ്മതിച്ചാണ് ഇവരുടെ പിൻമാറ്റം. ഫെർണാണ്ടോയ്ക്കു പുറമെ ലസിത് എംബുൽദേനിയ, ലഹിരു കുമാര, ആഷൻ ബണ്ഡാര, കസൂൻ രജിത എന്നിവരാണ് പരമ്പരയിൽനിന്ന് പിന്മാറിയത്. ഇതിനു പുറമെ ഇംഗ്ലണ്ടിൽ പോയ ബയോ സെക്യുർ ബബ്ൾ ലംഘിച്ച് വിവാദത്തിൽ ചാടിയ കുശാൽ മെൻഡിസ്, നിരോഷൻ ഡിക്‌വല്ല, ധനുഷ്ക ഗുണതിലക എന്നിവരും വിലക്കിന്റെ വക്കിലായതിനാൽ ഇന്ത്യയ്‌ക്കെതിരെ കളിക്കാൻ സാധ്യത വിരളമാണ്.

English Summary: Sri Lankan selectors could pick second-string side for India series due to contract dispute with players

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA